കൊടുങ്ങല്ലൂർ ബൈപാസിൽ അപകടം: യുവാവ് മരിച്ചു, സുഹൃത്ത് ചികിത്സയിൽ
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ബൈപാസിൽ കാർ–ബൈക്ക് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇടുക്കി പശുപാറ മുരിക്കെൽ വീട്ടിൽ അനന്തു (24) ആണ് തിങ്കളാഴ്ച പുലർച്ചെ മരണപ്പെട്ടത്.
അപകടത്തിൽ ബൈക്കിൽ യാത്ര ചെയ്തിരുന്ന എറണാകുളം പനങ്ങാട് പുതുപറമ്പ് അംജിത്ത് മുരളി (25) ശസ്ത്രക്രിയയ്ക്ക് വിധേയനായി കൊടുങ്ങല്ലൂർ എ.ആർ. ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. കൊടുങ്ങല്ലൂർ ക്ഷേത്ര ദർശനത്തിന് സുഹൃത്തുമായി എത്തിയ ഇരുവരും മടങ്ങുന്നതിനിടെ കോട്ടപ്പുറം ടോൾ ഭാഗത്ത് വെച്ച് എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ പിന്നീട് മരണപ്പെട്ടു. കൊടുങ്ങല്ലൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി, പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
പീരുമേട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കീഴ്ശാന്തിയായിരുന്നു അനന്തു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
Leave A Comment