ജില്ലാ വാർത്ത

കൊടകരയിലെ ഷിഗല്ല ബാധ മരണം: ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം

കൊടകര: കൊടകരയിൽ ഷിഗല്ല ബാധയെ തുടർന്ന് 42 വയസ്സുകാരൻ മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപണവുമായി കുടുംബം. മാപ്രാണം സ്വദേശിയും കുഴിക്കാണിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന ചെബോത്ത്പറമ്പിൽ അബ്ദുൽറഹ്മാൻ്റെ മകൻ അബ്ദുൽജമാൽ നിയാസ് (42) ആണ് മരിച്ചത്. തൃക്കൂർ കല്ലൂർ വില്ലേജ് ഓഫീസിൽ ഓഫീസ് അറ്റൻഡന്റായി ജോലി ചെയ്തു വരികയായിരുന്നു.

വയറിളക്കം അനുഭവപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ച രാവിലെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് വൈകുന്നേരത്തോടെ മരണം സംഭവിച്ചു. ആദ്യം ഹൃദയസ്തംഭനമാണ് മരണകാരണമെന്ന വിവരം ആശുപത്രി അധികൃതർ കുടുംബത്തെ അറിയിച്ചു.

എന്നാൽ ചികിത്സാ പിഴവുണ്ടായെന്ന സംശയം ഉയർത്തി കുടുംബം പോലീസിൽ പരാതി നൽകിയതോടെ അസ്വഭാവിക മരണമായി കേസ് രജിസ്റ്റർ ചെയ്ത് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷിഗല്ല ബാധ സ്ഥിരീകരിച്ചത്.

സംഭവത്തിൽ ആശുപത്രി നടപടികളും ചികിത്സാ ക്രമവും സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. ഞായറാഴ്ച സ്വദേശമായ മാപ്രാണത്ത് മൃതദേഹം സംസ്കരിച്ചു.

Leave A Comment