അമേരിക്കയില്‍ അപകടത്തില്‍പ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കോമയില്‍
മുംബൈ: അമേരിക്കയില്‍ അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കോമയില്‍. മഹാരാഷ്ട്ര സതാര സ്വദേശിനിയായ നിലാം ഷിന്‍ഡെയാണ് അമേരിക്കയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഫെബ്രുവരി പതിനാലിന് കാലിഫോര്‍ണിയയില്‍വെച്ചായിരുന്നു അപകടം നടന്നത്. സംഭവത്തിൽ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. അപകട വിവരം അറിഞ്ഞത് മുതല്‍ പിതാവ് വിസയ്ക്കായുള്ള അലച്ചിലിലാണ്. മകളുടെ അരികില്‍ ഉടന്‍ എത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പിതാവ് തനജ് ഷിന്‍ഡേ.
നടക്കാനിറങ്ങിയപ്പോഴായിരുന്നു നിലാം ഷിന്‍ഡെ അപകടത്തില്‍പ്പെട്ടത്. പിന്നില്‍ നിന്നെത്തിയ കാര്‍ നിലാമിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ നിലാമിന്റെ നെഞ്ചിലും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. കൈകള്‍ക്കും കാലുകള്‍ക്കും ഒടിവ് സംഭവിക്കുകയും ചെയ്തു. പൊലീസായിരുന്നു നിലാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അപകടം നടന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് തങ്ങള്‍ വിവരമറിയുന്നതെന്ന് നിലാമിന്റെ പിതാവ് പറയുന്നു. അന്ന് മുതല്‍ വിസയ്ക്ക് വേണ്ടി ശ്രമം നടത്തുന്നുണ്ട്. പാസ്‌പോര്‍ട്ട് ഓഫീസില്‍ വിസ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മകളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശുപത്രി അധികൃതര്‍ കൃത്യമായി വിവരങ്ങള്‍ നല്‍കുന്നുണ്ടെന്നും പിതാവ് പറഞ്ഞു. വിഷയത്തില്‍ എന്‍സിപി(എസ്പി) നേതാവും എംപിയുമായ സുപ്രിയ സുലെ ഇടപെട്ടിട്ടുണ്ട്. നിലാമിന്റെ പിതാവിന് വിസ ലഭ്യമാക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് സുപ്രിയ സുലേ എക്‌സില്‍ കുറിപ്പ് പങ്കുവെച്ചു. വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെ സുപ്രിയ സുലേ ടാഗ് ചെയ്തിട്ടുണ്ട്. വിഷയം ഏറെ ആശങ്കാജനകമാണെന്നും എല്ലാവരും ഒത്തുചേര്‍ന്ന് പരിഹാരം കാണണമെന്നും സുപ്രിയ ആവശ്യപ്പെട്ടു.നാല് വര്‍ഷമായി അമേരിക്കയിലാണ് നിലാം ഷിന്‍ഡെ. അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു നിലാമിന്റെ മാതാവ് മരണപ്പെട്ടത്.
Leave A Comment