സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകും. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.
സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 400 മുതൽ 500 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ട്. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാൽ, ഇന്നും (16.07.2026) സംസ്ഥാനത്ത് വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാം കെഎസ്ഇബി അറിയിച്ചു.
അതേസമയം, വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്ത അടിയന്തര സാഹചര്യമെന്ന് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി . മുന്‍ വര്‍ഷത്തെക്കാള്‍ ഉപയോഗം കൂടുകയും ആഭ്യന്തര ഉൽപാദനം കുറയുകയും ചെയ്തു. വൈദ്യുതി വിപണിയിലെ വിലക്കയറ്റവും ,വേനൽക്കാലത്ത് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കടം വാങ്ങിയ 530 മെഗാവാട്ട് മടക്കി നൽകേണ്ടി വരുന്നതും പ്രതിസന്ധിക്ക് കാരണമായെന്നും മന്ത്രി വിശദീകരിച്ചു. പ്രതിസന്ധി പരിഹരിക്കാൻ എല്ലാ ഇടപെടലും നടത്തുമെന്നും മന്ത്രി പറഞ്ഞു. അതിനിടെ വിഷയത്തിൽ വിമർശനം ശക്തമാക്കുകയാണ് പ്രതിപക്ഷം.
Leave A Comment