രഞ്ജിത്തും പ്രസിനിയും: പ്രണയ തപസ്സിന്റെ പതിറ്റാണ്ട്
അങ്ങനെ ഞങ്ങൾ പ്രണയിച്ചു.
പരസ്‌പരം കാണാതെ
മിണ്ടാതെ
ഒരുമിച്ചിരുന്ന് ചായ കുടിക്കാതെ
ഒരുമിച്ചിരുന്ന് സിനിമ കാണാതെ
ഞങ്ങൾ പ്രണയിച്ചു
സഹപാഠികളായിരുന്നവർ .കൂട്ടുകാരായിരുന്നവർ. പിരിയുന്നതിനേക്കാൾ നല്ലത് ഒന്നിക്കുകയാണെന്ന് തീരുമാനിച്ച് പ്രണയിച്ചവർ. അനുരാഗ വീഥിയിൽ ജാതിയുടെയും അവഗണനയുടെയും അഗ്നിപരീക്ഷകൾ ഏറ്റു വാങ്ങിവയവർ . കാണാൻ പോലും കഴിയാതെ നീണ്ട അഞ്ചു വർഷങ്ങൾ സഹിച്ചും പിടിച്ചു നിന്നും കാത്തിരുന്നവർ
കഥ പോലും തോറ്റു പോകുന്ന പ്രണയാനുഭവമാണ് രഞ്ജി ത്തിന്റെയും പ്രസിനിയുടെയും ജീവിതത്തിൽ അരങ്ങേറിയത്.
ഒരു സംവാദം
പാലക്കാട് ജില്ലയിലെ പെരുമാട്ടി പഞ്ചായത്തിലെ വിളയോടിയാണ് രഞ്ജി ത്തിന്റെ ജന്മസ്ഥലം. പുരോഗമന ചിന്താഗതിക്കാരുടെയും നാടക പ്രവർത്തകരുടെയും ഒരു നാടായിരുന്നു വിളയോടി . ഈ അന്തരീക്ഷത്തിൽ നിന്നാണ് 2004 -ൽ രഞ്ജിത്ത് പുതു നഗരം ഉദയം കോളേജിൽ ഡിഗ്രിക്കു ചേരുന്നത്. ചരിത്രമായിരുന്നു ഇഷ്ടമെങ്കിലും കൂട്ടുകാരെല്ലാം എക്കണോമിക്സിനു ചേർന്നതുകൊണ്ട് രഞ്ജി ത്ത്തും അതു തന്നെ തെരഞ്ഞെടുത്തു.

കോളജിലെത്തിയ അന്നത്തെ ദിവസത്തിനും എന്തെങ്കിലും പ്രത്യേകതയുള്ളതായി രഞ്ജി ത്തിന് തോന്നിയില്ല. എങ്കിലും പതിവിനു വിപരീതമായി മഴ കോരിചൊരിഞ്ഞു കൊണ്ടിരുന്നു.ഓലമേഞ്ഞ ക്ലാസ്സു മുറിയായതു കൊണ്ട് മഴത്തുള്ളികൾ ഓലപ്പഴുതിലൂടെ ഏന്തി വലിഞ് നോക്കുന്നുമുണ്ടായിരുന്നു. ക്ലാസ്സിലെത്തിയ അധ്യാപകന് ആ അന്തരീക്ഷത്തിൽ മറ്റൊരാശയമാണ് തോന്നിയത്. പാഠഭാഗമെടുക്കുന്നതിനു പകരം അദ്ദേഹം ഒരു സംവാദത്തിന് തയാറാകാൻ വിദ്യാർത്ഥികളോടാവശ്യപ്പെട്ടു. വിഷയവും അദ്ദേഹം പറഞ്ഞു. സ്ത്രീ പുരുഷ സമത്വം.
ആദ്യം ആൺകുട്ടികളുടെ ഊഴമായിരുന്നു. അല്പനേരത്തെ മൗനത്തിനു ശേഷം രഞ്ജി ത്ത് എഴുന്നേറ്റു. എല്ലാ കണ്ണുകളും കാതുകളും രഞ്ജിത്തിനു നേരെ തിരിഞ്ഞു. താൻ അ റിഞ്ഞതും വായിച്ചതുമായ കാര്യങ്ങൾ ഒരു വിധം പറഞ്ഞൊപ്പിച്ചു. ആൺകുട്ടികളിൽ വേറെ യാരും സംസാരിക്കാൻ തയാറാകാത്തതിനാൽ ഒട്ടൊരു അഭിമാന ബോധത്തിൽ രഞ്ജിത്ത് സീറ്റിലിരുന്നു.

പെട്ടെന്ന് പെൺകുട്ടികളുടെ ഭാഗത്ത് നിന്നും ഒരു കുട്ടി എഴുന്നേറ്റു. നിന്ന് സംസാരിച്ചു. കൃത്യമായും കണിശമായും കാര്യങ്ങളെ വിശകലനം ചെയ്ത ആ പെൺകുട്ടി രഞ്ജിത്തിൻ്റെ പ്രസംഗത്തിലെ യാഥാസ്ഥിതിക മനോഭാവത്തെ വിമർശിക്കുകയും ചെയ്തു. അന്ന് വരെ പെൺകുട്ടികളുടെ ഭാഗത്തു നിന്നും ആരും അത്രയും കൃത്യമായും വ്യക്തമായും സംസാരിച്ചിട്ടില്ലെന്ന് രഞ്ജിത്ത് മനസ്സിലാക്കി. ഒപ്പം ആ പെൺകുട്ടി ചൂണ്ടിക്കാണിച്ച തന്റെ പ്രസംഗത്തിലെ പൊട്ടത്തരവും. ആ പെൺകുട്ടിയുടെ പേരായിരുന്നു പ്രസിനി
സൗഹൃദത്തിന്റെ സഞ്ചാര പാതകൾ
അന്നുമുതൽ രഞ്ജിത്തും പ്രസിനിയും നല്ല കൂട്ടുകാരായി. പരന്ന വായന ശീലമുണ്ടായിരുന്ന പ്രസിനിയുടെ വീട് പാലക്കാട് ജില്ലയിലെ തന്നെ പെരുവെമ്പിലായിരുന്നു . വിഷയം, ആത്മീയതയായാലും വിപ്ലവമായാലും പ്രസിനിക്ക് ഉത്തരം മുട്ടാറില്ല . വായനയുടെയും ചർച്ചയുടെയും നാളുകളിലൂടെ കോളജ് ദിനങ്ങൾ കടന്നു പോയി. അവരുടെ പരസ്‌പരമുള്ള അടുപ്പം കണ്ടു കൂട്ടുകാർ പറഞ്ഞു.
ഭാര്യയും ഭർത്താവുമായിരുന്നെങ്കിൽ മൂന്നു നേരം ഒരു പുസ്തകം തന്നാൽ മതിയായിരുന്നു നിങ്ങൾക്ക് വിശപ്പടക്കാൻ
തമാശയാണെങ്കിലും അതിൽ കാര്യവുമുണ്ടായിരുന്നു. അവരുടെ സൗഹൃദത്തിൽ പലരും പ്രണയം ആരോപിച്ചു. പക്ഷെ അവർക്കു മാത്രം അറിയാവുന്ന ഒരു രഹസ്യമുണ്ടായിരുന്നു. അവർ നല്ല കൂട്ടുകാർ മാത്രമാണെന്ന് . അവരുടെ സഞ്ചാര പഥത്തിൽ സൗഹൃദത്തിന്റെ ശംഖു പുഷ്പങ്ങളാണ് വിരിഞ്ഞു നിൽക്കുന്നതെന്ന്
അസാന്നിധ്യത്തിലെ നൊമ്പരം
ബിരുദം കഴിഞ്ഞതോടെ ഇരുവരും ഇരുവഴിക്കു പിരിഞ്ഞു. ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും വന്യമായ അനുഭവങ്ങൾ ഒരേ സമയം ഇരുവരെയും വേട്ടയാടി. ആ നോവിന്റെ അമരത്തിരുന്ന് അവരിരുവർക്കും സ്വയം ബോധ്യപ്പെട്ടു. കാണാതിരിക്കാനാവില്ലെന്ന് .അകന്നു നിന്ന് നോവ് തിന്നുന്നതിനു പകരം പ്രണയിക്കാമെന്ന് .അന്നത്തെ അവസ്ഥയെക്കുറിച്ച് രഞ്ജിത്ത് പറയുന്നത് ഇപ്രകാരമാണ്.

പരസ്‌പരം കാണാതായപ്പോഴാണ് ഞങ്ങൾ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു എന്ന് മനസ്സിലാക്കിയത്. പിന്നീട് സൗഹൃദത്തിനും അപ്പുറമുള്ള ഒരു ഇഷ്ടത്തിലേക്ക് വഴിമാറി. അങ്ങനെ ഞങ്ങൾ പ്രണയിച്ചു. പരസ്‌പരം കാണാതെ മിണ്ടാതെ ,ഒരുമിച്ചിരുന്ന് ചായ കുടിക്കാതെ ഒരുമിച്ചിരുന്ന് സിനിമ കാണാതെ ഞങ്ങൾ പ്രണയിച്ചു.
സ്വന്തമായി മൊബൈൽ ഫോൺ ഇല്ലാതിരുന്ന കാലം. അയൽപക്കത്തെ ലാൻഡ് ഫോണിന്റെ മണിയടിയൊച്ചക്ക് കാതോർത്തിരുന്നുകൊണ്ട് പ്രണയത്തിന്റെ സുഖവും വേദനയും നുകർന്നു . അകലമാണ് അടുപ്പത്തിന്റെ ആഴവും പരപ്പും നിശ്ചയിക്കുന്നതെന്ന സത്യം അന്ന് ഞാൻ തിരിച്ചറിഞ്ഞു.
വിഷാദം കൊണ്ട വിലക്കുകൾ
സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്ക് വഴി മാറിയ രഞ്ജിത്തിന്റെയും പ്രസിനിയുടെയും സ്വപ്നങ്ങൾക്ക് നിറവും മണവും കലർന്നു . ഏതോ ജന്മാന്തര ബന്ധത്തിന്റെ ഇഴയടുപ്പം അവർ പരസ്‌പരം തിരിച്ചറിഞ്ഞു
പക്ഷെ ആ സന്തോഷവും ആഹ്ളാദവും അധിക കാലം നീണ്ടു നിന്നില്ല. അവരുടെ പ്രണയം പ്രസിനിയുടെ വീട്ടിലറിഞ്ഞു. അവർക്ക് മറ്റു കാര്യങ്ങളിലൊന്നും എതിർപ്പുണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് ,ഒരു കാര്യത്തിലായിരുന്നു. ജാതി, ഇരുവരും ഭിന്ന ജാതികളായിരുന്നത് പ്രസിനിയുടെ വീട്ടുകാർക്ക് അംഗീകരിക്കാനായില്ല.
സ്വപ്നങ്ങളും പ്രതീക്ഷകളും ഒലിച്ചു പോകുന്നതായി തോന്നി രഞ്ജിത്തിന് . സംഘർഷ ഭരിതമായ ദിവസങ്ങൾ കടന്നു പോയി. ആ കാലത്തിന്റെ യാതന പർവ്വത്തെക്കുറിച്ച് രഞ്ജിത്ത് പറയുന്നു.
പെറ്റു പോറ്റിയവരുടെ കണ്ണീരിന് മുൻപിൽ പലപ്പോഴായി എല്ലാം ഞങ്ങൾ അവസാനിപ്പിച്ചതാണ്. പിന്നീട് പ്രശ്നങ്ങൾ തീരുമ്പോൾ കണ്ണീര് തോരുമ്പോൾ വീണ്ടും പ്രണയം മുളച്ചു വരും. ഒരു പക്ഷെ അവരുടെ കണ്ണീരിൽ നിന്നാണ് ഞങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും പൊട്ടി മുളക്കുന്നതെന്ന തിരിച്ചറിവ് ഞങ്ങളെ വല്ലാതെ വേദനിപ്പിച്ചു. ഇത്രയും കാലം നോക്കി വളർത്തിയ അച്ഛനമ്മമാരെ ഇട്ടെറിഞ്ഞു വരാൻ അവൾ തയ്യാറല്ലായിരുന്നു. അവരുടെ സമ്മതമില്ലാതെ അവളെ കൊണ്ട് വരൻ ഞാനും തയ്യാറല്ലായിരുന്നു.
അച്ഛന്റെയും സഹോദരന്റെയും പിന്തുണ
പ്രണയത്തിന്റെ കണ്ണീരും നോവും അനുഭവിച്ചു കൊണ്ടിരിക്കുന്ന ആ സമയത്താണ് രഞ്ജിത്ത് തന്റെയുള്ളിലെ തീരുമാനം അച്ഛനെ അറിയിക്കുന്നത്. തികച്ചും പുരോഗമന ചിന്താഗതിക്കാരനായിരുന്നെങ്കിലും തൻ്റെ ചിതാഗതി എപ്രകാരം അച്ഛൻ സ്വീകരിക്കും എന്നൊരാശങ്ക രഞ്ജിത്തിനെ വേട്ടയാടിയിരുന്നു. പത്രം വായിച്ചു കൊണ്ടിരുന്ന അച്ഛന് സമീപമെത്തി രഞ്ജിത്ത് പറഞ്ഞു.
"അച്ഛാ .."
"ങ്ങും..."
പത്രത്തിൽ നിന്നും മുഖമുയർത്താതെ അച്ഛനൊന്നു മൂളി.
"എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു".
പതിവില്ലാത്ത തരത്തിൽ മുഖവുരയുടെ നിൽക്കുന്ന മകന്റെ മുഖത്തേക്ക് അച്ഛൻ സംശയത്തോടെ നോക്കി.
"എന്റെ കൂടെ പഠിച്ച ഒരു കുട്ടിയെ എനിക്കിഷ്ടമാണ്"
ഒന്നും മറുപടി പറയാതെ അച്ഛൻ പത്രത്തിൽ തന്നെ ശ്രദ്ധിച്ചു.
"അവളെ എനിക്ക് വിവാഹം കഴിക്കണമെന്നുണ്ട് പക്ഷെ ..
അർധോശക്തിയിൽ നിർത്തിയ മകന്റെ മുഖത്തേക്ക് അച്ഛൻ ഒന്നു കൂടി നോക്കി
"അവൾ മറ്റൊരു ജാതിയാണ്".
ഇതുവരെയും അച്ഛൻ ജാതിയെക്കുറിച്ച് ഞങ്ങളോട് സംസാരിച്ചിട്ടില്ല.
വീട്ടിൽ ജാതിയുമായി ബന്ധപ്പെട്ടു കൊണ്ടുള്ള യാതൊരു സംസാരവും ഉണ്ടായിട്ടുമില്ല.
"അതുകൊണ്ട് വേറെ ജാതിയിലാണ് അവൾ എന്നതിനാൽ ഈ കല്യാണത്തിന് അച്ഛൻ എതിര് നിൽക്കില്ലെന്നാണ് ഞാൻ കരുതുന്നത്".
രഞ്ജിത്തിന്റെ വാക്ക് കേട്ട് അച്ഛനൊന്ന് അമർത്തി മൂളി. അത് സമ്മതത്തിൻ്റെ മൂളലായിരുന്നുവെന്ന് തിരിച്ചറിയാൻ രഞ്ജിത്തിന് കഴിയുകയും ചെയ്തു. സഹോദരനോടും രഞ്ജിത്ത് തൻ്റെ മനസ്സ് തുറന്നു.അവിടെയും എതിർപ്പുണ്ടായില്ല. പക്ഷെ അപ്പോഴും പ്രസിനിയുടെ വീട്ടുകാരുടെ സമ്മതം ഉണ്ടായിരുന്നില്ല.
കാണാതെ ,മിണ്ടാതെ അഞ്ച് വർഷങ്ങൾ
പ്രസിനിയുടെ വീട്ടിൽ ഇതിനിടക്ക് നിരവധി പ്രശ്നങ്ങൾ അരങ്ങേറി.പിന്നീട് കാണാനോ മിണ്ടാനോ കഴിഞ്ഞില്ല . 2011 മുതൽ 2015 വരെ നീണ്ട അഞ്ചു വർഷങ്ങൾ പരസ്‌പരം കാണാതെയും മിണ്ടാതെയും കാലം കടന്നു പോയി. രണ്ടു പേരും കല്യാണം കഴിച്ചിട്ടുണ്ടാകുമെന്ന് പോലും സംശയിക്കാവുന്ന അകലമുണ്ടായിരുന്നു ആ പിരിഞ്ഞു നിൽക്കലിന് .
എന്നാൽ പ്രസിനിയില്ലെങ്കിൽ തനിക്കൊരു വിവാഹമേ വേണ്ടെന്ന് രഞ്ജിത്തും രഞ്ജിത്തില്ലെങ്കിൽ വിവാഹം വേണ്ടെന്ന് പ്രസിനിയും തീരുമാനിച്ചിരുന്നു. ഈ തീരുമാനം പക്ഷെ ഇരുവരും പരസ്‌പരം അറിയുമായിരുന്നുമില്ല
കാണുകയും മിണ്ടുകയും ചെയ്തില്ലെങ്കിലും പ്രസിനിയുടെ മനസ്സിൽ രഞ്ചിത്തിനെക്കുറിച്ച് തികഞ്ഞ വിശ്വാസമായിരുന്നു.തങ്ങളുടെ സ്നേഹത്തിന്റെ ദൃഢതയെക്കുറിച്ച് പ്രസിനി പറയുന്നു.

രഞ്ജിത്തിനെ താൻ കാണുന്നത് മുതൽ അദ്ദേഹം പ്ലാച്ചിമട സമരസമിതി അംഗമായിരുന്നു. എന്നു മാത്രമല്ല സമൂഹത്തിനു ഗുണകരമാകുന്ന നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു. വായനയും ലോക വീക്ഷണവും രഞ്ജിത്തിൻ്റെ ഗുണഗണങ്ങളായിരുന്നു. എൻ്റെ കാഴ്ചപ്പാടിൽ പ്രണയിക്കാൻ ജീവിതത്തിൽ സഹയാത്രികനായുള്ള യോഗ്യത അദ്ദേഹത്തിനുണ്ടായിരുന്നു.
സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പരസ്‌പര ബന്ധത്തിൽ അവർ കാത്തിരുന്നു. വിളിച്ചിറക്കാനുള്ള തന്റേടം രഞ്ജിത്തിനുണ്ടായിരുന്നെങ്കിലും ഇറങ്ങിപ്പോകാനുള്ള ആർജ്ജവം പ്രസിനിക്കുണ്ടായിരുന്നെങ്കിലും അവരത് ചെയ്തിരുന്നില്ല അതിനു കാരണം ഒന്നേയുണ്ടായിരുന്നുള്ളൂ. വീട്ടുകാരുടെ ശാപവാക്കുകൾ കേൾപ്പിക്കരുത് എന്നതു മാത്രം .എന്നെങ്കിലും എവിടെ വെച്ചെങ്കിലും കണ്ടുമുട്ടാനുള്ള വിശ്വാസമായിരുന്നു ഇരുവർക്കും
പട്ടിണിയെന്ന വ്രതം
ഇതിനിടയിൽ പ്രസിനി ബിഎഡ് എടുത്തു. വീട്ടുകാർ നിരവധി വിവലോചനകൾ കൊണ്ട് വന്നു. അതിനെല്ലാം ഓരോ കാരണങ്ങൾ പറഞ്ഞ് മുടക്കാനാവാത്ത സാഹചര്യമുണ്ടായാൽ താൻ കീഴടങ്ങിപ്പോകും എന്ന അവസ്ഥയെ പ്രസിനിക്ക് സങ്കൽപ്പിക്കാൻ സാധിക്കുമായിരുന്നില്ല. അതിനു പ്രസിനി ഒരു വിദ്യ അവലംബിച്ചു.പട്ടിണി കിടക്കുക,ശരീരം മെലിയുക ,അതേക്കുറിച്ച് പ്രസിനി പറയുന്നു
എന്തു വന്നാലും രഞ്ജിത്തിനെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്ന് ഞാൻ തീരുമാനിച്ചിരുന്നു. ഇനി അഥവാ വിവാഹം നടക്കില്ലെങ്കിൽ വിവാഹമേ വേണ്ട എന്നായിരുന്നു എൻ്റെ തീരുമാനം.വിവാഹം കഴിക്കാതെയും ആളുകൾ ജീവിക്കുന്നുണ്ടല്ലോ .എന്നാൽ വീട്ടുകാർ കൊണ്ട് വരുന്ന വിവാഹാലോചനകളിൽ നിന്നും രക്ഷപ്പെടാൻ ഒരു വഴിയേ എന്റെ മുന്നിൽ ഉണ്ടായിരുന്നുള്ളൂ .പട്ടിണി കിടന്ന് ശരീരം ശോഷിപ്പിക്കുക,
അങ്ങനെ ഞാൻ ഭക്ഷണം കുറച്ചു.കുറച്ചു എന്നല്ല ജീവൻ നിലനിർത്താനുള്ളതു മാത്രം കഴിച്ചു. പോഷകാഹാരങ്ങൾ ഒഴിവാക്കി. ക്രമേണ എന്റെ ശരീരം ക്ഷീണിക്കാൻ തുടങ്ങി. കോലം കണ്ട് ഒന്ന് രണ്ട് ആലോചനകൾ താനേ മടങ്ങിപ്പോയി.
പ്രണയ തപസ്സിന്റെ പതിറ്റാണ്ട്
സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും ഒരു പതിറ്റാണ്ട് പിന്നിട്ട് കാലം 2015 ലെത്തി വിവാഹത്തിന് വീട്ടുകാർക്ക് സമ്മതം മൂളേണ്ടി വന്നു. 2015 ഒക്ടോബർ 26 ന് ഗുരുവായൂരപ്പന്റെ സന്നിധിയിൽ വച്ച് രഞ്ജിത്തിന്റെയും പ്രസിനിയുടെയും പ്രണയം സഫലമായി. ആ നിമിഷത്തെക്കുറിച്ച് രഞ്ജിത്ത് പറയുന്നു.
ഒരു സ്വപ്നം പോലെയാണ് ഞങ്ങളിരുവരും കണ്ടത്. അന്നേക്ക് അഞ്ചു വര്ഷം കഴിഞ്ഞിരുന്നു. ഞങ്ങൾ കാണുകയോ മിണ്ടുകയോ ചെയ്തിട്ട്. ജീവിച്ചിരിക്കുന്നുണ്ടോ,മരിച്ചിട്ടുണ്ടോ വിവാഹം കഴിഞ്ഞിട്ടുണ്ടോ എന്ന് പോലും പരസ്‌പരം അറിയാത്ത അവസ്ഥ. ആ അവസ്ഥയെ തരണം ചെയ്തത് തീർച്ചയായും പ്രണയത്തിലുള്ള വിശ്വാസം ഒന്നു കൊണ്ട് മാത്രമാണ്.

ഇടക്കു കയറി പ്രസിനി പറഞ്ഞു.
"മനുഷ്യർക്ക് പരസ്‌പരം അവിശ്വസിക്കാൻ അധികസമയമൊന്നും വേണ്ട. ആണ് ചതിയനാണ്.പെണ്ണ് ചതിക്കുന്നവളാണ് എന്നൊക്കെയാണ് പ്രണയിക്കുന്നവരിൽ നിന്ന് അധികവും കേൾക്കുന്നത്.സ്നേഹിച്ച പെണ്ണിന് അവളുടെ വ്യക്തി ജീവിതത്തിൽ വന്നു ഭാവിക്കുന്ന ബുദ്ധിമുട്ടുകൾ കാരണം ചിലപ്പോൾ മൗനിയായിത്തീരേണ്ടി വന്നിട്ടുണ്ടാകാം. അത് പ്രതികരമായെടുത്ത് മണ്ണെണ്ണയും ആസിഡും തോക്കുമായി ചെന്ന് അതുവരെ സ്നേഹിച്ചവളെ കൊല്ലാക്കൊല ചെയ്യുന്നതിന്റെ മനഃശാസ്ത്രം ഇത് വരെ ഞങ്ങൾക്ക് മനസ്സിലായിട്ടില്ല. അതൊക്കെ തീരെ അപക്വമായ മനസിന്റെ ചാപല്യങ്ങളായി മാത്രമേ തോന്നിയിട്ടുള്ളൂ".
ജാതി വേണ്ട
ഇന്ന് പ്രസിനിയുടെ വീട്ടുകാർക്ക് രഞ്ജിത്ത് ഒരു മരുമകനല്ല. മകൻ തന്നെയാണ് . ഒരു സിനിമാക്കഥയുടെ സംഘർഷത്തിനും പരിണാമത്തിനും അവരുടെ ജീവിതം സാക്ഷ്യം വഹിച്ചു. അവരുടെ ദാമ്പത്യവല്ലരിയിൽ രണ്ടു പൂവുകൾ വിരിഞ്ഞു. മകൾ ലക്ഷ്മിഭായിയും മകൻ ഭഗതും .അവരുടെ ജനന സർട്ടിഫിക്കറ്റിൽ ജാതി രേഖപ്പെടുത്തിയിട്ടില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ജാതിരഹിതരായ ആളുകളുടെ ഒരു കൂട്ടായ്മക്ക് ശ്രമിക്കുകയാണ് രഞ്ജിതും പ്രസിനിയും
Leave A Comment