വാല്‍ക്കണ്ണാടി

മലയാളകവിതയിലെ ദീപ്തസാന്നിധ്യം 'മഹാകവി കുമാരനാശാൻ'

വാൽക്കണ്ണാടി  
 
ഹാകവി, ചിന്തകൻ, നിർഭയനായ വിമർശകൻ, നിസ്വാർത്ഥനായ ജന സേവകൻ,  പ്രഗത്‌ഭനായ പ്രഭാഷകൻ,  നിയമസഭാ സാമാജികർ, ധീരനായ പത്രാധിപർ എന്നീ നിലകളിൽ കേരളത്തിന്റെ സാമൂഹിക  സാംസ്‌കാരിക നഭോ മണ്ഡലങ്ങളിൽ നിറ  സാന്നിധ്യമായിരുന്ന കുമാരനാശാന്റെ 101 മത് ചരമ വാർഷികം സ് മരണകൾ ഉണർത്തി കടന്നു പോകുന്നു.  അദ്ദേഹം കാവ്യ ഗംഗയുടെ അനർഗള പ്രവാഹമായിരുന്നു. 

കുമാരനാശാന്റെ ആദ്യ കൃതി
തിരുവനന്തപുരം ജില്ലയിലെ കായിക്കരയിൽ വിളാകത്ത് നാരായണന്റെയും കാളിയമ്മയുടെയും  മകനായി 1873 ഏപ്രിൽ 14 ന് കുമാരനാശാൻ ജനിച്ചു. കുമാരു എന്നായിരുന്നു ഓമനപ്പേര്. കുട്ടിക്കാലത്ത് തന്നെ അശാന്തമായ മനസ്സുമായി ക്ഷേത്ര ദർശനം നടത്തിയും സ്തോത്ര കൃതികൾ വായിച്ചു കൊണ്ടും അലഞ്ഞു നടന്നിരുന്നു. 


കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടു മൂലം ഒരു വൈദ്യന്റെ കടയിൽ കണക്കെഴുത്തുകാരനായി ജോലി ചെയ്തു. ഈ കാലയളവിൽ തന്നെ കവിതകൾ അച്ചടിച്ചു വന്നു.  കുമാരനാശാന്റെ ആദ്യ കൃതി സുബ്രമണ്യ ശതകം ആണെന്ന് പറയപ്പെടുന്നു.  ഇതിൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പ്രശംസാ പത്രവും ചേർത്തിരുന്നു. 

ശ്രീനാരായണഗുരുവുമായുള്ള  കണ്ടുമുട്ടൽ 

ശ്രീനാരായണ ഗുരുവിന്റെ ആത്മ പ്രേരണ കുമാരുവിനെ യോഗിയും വേദാന്തിയുമാക്കി.  നെടുങ്ങണ്ടയിൽ വിജ്ഞാന സന്ദായിനി എന്ന പേരിൽ ആരംഭിച്ച പാഠശാലയിൽ കുമാരു പഠനം നടത്തി. യൗവ്വനത്തിലേക്ക് കാലു കുത്തുന്ന ഈ ഘട്ടത്തിൽ കുമാരു പദ്യ രചനയും സമസ്യ പുരാണ പാരായണവും ആരംഭിച്ചു. മാത്രമല്ല നാടക രചനയും നിർവ്വഹിച്ചു. കുമാരനാശാന്റെ ഉഷാ കല്യാണം എന്ന നാടകം പല തവണ അരങ്ങിൽ അവതരിപ്പിക്കുകയും ചെയ്തു.  

ഒരു ക്ഷേത്ര പരിസരത്തു വച്ച് ശ്രീനാരായണ ഗുരുവിനെ നേരിട്ടു കാണുകയും കുമാരുവിന്റെ കവിതകൾ കാണുന്നതിന് ഗുരു താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.  പിന്നീട് കുമാരു ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം ആശ്രമത്തിൽ താമസിച്ചിരുന്നു. ഇക്കാലത്ത് ആശ്രമവാസികൾക്കായി രചിച്ച കീർത്തനമാണ് ശാങ്കര ശതകം. വേദാന്ത വിഷയങ്ങളിൽ നല്ല പാണ്ഡിത്യം നേടുവാൻ കുമാരുവിനു മികച്ച സാഹചര്യം ലഭിച്ചു.  


ശ്രീനാരായണ ഗുരുവിന്റെ ശിക്ഷ്യനായ കുമാരനാശാനെ  ബാംഗ്ലൂരിലെ രാജേന്ദ്ര കോളേജിൽ ഉപരിപഠനത്തതിനായി അയച്ചു. ഡോക്റ്റർ പൽപ്പുവിന്റെ കീഴിലായിരുന്നു ഇത്. ന്യായം, വ്യാകരണം, അലങ്കാരം, എന്നിവയായിരുന്നു മുഖ്യ വിഷയങ്ങൾ. ഇക്കാലത്ത് കുമാരനാശാൻ ശങ്കരാചാര്യരുടെ സൗന്ദര്യ ലഹരി, കൃഷ്ണ മിത്രന്റെ പ്രബോധന ചന്ദ്രോദയം എന്നീ സംസ്‌കൃത കൃതികളുടെ പരിഭാഷ നിർവ്വഹിച്ചു. കലകണ്ഠഗീതം എന്ന ലഘുകാവ്യം രചിക്കുകയും ചെയ്തു.  

കുമാരനാശാന് ചിന്ന സ്വാമി എന്ന പേരും ഡോക്റ്റർ പൽപ്പു നൽകി.  അതിനു ശേഷം ഡോക്റ്റർ പൽപ്പുവിന്റെ പരിശ്രമ ഫലമായി കൊൽക്കത്ത യിലെ സംസ്‌കൃത കോളേജിൽ 1898 -ൽ  കുമാരനാശാന് പ്രവേശനം ലഭിച്ചു. ശ്രീനാരായണ ഗുരുവിന്റെ ആജ്ഞാനുസരണം 1900 -ൽ കുമാരനാശാൻ കൊൽക്കത്തയിലെ വിദ്യാഭ്യാസം ഉപേക്ഷിച്ച് അരുവിപ്പുറം ആശ്രമത്തിലെത്തി. ഇവിടെ മൂന്ന് വര്ഷം കഴിഞ്ഞു. അക്കാലത്ത് മൃത്യുഞ്ജയം, വിചിത്ര വിജയം എന്നീ രണ്ടു നാടകങ്ങൾ രചിച്ചു.  

ശ്രീനാരായണ ഗുരു സ്ഥിരം അധ്യക്ഷനായി 1903 -ൽ എസ് എൻ ഡി പി യോഗം ആരംഭിച്ചപ്പോൾ കുമാരനാശാൻ കാര്യ ദർശി സ്ഥാനത്തേക്ക് നിയുക്തനായി. ഈ പദവി കുമാരനാശാൻ 16 വർഷക്കാലം വഹിച്ചു. 

ആശാന്റെ രചനകൾ 

ശാന്റെ പത്രാധിപത്യത്തിൽ 1904 -ൽ വിവേകോദയം എന്ന മാസിക പ്രസിദ്ധീകരണം ആരംഭിച്ചു. കുമാരനാശാൻ പാലക്കാട്ടു വച്ച് 1907 -ൽ വീണ പൂവ് എന്ന ഖണ്ഡ കാവ്യം രചിച്ചു.  ഇത് മൂർക്കോത്ത് കുമാരൻ പത്രാധിപരായ മിതവാദിയിൽ പ്രസിദ്ധീകരിച്ചു. ആലുവയിലെ വാസ സ്ഥലത്ത് കിടപ്പിലായിരുന്ന ശ്രീനാരായണ ഗുരുവിന്റെ അവസ്ഥയിൽ നിന്നാണ് വീണ പൂവിന്റെ ആദ്യ വരികൾ രൂപം കൊണ്ടതെന്ന് വിശ്വസിക്കുന്നു. ഇതോടെ പ്രശസ്ത കവി എന്ന നിലയിൽ കുമാരനാശാന്റെ സ്ഥാനം ഉറച്ചു.  ഈ കാവ്യത്തിൽ രചന സൗകുമാര്യവും അലങ്കാര ഭംഗിയും മത്സരിച്ച് നിൽക്കുന്നു.  


ഇതേ തുടർന്ന് രചിച്ച തീയ്യക്കുട്ടിയുടെ വിചാരം സാമൂഹ്യ ബോധത്തിന്റെ പ്രതിഫലനമായിരുന്നു. കുമാരനാശാൻ രചിച്ച നളിനി അസാധാരണമായ മനുഷ്യന്റെ നിസ്സഹായതയെ അവതരിപ്പിക്കുന്നു.  

മരണത്തിനു പോലും വേർപെടുത്താൻ ആവാത്ത ദിവ്യ പ്രണയം ലീലയിൽ കവി വരച്ചു കാട്ടുന്നു.  ജാതീയാചാരങ്ങളുടെ അർത്ഥ ശൂന്യത ചണ്ടാല ഭിക്ഷുകിയിലും കരുണയിലും വെളിവാക്കുന്നു. ഈ കാവ്യങ്ങൾക്ക്  ബുദ്ധമതവുമായി ബന്ധപ്പെട്ട ഇതിവൃത്തങ്ങൾ  സ്വീകരിക്കുവാൻ ആശാനേ പ്രേരിപ്പിച്ചു. 

കുമാരനാശാൻ രചിച്ച ഏറ്റവും ദീർഘമായ കാവ്യം ദുരവസ്ഥയാണ്.  മാപ്പിള ലഹളയുടെ പശ്ചാത്തലത്തിലാണ് ദുരവസ്ഥ രചിച്ചത്. സമൂഹത്തിൽ നിന്ന് ജാതി ചിന്ത തുടച്ചു മാറ്റേണ്ട അനിവാര്യതയും ഉദ്ബോധനവുമാണ് ഈ കാവ്യത്തിന്റെ ഇതിവൃത്തം.  ഇത്തരത്തിലുള്ള ഉദ്ബോധനങ്ങൾ കേരളക്കരയിൽ ഒരു വിപ്ലവം സൃഷ്ടിച്ചു. 


ദുരവസ്ഥയുടെ മാതൃകയിൽ തന്നെ രചിച്ച കൃതിയാണ് ചണ്ഡാലഭിക്ഷുകി.  ഈ കാവ്യത്തിൽ അന്ന് നിലവിലിരുന്ന അനാചാരങ്ങളുടെ പൊള്ളത്തരം ചിത്രീകരിക്കുന്നു.  

കുമാരനാശാൻ ഏറ്റവും പ്രധാനവും പ്രസിദ്ധവുമായ കൃതിയായി കരുണ കണക്കാക്കപ്പെടുന്നു.  ഇ കാവ്യത്തിലൂടെ ആശാന് അനുപമമായ കലാഭംഗി അവതരിപ്പിക്കാനും കഴിയുന്നു. 

ആശാന്റെ ശോകാത്മകവും ജീവിത വിമർശനപരവുമായ കൃതിയാണ് ചിന്താവിഷ്ടയായ സീത.  ഇദ്ദേഹത്തിന്റെ പ്രൗഢ ഗംഭീരമായ വിലാപകാവ്യമാണ് പ്രരോദനംകാവ്യകല അഥവാ ഇന്ദ്രിയം എന്ന കവിതയിൽ തൻ്റെ ഉൾക്കാഴ്ചകൾ ആശാൻ വ്യക്തമാക്കി. 

ഇദ്ദേഹത്തിന്റെ ഭാവഗീതവും ലഘു കവിതകളും മണിമാല, വനമാല, പുഷ്പവാടി തുടങ്ങിയ സമാഹാരങ്ങളിൽ  ഉൾക്കൊള്ളിച്ചിരിക്കുന്നു. കുമാരനാശാന്റെ പ്രമുഖമായ ചില വിവർത്തനങ്ങളാണ് ബുദ്ധചരിതം, സൗന്ദര്യ ലഹരി, ബാല രാമായണം,  വിവേകാനന്ദൻ്റെ തുടങ്ങിയ കൃതികൾ. ഇദ്ദേഹം മിതവാദി പത്രാധിപർ സി. കൃഷ്ണന്റെ പേർക്കയച്ചദീർഘമായ കത്ത് സമുദായോന്നമനം. വിവേകാനന്ദൻ്റെ രാജയോഗവും മൈത്രേയി,  മനശക്തി,  എന്നീ കൃതികളും ആശാൻ ഇൻഗ്ലീഷിൽ നിന്നും പരിഭാഷപ്പെടുത്തിയതാണ്. 1913 -ൽ  ശാരദാ ബുക്ക്  ഡിപ്പോ സ്ഥാപിച്ചു. 

കൈരളിയുടെ കവീശ്വരൻ കുമാരനാശാൻ

കുമാരനാശാൻ ശ്രീമൂലം പ്രജാ സഭയിൽ 1913 മുതൽ അംഗമായിരുന്നു.  ഇദ്ദേഹത്തെ 1920 -ൽ ശ്രീ ചിത്ര സ്റ്റേറ്റ് അസംബ്ലിയിലേക്ക് നാമ നിർദേശം ചെയ്തു.  കൊച്ചിയിലെ ചെറായി എന്ന സ്ഥലത്തു നിന്നും കുമാരനാശാന്റെ പത്രാധിപത്യത്തിൽ പ്രതിഭ എന്ന പേരിൽ ഒരു മാസിക പ്രസിദ്ധീകരിക്കപ്പെട്ടു. കുമാരനാശാന്റെ കൃതികളുടെ കേന്ദ്ര സ്ഥാനം സ്നേഹമാണ്.  ഇദ്ദേഹം സ്നേഹനായകൻ, തത്വ ചിന്തകൾ, ആശയ ഗംഭീരൻ എന്നൊക്കെ പ്രകീർത്തിക്കപ്പെട്ടു. 

കുമാരനാശാൻ യോഗം സെക്രട്ടറി സ്ഥാനത്ത് നിന്നും 1920 -ൽ വിരമിച്ചു.  എന്നാൽ ജീവിത കാലം മുഴുവനും അദ്ദേഹം യോഗം പ്രവർത്തനങ്ങളിൽ പങ്കെടുത്തു കൊണ്ടിരുന്നു. മലയാളത്തിന്റെ മഹാകവി എന്ന നിലയിൽ മദ്രാസ് സർവ്വകലാശാല ശുപാർശ ചെയ്തതനുസരിച്ച് 1922 ജനുവരി 13 തിയതി ഇന്ഗ്ലാണ്ടിലെ വെയിൽസ് രാജകുമാരൻ കുമാരനാശാന് പട്ടും വളയും സമ്മാനിച്ചു.
 

ആലുവ കൊട്ടാരത്തോട്  ചേർന്ന് കുമാരനാശാൻ 1921 -ൽ ഫാക്ടറിക്കായി വാങ്ങിച്ച സ്ഥലമാണ് പിന്നീട് അധ്വയ്‌ത ആശ്രമം ആരംഭിക്കുവാൻ ശ്രീനാരായണ ഗുരുവിന് സമർപ്പിച്ചത്.  കൈരളിയുടെ കവീശ്വരനായിരുന്ന കുമാരനാശാൻ പല്ലനയാറ്റിൽ 1924 ജനുവരി 16 ന് നടന്ന ബോട്ടപകടത്തിൽപ്പെട്ട്  കഥാവശേഷനായി. ആ പ്രതിഭാ ധനന്റെ സത്കർമ്മങ്ങൾ സ്വാതിക ജ്യോതിസിന്റെ മഹിത മുദ്രിതങ്ങളാണ്.

തയ്യാറാക്കിയത് - സുരേഷ് അന്നമനട

Leave A Comment