മാർത്തോമ പൊന്തിഫിക്കൽ തീർത്ഥ കേന്ദ്രം
വാൽക്കണ്ണാടി
ഭാരതത്തിലെ പ്രഥമ ഗണനീയമായി പ്രകീർത്തിക്കപ്പെടുന്ന ക്രൈസ്തവ ദേവാലയമാണ് കൊടുങ്ങല്ലൂരിലെ അഴീക്കോട് മാർത്തോമാ പൊന്തിഫിക്കൽ തീർത്ഥ കേന്ദ്രം. ലോകമെങ്ങും പോയി എല്ലാ ജനതകളെയും എന്റെ സന്ദേശം പഠിപ്പിക്കുക എന്ന യേശു നാഥന്റെ ആഹ്വാനത്താൽ പ്രശോഭിതനായി വിശുദ്ധ തോമാശ്ലീഹാ എ. ഡി. 52 -ൽ പായ്ക്കപ്പലിൽ യാത്ര ചെയ്ത് മുസിരീസ് എന്ന കൊടുങ്ങല്ലൂരിൽ വന്നിറങ്ങി എന്നും കേരളത്തിലെ തന്റെ പ്രേക്ഷിത പ്രവർത്തന ഫലമായി ഏഴരപ്പള്ളികൾ സ്ഥാപിച്ചു എന്നുമുള്ള വസ്തുത ചരിത്രവും പാരമ്പര്യവും ഇഴ ചേർന്ന് കിടക്കുന്നു.
നമ്മുടെ പിതാക്കന്മാർക്ക് മാമ്മോദീസ നൽകിയ ഭാരത അപ്പസ്തോലനായ മാർത്തോമാ ശ്ലീഹായുടെ വലതു ഭൂ ജാസ്തി തിരുശേഷിപ്പായി പ്രതിഷ്ഠിച്ചിരിക്കുന്ന കൊടുങ്ങല്ലൂർ അഴീക്കോട് മാർത്തോമാ പൊന്തിഫിക്കൽ തീർത്ഥ കേന്ദ്രത്തെക്കുറിച്ചുള്ള പഠനം സത്യാന്വേഷികൾക്ക് പ്രചോദനമാകും.
ആദ്യത്തെ ക്രൈസ്തവ ദേവാലയം
കൊടുങ്ങല്ലൂരിലെ പരിശുദ്ധമായ മണ്ണിലാണ് ആദ്യത്തെ ക്രൈസ്തവ ദേവാലയം സ്താപിതമായതെയെന്ന് വിശ്വസിച്ചു പോരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം
ക്രൈസ്തവ പ്രേഷിത പ്രവർത്തനത്തിന്റെ സമുദ്‌ഘാടകൻ മാർത്തോമാ ശ്ലീഹായുടെ പ്രഭവസ്ഥാനം കൊടുങ്ങല്ലൂരുമാണ്. കൊടുങ്ങല്ലൂരിൽ ആരംഭിച്ച മാർത്തോമാ ശ്ലീഹായുടെ പ്രേഷിത യാത്ര കേരളത്തിലും ചോളം പാണ്ഡ്യ രാജ്യങ്ങളിലും സുവിശേഷ ദീപം പ്രോജ്ജ്വലിപ്പിച്ച ശേഷം മൈലാപ്പൂരിൽ അന്ത്യം വരിച്ചു.

തമിഴ്നാട്ടിലെ മൈലാപ്പൂരിലുള്ള ചിന്ന മലയിൽ വച്ച് വിശുദ്ധ തോമാശ്ലീഹാ രക്ത സാക്ഷിത്വ മകുടം ചൂടി. മൃതദേഹം അവിടെത്തന്നെ സംസ്‌കരിക്കപ്പെട്ടു. സി എം ഐ സഭയുടെ തൃശൂർ ദേവമാതാ പ്രൊവിൻഷ്യനാണ് ഈ തീർത്ഥ കേന്ദ്രത്തിന്റെ കസ്റ്റോഡിയൻ. അന്നത്തെ പ്രൊവിൻഷ്യാളായിരുന്ന പെരിയ ബഹുമാനപ്പെട്ട ക്ലമന്റ് തോട്ടുങ്ങൽ 88 ദിവസംകൊണ്ട് വത്തിക്കാന്റെ രീതിയിലുള്ള മനോഹരമായ ഈ പൊന്തിഫിക്കൽ ദേവാലയം പണി കഴിപ്പിച്ചു.
കർദ്ദിനാൾ യൂജിൻ ട്രിസറംഗ് തന്നെ 1953 ഡിസംബർ ആറാം തിയതി വളരെ ആഘോഷമായി ഈ തിരുശേഷിപ്പ് കൊടുങ്ങല്ലൂർ മാർത്തോമാ തീർത്ഥ കേന്ദ്രത്തിൽ സ്ഥാപിക്കുകയും ഇത് ഒരു പൊന്തിഫിക്കൽ തീർത്ഥ കേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്തു. ഉദാത്തമായ ഒരു നിർവൃതിയിൽ ജനക്കൂട്ടം മുഴുകിയിരിക്കെ കർദ്ദിനാൾ തിരുശേഷിപ്പ് അൾത്താരയിലെ ഉരുക്കുപെട്ടിയിൽ പ്രതിഷ്ഠിക്കുകയും അധികാര പത്രവും തിരു ശേഷിപ്പിന്റെ ട്രസ്റ്റി ഷിപ്പും റവ. ഡോ. ക്ലമന്റ് തോട്ടുങ്ങലിനെ ഏൽപ്പിക്കുകയും ചെയ്തു.
ജാതി മത ഭേദമന്യേ വരുന്നത് നിരവധി പേർ
ഇവിടുത്തെ തിരുശേഷിപ്പ് വണങ്ങി അനുഗ്രഹങ്ങൾ കൊണ്ട് നിറയുന്നതിനായി ജാതി മത ഭേദമെന്യേ അനേകർ കടന്നു വരുന്നു. ഇറ്റലിയിലെ ഓർത്തോണ കത്തീഡ്രലിൽ നിന്നാണ് കർദ്ദിനാൾ ടിസറിങ് കേരളത്തിലേക്ക് തിരുശേഷിപ്പ് കൊണ്ടുവരുന്നത്. കേരളത്തിൽ നിന്ന് മാത്രമല്ല വടക്കേ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും അനേകർ മാർത്തോമാ ശ്ലീഹായുടെ കരം ചുംബിച്ച് അനുഗ്രഹം വാങ്ങാൻ വന്നു കൊണ്ടിരിക്കുന്നു. ജർമ്മനി, ഇഗ്ലണ്ട്, അമേരിക്ക , ഇറ്റലി, ഫിലിപ്പൈൻസ്, മലേഷ്യ, റീ യൂണിയൻ ഐലന്റ്, ഇസ്രായേൽ, ശ്രീലങ്ക, എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ഗ്രൂപ്പുകളായി എല്ലാ വർഷവും എത്തിച്ചേർന്നു കൊണ്ടിരിക്കുന്നു.
മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ ധ്യാനത്തിനായി വരുന്ന ഉത്തരേന്ത്യയിൽ നിന്നുള്ള അനവധി പേർ ഈ തീർത്ഥ കേന്ദ്രം സന്ദർശിക്കുന്നു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നിന്നും വർഷങ്ങളായി കത്തീഡ്രൽ വികാരിയച്ഛന്മാരുടെയും അസിസ്റ്റന്റ് വികാരിയച്ചന്മാരുടെയും നേതൃത്വത്തിൽ നോമ്പു കാലത്ത് മാർത്തോമാ പൊന്തിഫിക്കൽ തീർത്ഥ കേന്ദ്രത്തിലേക്ക് ക്രമീകരിക്കുന്ന അഴീക്കോട് പദയാത്ര വലിയ ആത്മീയ അനുഭവമാണ്.

മെത്രാഭിഷേക ദിനമായ ഏപ്രിൽ 18 ന് എത്ര തിരക്കുണ്ടെങ്കിലും എല്ലാ വർഷവും മാർത്തോമാ പൊന്തിഫിക്കൽ തീർത്ഥ കേന്ദ്രത്തിൽ വന്ന് തിരുശേഷിപ്പ് വണങ്ങി പ്രാർത്ഥിക്കാൻ ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷൻ മാർ പോളി കണ്ണക്കാടൻ പ്രകടിപ്പിക്കുന്ന താല്പര്യം സ്തുത്യർഹമാണ്. അതുകൊണ്ടു തന്നെ തിരുശേഷിപ്പ് വന്ദനം തീർത്ഥാടകർക്ക് ശക്തമായ ആത്മീയാഭിഷേകത്തിനുള്ള അവസരമാകുന്നു.
എല്ലാ മാസാദ്യ വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിൽ തീവ്ര കേന്ദ്രത്തിലെ പിൽഗ്രിം സെന്ററിൽ താമസിച്ച് ധ്യാനിക്കാനുള്ള സൗകര്യം ഉണ്ട്. ഫെയ്ത്ത് മിനിസ്ട്രി ടീമാണ് ധ്യാനം നയിക്കുന്നത്. മാർത്തോമാ ശ്ലീഹ ഭാരത പ്രവേശനം നടത്തിയ അഴീക്കോട് കൊടുങ്ങല്ലൂരിൽ ആഘോഷിക്കപ്പെടുന്നത് നവംബർ 21 കഴിഞ്ഞു വരുന്ന ഞയറാഴ്‌ചയാണ്.
ഒൻപത് ഞായറാഴ്ചകാളിലെ ആഘോഷമായ ദിവ്യ ബലിക്ക് ശേഷമാണ് തിരുനാളിന് കൊടി കയറ്റുന്നത്. തിരുനാളിന്റെ തലേ വെള്ളിയാഴ്ച കോട്ടപ്പുറം രൂപതാധ്യക്ഷന്റെ മുഖ്യ കാർമ്മികത്വത്തിൽ ലത്തീൻ റിക്കിൽ ആഘോഷമായ ദിവ്യബലിയർപ്പിക്കുന്ന നല്ല പതിവും മാർത്തോമാ പൊന്തിഫിക്കൽ തീർത്ഥ കേന്ദ്രത്തിന് സ്വന്തമാണ്.
തിരുനാൾ ദിനത്തിലെ രാവിലെ പത്ത് മണിക്കുള്ള ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് മുഖ്യ കാർമ്മികത്വം വഹിക്കുന്നത് ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷനാണ്. ഊട്ടു തിരുനാളായതിനാൽ തിരുനാളിനു വരുന്നവർക്കെല്ലാം നേർച്ച ഭക്ഷണം കഴിക്കാനുള്ള വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കുന്നു. ഊട്ടു നേർച്ചക്ക് ശേഷം മാർത്തോമാ ശ്ലീഹ ഭാരതത്തിൽ കപ്പലിറങ്ങിയതിനെ അനുസ്മരിച്ചുള്ള ഭാരത പ്രവേശന പ്രദക്ഷിണം അഥവാ ജല ഘോഷയാത്ര ഉച്ച തിരിഞ്ഞ് നടക്കും. മാർത്തോമാ പൊന്തിഫിക്കൽ തീർത്ഥ കേന്ദ്രത്തിലെ മാർത്തോമാ ശ്ലീഹായുടെ നൊവേന ഞായറാഴ്ചകളിലാണ് നടക്കുന്നത്.
മാർത്തോമാ റിസർച്ച് അക്കാദമി 2005 -ൽ സ്ഥാപിതമായി
മാർത്തോമാ പൊന്തിഫിക്കൽ തീർത്ഥ കേന്ദ്രത്തോടനുബന്ധിച്ചുള്ള വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് മാർത്തോമാ ആശ്രമത്തിൽ കലാകാലങ്ങളിൽ താമസിച്ചു വരുന്ന സി എം ഐ ദേവമാതാ പ്രവിശ്യയിലെ സഭാംഗങ്ങളാണ്. മാർത്തോമാ ശ്ലീഹായുടെ ഇന്ത്യയിലെ 20 വർഷത്തെ ജീവിത കഥ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് അവതരിപ്പിക്കുന്ന 35 മിനിറ്റ് നീളുന്ന ദൃശ്യ ശ്രാവ്യ മാധ്യമങ്ങളുടെ ചേതോഹരമായ വിന്യാസമാണ് ദേവാലയത്തിലെ ലൈറ്റ് ആൻഡ് ഷോ.

മാർത്തോമാ ശ്ലീഹ ഇവിടെ വന്നതിന്റെ ഓർമ്മകൾ പുതുക്കുന്ന അസുലഭ അവസരമാണ് പെരിയാറിലൂടെയുള്ള ബോട്ട് യാത്ര. ഈ മാർത്തോമാ പള്ളിയിൽ ബുക് സ്റ്റാളും സിഡി ലൈബ്രറിയും സാധനങ്ങൾ ലഭിക്കുന്ന സ്റ്റാളും മുഴുവൻ സമയവും പ്രവർത്തിക്കുന്നു. മാർത്തോമാ ശ്ലീഹായുടെ നിരവധി നല്ല ഗാനങ്ങൾ ദേവാലയങ്ങളിൽ ആലപിക്കാനുണ്ടാകണമെന്ന ലക്ഷ്യത്തോടെ മാർത്തോമാ ശ്ലീഹായുടെ അപദാനങ്ങൾ വാഴ്ത്തിപ്പാടുന്ന ഒരു ഓഡിയോ സിഡി മാർത്തോമാ എന്ന പേരിൽ 2018 നവംബറിൽ അഭിവന്ദ്യന്മാർ ടോണി നീലങ്കാവിൽ പ്രകാശനം ചെയ്തിട്ടുണ്ട്.
തീർഥാടകരുടെ സൗകര്യാർത്ഥം ഒരു പിൽഗ്രിം സെന്റർ പണി കഴിപ്പിച്ചിട്ടുമുണ്ട്. തീർത്ത കേന്ദ്രത്തിൽ താമസിച്ച് പ്രാർത്ഥിക്കാനും ധ്യാനിക്കാനുമായി ഏതാനും മുറികൾ നല്ല സൗകര്യത്തോടെ സജ്ജമാക്കിയിരിക്കുന്നു. മാർത്തോമാ റിസർച്ച് അക്കാദമി 2005 -ൽ സ്ഥാപിതമായി. എം ആർ ഐയുടെ ശക്തമായ പദ്ധതിയാണ് ആഗോള സാംസ്‌കാരിക ഉത്സവമായ ഹാർമണി ഫെസ്റ്റിവൽ. പ്രഥമ ഹാർമണി ഫെസ്റ്റിവൽ 2013 നവംബർ 15,16,17 തീയതികളിൽ സംഘടിപ്പിക്കപ്പെട്ടു. മാർത്തോമാ ആശുപത്രി എല്ലാ സജ്ജീകരണങ്ങളോടും കൂടിയ മാനസികാരോഗ്യ കേന്ദ്രമാണ്.
ഭാരത ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളത്തൊട്ടിൽ
അഴീക്കോടുള്ള മാർത്തോമാ കോൺവെന്റ് 1974 ജൂലൈ മൂന്നിനാണ് ആരംഭിച്ചത് . അഴീക്കോടുള്ള മാർത്തോമാ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ 1975 മുതൽ മികച്ച നേട്ടം വിദ്യാഭ്യാസ രംഗത്ത് കൈവരിച്ചു വരുന്നു. മാർത്തോമാ പൊന്തിഫിക്കൽ തീർത്ഥ കേന്ദ്രത്തിന്റെ വളർച്ചയിൽ നിർണ്ണായക പങ്കു വഹിച്ചവരാണ് മാർത്തോമാ ജവാൻസ് എന്നറിയപ്പെടുന്ന തീർത്ഥ കേന്ദ്രത്തിലെ സ്റ്റാഫംഗങ്ങൾ. ഭാരത ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളത്തൊട്ടിലായ മാർത്തോമാ പൊന്തിഫിക്കൽ തീർത്ഥ കേന്ദ്രം ഇന്ന് വികസനത്തിന്റെ പാതയിലാണ്.

കേരള സർക്കാരിന്റെ മുസിരിസ് പൈതൃക പദ്ധതി വഴി 10 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന ക്രിസ്ത്യൻ ലൈഫ് സ്റ്റൈൽ മ്യൂസിയവും 34 ലക്ഷം രൂപ ചെലവിൽ പണി പൂർത്തിയാക്കിയ ബോട്ട് ജെട്ടിയും കേന്ദ്ര ഗവണ്മെന്റിന്റെ സ്വദേശ് ദർശൻ സ്‌കീമിൽ മാർത്തോമാ പൊന്തിഫിക്കൽ തീർത്ഥ കേന്ദ്രത്തിനായി പാസ്സാക്കിയിരിക്കുന്ന ഒന്നരക്കോടി രൂപയും ദേവാലയത്തിന്റെ വികസനം ത്വരിത ഗതിയിലാക്കുന്നതിന് സാഹായിക്കുന്നു.
തോമാശ്ലീഹായുടെ കബറിടം മൈലാപ്പൂരിൽ കുടികൊള്ളുന്നു
ഭാരതത്തിന്റെ അപ്പസ്തോലനായ മാർത്തോമാ ശ്ലീഹായുടെ പാദ സ്പർശനമേറ്റ പരിപാവനമായ കൊടുങ്ങല്ലൂർ അഴീക്കോടിലെ മാർത്തോമാ നഗറിലുള്ള മാർത്തോമാ പൊന്തിഫിക്കൽ തീർത്ഥ കേന്ദ്രം സന്ദർശിച്ച് ഭക്ത്യാദരപൂർവ്വം മദ്ധ്യസ്ഥ പ്രാർത്ഥന നടത്തി തിരുശേഷിപ്പ് വന്ദിക്കുന്നവർക്ക് വിശ്വാസ ജീവിതത്തിന്റെ കരുത്ത് വർദ്ധിപ്പിക്കാനാകുമെന്നതിൽ തെല്ലും സംശയമില്ല.

തോമാശ്ലീഹാ സ്ഥാപിച്ച മറ്റു ദേവാലയങ്ങൾ പാലയൂർ, കോട്ടക്കാവ്, കോക്കമംഗലം, നിലക്കൽ , നിരണം, കൊല്ലം, തിരുവിതാംകോട്, മലയാറ്റൂർ, മൈലാപ്പൂർ എന്നിവിടങ്ങളിലാണ്. തോമാശ്ലീഹായുടെ രക്തസാക്ഷിത്വം എ. ഡി. 72 ജൂലൈ 3 നാണ്. തോമാശ്ലീഹായുടെ കബറിടം മൈലാപ്പൂരിൽ കുടികൊള്ളുന്നു. ഈ വിശുദ്ധന്റെ രക്തസാക്ഷിത്വം ഓർക്കുന്ന ദുക്റാന തിരുനാളായി ആചരിക്കുന്നു.
മാർത്തോമാ പൊന്തിഫിക്കൽ തീർഥ കേന്ദ്രത്തിൽ സദൈയത്തിൽ കണ്ണും നട്ട് വർഷം തോറും സഭൈക്യ വാരാചരണം നടത്തിവരുന്നു. മത സൗഹാർദ്ദം ലക്ഷ്യം വച്ച് 2014 മുതൽ ഇഫ്താർ വിരുന്ന്, ഓണാഘോഷം, രാമായണമാസാചരണം എന്നിവക്കും തുടക്കം കുറിച്ചു. ദീപാലങ്കാരം, വെടിക്കെട്ട്, കലാവിരുന്ന് മുതലായവ കഴിവതും ഒഴിവാക്കി ആ തുക പാവങ്ങൾക്ക് വേണ്ടി മാറ്റി വക്കുകയും ചെയ്തു പോരുന്നു. അങ്ങനെ പ്രസുദേന്തിമാർ തീർത്ഥ കേന്ദ്രത്തോടൊപ്പം ജന നന്മയിൽ പങ്കാളിയാകുന്നു.
തയാറാക്കിയത് - സുരേഷ് അന്നമനട
Leave A Comment