ക്രൈം

അന്നമനട കുമ്പിടി ജോസ് കൊലക്കേസ്; പ്രതി പോളിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ

മാള:  മാള അന്നമനട കുമ്പിടിയിൽ വെച്ച് 2018 ൽ ബന്ധുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും, 50,000രൂപ പിഴയും ശിക്ഷ വിധിച്ചു.

2020 ൽ സ്വന്തം അനുജനെ കമ്പി വടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസ്സിൽ തൃശൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞു വരുന്ന പോളിനെയാണ് ശിക്ഷിച്ചത്.

ആലത്തൂര്‍ കുമ്പിടി നാലുകണ്ടന്‍ വീട്ടില്‍  ജോസ് (67) എന്നയാളെ അടയ്ക്കാമര വാരി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കുമ്പിടി നാലു കണ്ടൻ വീട്ടില്‍ പോള്‍ (68) എന്നയാളെയാണ് ജീവപര്യന്തം കഠിന തടവിനും, 50,000/- രൂപ പിഴയടക്കുന്നതിനും തൃശൂർ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി.പി. സെയ്തലവി ശിക്ഷ വിധിച്ചത്.

പിഴയടക്കാത്ത പക്ഷം ഒരു വർഷം കൂടി അധിക തടവ് അനുഭിവക്കേണ്ടി വരും.

പ്രതിയായ പോള്‍ ബന്ധുവായ ജോസിനെ മകന്റെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. വിവാഹം ക്ഷണിച്ച രീതിയെ കുറിച്ച് ഇരുവരും ‍ തമ്മില്‍ വാക്കുതർക്കം നടന്നിരുന്നു.

ഇതിനെ തുടർന്ന്  റോഡിൽ വെച്ച് അടയ്ക്കാമര വാരി കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ ജോസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു.

ഈ കേസിൽ ജാമ്യത്തിലിറങ്ങിയ പോൾ  2020 സെപ്റ്റംബർ 22 ന്  അനുജനായ  ആന്റു  എന്നയാളെ  കമ്പി വടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയിരുന്നു.

മാള പോലീസ് രജിസ്റ്റര്‍ ചെയ്ത ഈ  കേസ്സിൽ ഇരിങ്ങാലക്കുട അഡീ ജില്ലാ സെഷന്‍സ് കോടതി പോളിനെ ജീവപര്യന്തം കഠിന തടവിന് ശിക്ഷ വിധിച്ചതിനെ തുടർന്ന് ഇപ്പോള്‍ തൃശൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ച് വരികയുമാണ്.

Leave A Comment