ക്രൈം

ബസിൽ വിദ്യാർത്ഥിനികൾക്ക് നേരെ അതിക്രമം; 65-കാരൻ അറസ്റ്റിൽ

മതിലകം: സ്കൂൾ വിട്ട് സഹപാഠികളോടൊപ്പം ബസിൽ യാത്ര ചെയ്യുകയായിരുന്ന 15 വയസ്സുള്ള വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 65 വയസ്സുകാരൻ അറസ്റ്റിൽ.

പെരിഞ്ഞനം കൊറ്റംകുളങ്ങര സ്വദേശി കുടിലിങ്ങൾ വീട്ടിൽ സുധൻ (65) ആണ് മതിലകം പോലീസിന്റെ പിടിയിലായത്. മതിലകം പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ സമയം കഴിഞ്ഞ് സഹപാഠികളോടൊപ്പം ബസിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അതിക്രമം ഉണ്ടായതെന്ന് പോലീസ് അറിയിച്ചു.

കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി പ്രമോദിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ രജീഷ്, എ.എസ്.ഐമാരായ പ്രജീഷ്, ഷിജു, വഹാബ്, ജി.എസ്.സി.പി.ഒമാരായ ഗോപകുമാർ, ജമാൽ, സി.പി.ഒമാരായ രാഗിൻ, ദിവ്യ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Leave A Comment