പിടി തോമസ് ഓർമയായിട്ട് ഒരു വർഷം
കൊച്ചി:കേരള രാഷ്ട്രീയത്തിൽ കരുത്തുറ നിലപാടുകളിലൂടെ നിറഞ്ഞ് നിന്ന് പി ടി തോമസ് ഓർമയായിട്ട് ഇന്ന് ഒരു വർഷം. ജീവിച്ചിരുന്ന കാലത്തേക്കാൾ പി ടി യെടുത്ത നിലപാടുകൾ മരണശേഷം ഏറെ ചർച്ചയായി. രണ്ടാം വട്ടവും പ്രതിപക്ഷത്തിരിക്കേണ്ടി വരുന്ന കോൺഗ്രസ് പാർട്ടിക്കും പി ടി യുടെ അസാന്നിധ്യമുണ്ടാക്കുന്നത് കനത്ത നഷ്ടമാണ്.
കഴിഞ്ഞ വർഷം ഇന്നേ ദിവസം വെല്ലൂർ സിഎംസി ആശുപത്രിയിൽ നിന്ന് എത്തിയ വാർത്ത രാഷ്ട്രീയ കേരളത്തെയാണ് നൊമ്പരപ്പെടുത്തിയത്. അഞ്ച് പതിറ്റാണ്ട് കാലം വ്യക്തി ജീവിതത്തിലും രാഷ്ട്രീയത്തിലും പി ടി യെടുത്ത നിലപാടുകൾക്ക് കോൺഗ്രസ് പ്രവർത്തകർ മാത്രമല്ല ജനാധിപത്യ വിശ്വാസികൾ ഒന്നാകെ ഹൃദയാഭിവാദനം നൽകി.പൂക്കളിറുത്ത് തന്‍റെ മൃതശരീരം അലങ്കരിക്കേണ്ടതില്ല. ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരമെന്ന വയലാർ ദേവരാജൻ സംഗീതം അവസാനയാത്രയിൽ തന്‍റെ അകമ്പടിയാകണം. സുഹൃത്തുത്തുമായി പറഞ്ഞുറപ്പിച്ച അന്ത്യാഭിലാഷവും പിടിയെന്ന മതേതര രാഷ്ട്രീയജീവിയുടെ നിലപാട് പറയലായി.
നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം കെപിസിസി വർക്കിംഗ് പ്രസിഡന്‍റായി സ്ഥാനമേറ്റ പിടി,വിഷയങ്ങൾ ആഴത്തിൽ പഠിച്ച് നിയമസഭയിൽ സർക്കാരിനെതിരെ നേർക്കുനേർ നിന്ന് പോരടിക്കുന്ന പിടി ശൈലി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കേരളം കണ്ടതാണ്.വെല്ലുവിളി നിറഞ്ഞ കാലത്ത് കോൺഗ്രസ്സിലും നിയമസഭയിലെ പുതിയ പ്രതിപക്ഷ ബെഞ്ചിലും പി ടിക്ക് പകരക്കാരനില്ല.
രാഷ്ട്രീയജീവിതത്തിലെ പ്രതിസന്ധിയിൽ പിടിക്കൊപ്പം നിന്ന തൃക്കാക്കര പി ടിയുടെ മരണശേഷം ഭാര്യ ഉമ തോമസ്സിനെ റെക്കോർഡ് ഭൂരിപക്ഷത്തിൽ നിയമസഭയിലെത്തിച്ചു.

Leave A Comment