നാഗസ്വരത്തിനായി ഉഴിഞ്ഞുവച്ച തിരുവിഴ ജയശങ്കറിന്റെ ജീവിതം
വഴിത്തിരിവുകൾ
ഇക്കഴിഞ്ഞ കൊല്ലത്ത് നടന്ന സ്കൂൾ യുവജനോത്സവത്തിൽ നാഗസ്വരം വിഭാഗത്തിൽ മത്സരിക്കാൻ ആളുണ്ടായില്ല എന്ന വാർത്ത ഏറ്റവുമധികം വേദനിപ്പിച്ചിരിക്കുക നാഗസ്വരത്തിനായി ജീവിതം ഉഴിഞ്ഞു വെച്ച തിരുവിഴ ജയശങ്കർ ആയിരിക്കും.
ഡോ: രാജേന്ദ്രപ്രസാദിൽ നിന്നും പുരസ്കാരം ലഭിച്ചു
ചേർത്തലക്കടുത്തുള്ള തിരുവിഴ എന്ന ഗ്രാമത്തിലാണ് ജയശങ്കറിന്റെ ജനനം.
പിന്നീട് ആ ഗ്രാമം വിശ്വപ്രസിദ്ധമായത് ജയശങ്കറിലൂടെയായിരുന്നു എന്നത് മറ്റൊരു കൗതുകം
കോട്ടയം തിരുനക്കര ക്ഷേത്രത്തിലെ നാഗസ്വര വിദ്വാനായിരുന്നെങ്കിലും മുത്തശ്ശനായിരുന്നു ജയശങ്കറിന്റെ ഗുരു. ഇന്റർമീഡിയറ്റിന് പഠിക്കുമ്പോൾ തന്നെ മത്സരങ്ങളിൽ കഴിവ് തെളിയിച്ചു. പിന്നീട് ആകാശവാണി നടത്തിയ മത്സരത്തിൽ ഒന്നാമതെത്തുകയും അന്നത്തെ ഇന്ത്യൻ രാഷ്ട്രപതിയായ ഡോ: രാജേന്ദ്രപ്രസാദിൽ നിന്നും പുരസ്കാരം വാങ്ങുകയും ചെയ്തു.

തൃപ്പുണിത്തുറ R LV യിൽ ഗാനഭൂഷണം ഒന്നാം ക്ളാസിൽ പാസായ ജയശങ്കർ ശെമ്മാങ്കുടിയുടെ ശിഷ്യനായാണ് ഗാന പ്രവീണ പൂർത്തിയാക്കിയത്. ആകാശവാണി നടത്തിയ മത്സരത്തിൽ ഉജ്വല വിജയം നേടിയത് ആകാശവാണിയിൽത്തന്നെ ജോലി ലഭിക്കാൻ ഇടയാക്കുകയും ചെയ്തു. മൂന്ന് പതിറ്റാണ്ടു കാലം പ്രോഗ്രാം അനൗൺസറായി
ജോലി ചെയ്തു. ജോലിയിലിരിക്കെത്തന്നെ ലീവെടുത്ത് ഇന്ത്യക്കകത്തും പുറത്തും ജയശങ്കർ കച്ചേരികൾ നടത്തിയിട്ടുണ്ട്. തമിഴ് നാട്ടിലെ അതിപ്രശസ്തനായ തവിൽ കലാകാരൻ വളയപ്പട്ടി സുബ്രഹ്മണ്യവുമൊത്ത് ജയശങ്കർ നടത്തിയ കച്ചേരികൾ ഏറെ ജനപ്രീതി നേടിയിരുന്നു.
കലാജീവിതത്തിലെ അവിസ്മരണീയമായ അനുഭവങ്ങൾ
തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരവും ഇശൈപേരറിഞ്ഞർ പുരസ്കാരവും ലഭിച്ച ഏക മലയാളിയാണ് തിരുവിഴ ജയശങ്കർ, മലയാളി കലാകാരൻമാരെ നെഞ്ചേറ്റാൻ തമിഴർ വിമുഖത കാണിക്കാറുണ്ടെങ്കിലും സ്വീകരിച്ചു കഴിഞ്ഞാൽ തലയിലേറ്റി നടക്കുന്നവരാണ് തമിഴർ എന്നാണ് ജയശങ്കറുടെ അഭിപ്രായം. വളയപ്പട്ടി ജയശങ്കർ കോമ്പോ തമിഴകത്തെ ഇളക്കിമറിച്ചപ്പോൾ തമിഴർ ജയശങ്കറെയും തലയിലേറ്റി.

ഒരിക്കൽ തമിഴ് നാട്ടിലെ കുംഭകോണത്തിനടുത്ത ഗ്രാമത്തിലെ പരിപാടിയെ പ്രമാദമെന്ന് ക്ഷേത്ര പൂജാരി തന്നെ പുകഴ്ത്തിയത് തന്റെ കലാജീവിതത്തിലെ അവിസ്മരണീയമായ
അനുഭവമാണെന്ന് ജയശങ്കർ പറയുന്നു.

ഈ ജനുവരി 31 ന് 86 പൂർത്തിയാവുന്ന ജയശങ്കർ ഇപ്പോഴും സാധകത്തിന് മുടക്കം വരുത്തിയിട്ടില്ല. നാഗസ്വരത്തിന്റെ ആത്മകഥ എന്ന പുസ്തകമെഴുതിയിട്ടുള്ള അദ്ദേഹം താനും നാഗസ്വരവും രണ്ടല്ല എന്ന വിശ്വാസക്കാരനാണ്. പുതിയ തലമുറ നാഗസ്വരത്തിലേക്ക് തിരിച്ചു വരും എന്നത് തന്നെയാണ് തിരുവിഴ ജയശങ്കറിന്റെ ശുഭ പ്രതീക്ഷ.
തയ്യാറാക്കിയത് - ഉമ ആനന്ദ്
Leave A Comment