ബീനാ കണ്ണന്റെ ജീവിത വിജയത്തിലൂടെ
വഴിത്തിരിവുകൾ
ബീന കണ്ണൻ എന്ന പേരു കേട്ടാൽ ഉടൻ മനസ്സിലേക്കു വരുന്നത് ശീമാട്ടിയാണ്. അതുപോലെ ശീമാട്ടിഎന്ന് കേട്ടാൽ മനസ്സിൽ തെളിയുന്ന ചിത്രം ബീന കണ്ണന്റേതായിരിക്കും. ബീനയും ശീമാട്ടിയും തമ്മിലുള്ള ഈ പരസ്‌പര പൂരകത്വം സ്വയംഭൂവായി ഉണ്ടായതല്ല. പതിറ്റാണ്ടുകൾ നീണ്ട പ്രയത്നത്തിന്റെയും പഠനത്തിന്റെയും സമർപ്പണത്തിന്റെയും കരുതലിന്റെയും ഫലമാണത്. യുവ സംരംഭകർക്ക് എക്കാലത്തെയും മാതൃകയായ ബീന സ്വന്തം കഥ പറയുമ്പോൾ മുന്നിൽ തെളിയുന്നത് ജീവിതത്തിന്റെ നാനാർത്ഥങ്ങൾ .
ചെടികളോടും പൂക്കളോടും ഒരുപാടിഷ്ടമായിരുന്നു
അച്ഛന്റെയും അമ്മയുടെയും ഒറ്റപുത്രിയായിരുന്നു ഞാൻ. ജനിച്ചതും വളർന്നതും കോട്ടയത്ത്. അച്ഛൻ തിരുവെങ്കട ത്തിന് തുണിക്കടയായിരുന്നു. വീട്ടിൽ ഒറ്റയ്ക്കായത് കൊണ്ട് സ്‌കൂളിൽ കൂട്ടുകാരികൾക്കൊപ്പമുള്ള കൂട്ടായ്മ വല്ലാത്ത സന്തോഷം പകർന്നിരുന്നു. ഇന്റർവെല്ലാകാൻ ഞാൻ കാത്തിരിക്കും. എല്ലാവരും കൂടി പലതരം കളികളിൽ ഏർപ്പെടും. പിന്നെ അമ്പലത്തിൽ പോയി തൃമധുരം വാങ്ങിക്കഴിക്കും. അതൊക്കെയാണ് കൊച്ചു കൊച്ചു സന്തോഷങ്ങൾ.

ചെടികളോടും പൂക്കളോടും എനിക്ക് ഒരുപാടിഷ്ടമായിരുന്നു. വീട്ടിൽ ഒരു പൂന്തോട്ടം ഉണ്ടാക്കി. ഗാർഡനിങ്ങിന് സമ്മാനവും വാങ്ങിയിട്ടുണ്ട്. പൂക്കളോടുള്ള എൻറെ ഇഷ്ടം കണ്ട് റോസാ പൂന്തോട്ടം തന്നെ ഉണ്ടാക്കി തന്നു. എന്നും പൂ ചൂ ടിയേ സ്‌കൂളിൽ പോകൂ. ചിട്ടയായ പഠിത്തം. ക്ലാസ്സിൽ ഒന്നാം സ്ഥാനം അല്ലെങ്കിൽ രണ്ടാം സ്ഥാനം ഉറപ്പായിരുന്നു. അച്ഛനും അമ്മയും പല ആവശ്യങ്ങൾക്കായി പുറത്ത് പോകും. ചിലപ്പോൾ ദിവസങ്ങൾ കഴിഞ്ഞാണ് വരിക. ആ ഇരു നില വീട്ടിൽ വന്നു പോകുന്നജോലിക്കാരല്ലാതെ ആരുമുണ്ടാകില്ല. അന്നേ തനിച്ച് ജീവിക്കാൻ ശീലിച്ചു.

പത്താം തരം ഉയർന്ന മാർക്കോടെ ജയിച്ചു. സയൻസ് ഗ്രൂപ്പിനോടായിരുന്നു താല്പര്യം. ബിഷപ്പ് ചൂളപ്പറമ്പിൽ മെമ്മോറിയൽ കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നു പഠിച്ചു. ആഴ്ചാവസാനം ആർട്ട് സൊസൈറ്റി നടത്തുന്ന പല പരിപാടികളും കോട്ടയത്തുണ്ടാകും. എസ്.പി.ബാലസുബ്രമണ്യം, യേശുദാസ്, കുന്നക്കുടി വൈദ്യ നാഥൻ തുടങ്ങിയവരുടെ സംഗീതപരിപാടികൾ, നാടകങ്ങൾ തുടങ്ങിയ പ്രോഗ്രാമുകളൊക്കെ അച്ഛനോടും അമ്മയോടുമൊപ്പം ചെന്ന് കാണും.
ആദ്യമായി മൈ സെൽഫ് എന്ന പേരിൽ വ്യാപാരം തുടങ്ങി
ഡിഗ്രി പൂർത്തിയാക്കി എം എസ് സിക്ക് ചേരണമെന്ന് പറഞ്ഞപ്പോൾ അച്ഛന്റെ ചോദ്യം ഉടൻ വന്നു. ടീച്ചറാകാൻ ഉദ്ദേശ്യമുണ്ടോ ഇല്ല എന്ന മറുപടി കേട്ടതും പറഞ്ഞു. പിന്നെന്തിന് വേറൊരു കുട്ടിയുടെ സീറ്റ് നീ നഷ്ടപ്പെടുത്തണം. എന്നാൽ മെഡിസിനു പഠിക്കട്ടെ. വേണ്ട അതൊരുപാട് പഠിക്കേണ്ടി വരും.
ചുരുക്കിപ്പറഞ്ഞാൽ തുടർന്നു പഠിച്ചിട്ടില്ല. എന്ന് സാരം. എന്നാൽ ഞാൻ അച്ഛന്റെ കൂടെ കടയിലേക്കു വരട്ടെ എന്ന ചോദ്യത്തിന് വന്നോളാനും പറഞ്ഞു. എന്നെ കെട്ടാൻ പോകുന്ന മുറച്ചെറുക്കൻ കണ്ണന്റെ അനുവാദവും വാങ്ങി അടുത്ത നാൾ ഞാൻ അച്ചന്റെ കൂടെ ശീമാട്ടിയിൽ എത്തി.

ആദ്യം എന്ത് ചെയ്യണമെന്ന് നിശ്‌ചയമില്ലായിരുന്നു. കാരണം വേറെ വരുമാനമൊന്നുമില്ല. എങ്കിലും ഒരു തീം ഉണ്ടാക്കി പുതിയ പ്രോജക്ട് തുടങ്ങി. പണം തികയാതെ വരുമ്പോൾ നിർത്തും. കുരുവി കൂട്ടി വയ്ക്കുന്നത് പോലെ ചേർത്ത് വച്ച് വീണ്ടും തുടരും. ഓരോ ചുവടും വളരെ സൂക്ഷിച്ചാണ് മുമ്പോട്ടു വച്ചത്. എല്ലാത്തിനും അച്ഛന്റെയും കണ്ണന്റെയും പൂർണ്ണ പിന്തുണ ഉണ്ടായിരുന്നു. അങ്ങനെ കോട്ടയത്ത് ആദ്യമായി മൈ സെൽഫ് എന്ന പേരിൽ വ്യാപാരം തുടങ്ങി. 130 രൂപ മുതലുള്ള ചുരിദാറുകളും മറ്റ് തുണിത്തരങ്ങളുമായിരുന്നു. ഉണ്ടായിരുന്നത്. പുതിയ ഫാഷനിലുള്ളവ. ചിലത് കസ്റ്റമേഴ്‌സിന് ഇഷ്ടപ്പെടില്ല. മാറി മാറി പരീക്ഷണങ്ങൾ നടത്തി. പിന്നെ മെൻസ് വെയറിന് തുടക്കമിട്ടു. ഇതിനിടയിൽ വിവാഹം കഴിഞ്ഞു. 1996 മുതൽ ഞാൻ കൊച്ചി ഷോറൂമിൽ സജീവമായി.

കോട്ടൺ സാരി വച്ചായിരുന്നു ആദ്യ പരീക്ഷണം. വിജയിച്ചപ്പോൾ പല തരത്തിലുള്ള സാരികൾ കസ്റ്റമേഴ്‌സിന്റെ ഇഷ്ടമനുസരിച്ച് കടയിൽ വരുത്തി. ഉദാഹരണത്തിന് തമിഴ് നാട്ടിലെ ആളുകൾ ഇഷ്ടപ്പെടുന്ന പട്ടുസാരി കേരളീയർ ഇഷ്ടപ്പെടില്ല. കൂടിയ കസവും കടുത്ത നിറങ്ങളും തന്നെ കാരണം. നിറത്തിലും കസവിലും വർക്കിലും ഇപ്പോഴും പുതുമ വേണം. അതിനായി ഇന്ത്യ മൊത്തം സഞ്ചരിച്ചു.
പത്തു വർഷത്തോളം തനിച്ചായിരുന്നു യാത്ര. രാത്രി നെയ്ത്തുകാരുടെ വീട്ടിൽ താമസിക്കും. പകൽ മുഴുവൻ അന്വേഷണം. അങ്ങനെ കസ്റ്റമേഴ്‌സിന് പ്രിയപ്പെട്ട സാരികൾ ശീമാട്ടിയിൽ എപ്പോഴും എത്തിത്തുടങ്ങി.
ഒറ്റപ്പെടലിലും തളരാതെ
2000 -ൽ ഭർത്താവ് കണ്ണൻ മരിച്ചു. 12 വർഷം അർബുദവുമായി മല്ലിടുകയായിരുന്നു. ആർക്കും അറിയില്ല. ആരെയും അറിയിച്ചില്ല. തളരാതിരിക്കാൻ ധൈര്യം പകർന്ന് കൂടെ നിന്നു. അന്നേ മനസ്സിൽ തോന്നിയിരുന്നു. ഈ യുദ്ധത്തിൽ എന്നെങ്കിലും കീഴടങ്ങേണ്ടി വരും. ഒറ്റയ്ക്കാവും എന്ന്. ഉത്തരവാദിത്വങ്ങൾ കൂടിയപ്പോൾ പർച്ചേസിന് ടീമിനെ നിയമിച്ചു. ഇന്ന് എട്ടു ടീമുകളുണ്ട്. കൂടെ ഞാനും. എട്ടു സംസ്‌ഥാനങ്ങളിലേക്കാണ് അവർ വെറൈറ്റി അന്വേഷിച്ച് യാത്ര തിരിക്കുക. ചൈനയിലേക്കു വരെ പോയിട്ടുണ്ട്. നമ്പർ വൺ ഡിസൈനുകളും ക്വളിറ്റിയും നിർബന്ധമാണ്. അത് ഇന്ന് വരെയും നില നിർത്തിയിട്ടുമുണ്ട്. ലോകത്തിന്റെ ഓരോ കോണിലും ശീമാട്ടിക്ക് കസ്റ്റമേഴ്‌സുണ്ട് എന്നതിൽ അഭിമാനമുണ്ട്.

സ്‌കൂൾ പഠനകാലത്ത് വയലിനും നൃത്തവും പഠിച്ചിരുന്നെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അടുത്ത കാലത്ത് വീണ്ടും നൃത്ത പഠനം പുനരാരംഭിച്ചു. എറണാകുളത്തും കോട്ടയത്തും പ്രോഗ്രാംസ് അവതരിപ്പിച്ചു. നീന്തലും യോഗയും കൂടി പഠിച്ചു. എന്നും വ്യായാമം ചെയ്യും. ശരീരത്തിന് ആരോഗ്യമുണ്ടെങ്കിലേ മനസ്സ് വിചാരിക്കുന്നത് പോലെ കാര്യങ്ങൾ നടത്താൻ കഴിയൂ. പ്രായത്തിന്റെ അവശതകൾ കാരണം കഴിഞ്ഞ ആറു വർഷമായി അച്ഛൻ എല്ലാറ്റിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. തുടർന്ന് അച്ഛനെ നഷ്ടമായി. എനിക്ക് മൂന്നു മക്കൾ. മകൾ ഡൽഹിയിൽ. രണ്ട് ആൺ മക്കൾ എന്തിനും കൂടെയുണ്ട്.

ഞാൻ ഏതു കാര്യത്തിനും അധികം സങ്കപ്പെടാറില്ല. സന്തോഷിക്കാറുമില്ല. എന്നെത്തന്നെ എൻ്റെ ജോലിയിൽ സമർപ്പിച്ചത് കൊണ്ട് ഇതുവരെ എത്താൻ കഴിഞ്ഞു. ഇനിയും അങ്ങനെ തന്നെ. ഇന്നത്തെ കാര്യം ഇന്ന്. നാളെയെക്കുറിച്ച് അധികം ആശങ്കപ്പെടാറില്ല. വരുന്നത് വരുന്നിടത്ത് വച്ച് നേരിടുക. മൂന്ന് ലിംക ബുക്ക് അവാർഡ് നേടി. ഗിന്നസ് ബുക്കിലും കയറിപ്പറ്റി. എനിക്ക് പറയാനുള്ളത് എന്ത് കാര്യത്തിനും സ്ത്രീകൾ മുമ്പോട്ടു വരണം എന്നാണു അവൾ കുടുംബത്തിന്റെ നേടും തൂണാണ്. ജീവിത പങ്കാളിയുടെ മാനസികമായ പിൻ തുണയുണ്ടെങ്കിൽ വിജയത്തിന് അത് ഏറെ സഹായകമാകും.
തയാറാക്കിയത് ഉമ ആനന്ദ്
Leave A Comment