ജില്ലാ വാർത്ത

പാതി വില തട്ടിപ്പ്: ആനന്ദകുമാര്‍ പൊലീസ് കസ്റ്റഡിയില്‍; ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ

തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ എന്‍ ആനന്ദകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആനന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയാണ് നടപടി. തിരുവനന്തപുരം ശാസ്തമംഗലത്തെ വീട്ടിലെത്തിയാണ് ആനന്ദകുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.

ആനന്ദകുമാറിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണു ക്രൈംബ്രാഞ്ച് പറയുന്നത്.ആനന്ദകുമാര്‍ ദേശീയ ചെയര്‍മാന്‍ ആയ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ വഴിയാണ് തട്ടിപ്പു നടന്നിരിക്കുന്നതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. അതേസമയം, കസ്റ്റഡിയില്‍ എടുത്തതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആനന്ദ കുമാറിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. കാർഡിയോളജി വിഭാഗം ഐസിയുവിലാണ് ആനന്ദ്കുമാറിനെ അഡ്മിറ്റ് ചെയ്തത്.

പാതിവില തട്ടിപ്പില്‍ കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആനന്ദ കുമാറിനെ പ്രതി ചേര്‍ത്തിരുന്നു. കണ്ണൂര്‍ സീഡ് സൊസൈറ്റി സെക്രട്ടറി എ. മോഹനന്‍ നല്‍കിയ പരാതിയിലാണ് ആനന്ദകുമാര്‍ അടക്കം ഏഴുപേരെ പ്രതികളാക്കി പൊലീസ് കേസെടുത്തത്. വിശ്വാസവഞ്ചന, ചതി എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

Leave A Comment