ബിഹാറിൽ മത്സ്യ-മാംസ വിൽപനയ്ക്ക് നിയന്ത്രണം
പാറ്റ്ന: ബിഹാറിലെ സ്കൂളുകൾക്കും മതസ്ഥാപനങ്ങൾക്കും സമീപമുള്ള തുറന്ന സ്ഥലങ്ങളിൽ ഇറച്ചിയും മീനും വിൽക്കുന്നത് നിരോധിക്കാൻ സർക്കാർ തീരുമാനം. വിദ്യാലയങ്ങൾക്ക് സമീപം മാംസം പരസ്യമായി വിൽക്കുന്നത് കുട്ടികളിൽ അക്രമവാസനകൾ ഉണ്ടാക്കുന്നുവെന്നും ഇത് തടയാൻ നിയന്ത്രണം അത്യാവശ്യമാണെന്നും ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ പറഞ്ഞു.
വിദ്യാലയങ്ങൾക്ക് പുറമെ തിരക്കേറിയ പൊതുസ്ഥലങ്ങളിലും ആരാധനാലയങ്ങൾക്ക് സമീപവും ഈ നിയന്ത്രണം ബാധകമായിരിക്കും. ആരോഗ്യപരമായ കാഴ്ചപ്പാടിലും സാമൂഹിക ഐക്യം നിലനിർത്താനുമാണ് ഇത്തരമൊരു തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ആരുടെയും ഭക്ഷണരീതികളോട് സർക്കാരിന് എതിർപ്പില്ലെന്നും പൊതുജനങ്ങളുടെ വികാരങ്ങളെയും ശുചിത്വത്തെയും മാനിക്കേണ്ടതുണ്ടെന്നും സിൻഹ പറഞ്ഞു. ഈ തീരുമാനം ഏതെങ്കിലും പ്രത്യേക സമുദായത്തെയോ ഭക്ഷണ താത്പര്യങ്ങളെയോ ലക്ഷ്യം വച്ചുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2007ലെ ബിഹാർ മുൻസിപ്പൽ ആക്ട് സെക്ഷൻ 345 പ്രകാരമാണ് ഈ പുതിയ നിരോധനം നടപ്പിലാക്കുന്നത്. നഗരപ്രദേശങ്ങളിൽ ലൈസൻസില്ലാതെ മാംസവിൽപ്പന നടത്തുന്നത് ഈ നിയമം വഴി കർശനമായി തടയും.
ചീഫ് മുൻസിപ്പൽ ഓഫീസറുടെ കൃത്യമായ ലൈസൻസ് ഇല്ലാതെ ഇനി മുതൽ ആർക്കും ഇറച്ചി വെട്ടുകാരനായോ മീൻ വിൽപ്പനക്കാരനായോ പ്രവർത്തിക്കാൻ സാധിക്കില്ലെന്നും സർക്കാർ അറിയിച്ചു. നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് നഗരസഭാ അധികൃതർക്ക് നൽകിയിട്ടുള്ള നിർദ്ദേശം.
Leave A Comment