കേരളം

ലൈഫ് മിഷന്‍ ഫ്ളാറ്റിലെ ചോര്‍ച്ചയെ കുറിച്ച് പ്രതികരിച്ച വീട്ടമയെ ഭീഷണിപ്പെടുത്തി സിപിഎം പ്രവർത്തകർ

കോട്ടയം: ലൈഫ് മിഷന്‍ ഫ്ളാറ്റിലെ ചോര്‍ച്ചയെ കുറിച്ച് മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രതികരിച്ച വീട്ടമ്മയെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി. കോട്ടയം വിജയപുരത്തെ ലൈഫ് മിഷന്‍ ഫ്ളാറ്റിലെ താമസക്കാരിയാണ് ഗ്രാമപഞ്ചായത്ത് അംഗങ്ങളടക്കം ഇരുപതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ മണര്‍കാട് പൊലീസില്‍ പരാതി നല്‍കിയത്.

അതേസമയം ഒമ്പത് കോടി ചെലവിട്ട് നിര്‍മിച്ച ഫ്ളാറ്റ് സമുച്ചയം രണ്ടു മാസത്തിനകം ചോര്‍ന്നതില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി സര്‍ക്കാരിനയച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ 8ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ലൈഫ് മിഷന്‍ ഫ്ളാറ്റ് സമുച്ചയത്തിലെ വീടുകള്‍ രണ്ടു മാസത്തിനകം ചോര്‍ന്നൊലിച്ചത് താമസക്കാരുടെ വ്യാപക പരാതിക്ക് വഴിവച്ചിരുന്നു.

നിര്‍മാണ ഗുണനിലവാരത്തില്‍ സംശയമുന്നയിച്ച കുഞ്ഞുമോള്‍ എന്ന വീട്ടമ്മയെയാണ് ഇന്നലെ ഉച്ചയോടെ ഗ്രാമപഞ്ചായത്ത് അംഗങ്ങളടക്കമുളള സിപിഎമ്മുകാര്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയത്. പ്രശ്നങ്ങളുണ്ടെങ്കില്‍ പാര്‍ട്ടിയോട് പറയാതെ എന്തിന് മാധ്യമങ്ങളെ അറിയിച്ചു എന്നു ചോദിച്ചായിരുന്നു ഭീഷണിയെന്ന് കുഞ്ഞുമോള്‍ പറയുന്നു.ചോര്‍ച്ചയെ കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി ഏരിയ സെക്രട്ടറി ഉള്‍പ്പെടെയുളളവരുമായി കുഞ്ഞുമോളുടെ വീട്ടില്‍ എത്തിയ കാര്യം സ്ഥിരീകരിച്ച പഞ്ചായത്തിലെ സിപിഎം പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് പി.ടി.ബിജു ഭീഷണിപ്പെടുത്തിയെന്ന ആരോപണം നിഷേധിച്ചു. 

സംഭവത്തെ കുറിച്ചറിഞ്ഞ് സ്ഥലത്തെത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും ഉള്‍പ്പെടെയുളള കോണ്‍ഗ്രസ് നേതാക്കളും ഫ്ളാറ്റിന്‍റെ നിര്‍മാണ ചുമതലയുളള കരാറുകാരും തമ്മിലും വാക്കേറ്റം ഉണ്ടായി. താമസക്കാര്‍ ഫ്ളാറ്റിന് സ്വയം കേടുവരുത്തിയതാണെന്ന ന്യായീകരിക്കാനുളള കരാറുകാരുടെ ശ്രമമാണ് വാക്കുതര്‍ക്കത്തില്‍ കലാശിച്ചത്.

Leave A Comment