വിശുദ്ധനായ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ
വാൽക്കണ്ണാടി
കേരള നവോത്ഥാന ചരിത്രത്തിൽ തിളക്കമാർന്ന ഒരു അദ്ധ്യായം രചിച്ച വ്യക്തി പ്രഭാവമാണ് വിശുദ്ധനായ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ. ഒരു ക്രൈസ്തവ പുരോഹിതനായി കർമ്മ നിരതമായ ജീവിതം ആരംഭിച്ച ചാവറയച്ചൻ പൗരോഹിത്യ ജീവിതം സാമൂഹ്യ പ്രവർത്തനത്തിനുള്ള മാർഗമായി മാറ്റുകയായിരുന്നു. പൊതു സമൂഹ നിർമ്മിതിക്ക് അടിത്തറയിടും വിധം ആർജ്ജവമുള്ള പ്രവർത്തനങ്ങളുമായിരുന്നു ചാവറയച്ചൻ കാഴ്ച വച്ചത്. ആ പുണ്യ ശ്ലോകന്റെ 420 -ആം ജന്മ വാർഷികം കടന്നു പോകുന്നു.
പള്ളിപ്പുറം സെമിനാരിയിലെ ദിനങ്ങൾ
ആലപ്പുഴ ജില്ലയിലുള്ള കൈനകരിയിലെ പുരാതനമായ കിഴക്കേ ചാവറ കുടുംബത്തിൽ 1805 ഫെബ്രുവരി പത്തിന് കുര്യാക്കോസിന്റെയും മറിയത്തിന്റെയും മകനായി ഏലിയാസ് പിറന്നു. ചേന്നാങ്കരി പള്ളിയിൽ വച്ചായിരുന്നു കുഞ്ഞു കുര്യാക്കോസിന്റെ മാമോദീസ. ആശാൻ കളരിലിയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചേന്നാങ്കരി പാരിഷിൽ 1861 -ൽ കുര്യാക്കോസ് വൈദിക പഠനത്തിനായി ചേർന്നു. പിന്നീട് രണ്ടു വർഷത്തിനു ശേഷം പള്ളിപ്പുറം സെമിനാരിയിൽ വിദ്യാർത്ഥിയായി. പള്ളിപ്പുറം സെമിനാരിയിലെ വൈദികനായ മൽപ്പാൻ തോമസ് പാലക്കലിന് വൈദിക വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിൽ പ്രത്യേക രീതികൾ ഉണ്ടായിരുന്നു.
സാഹിത്യത്തിലേക്കും ഭാഷയിലേക്കും ചാവറയച്ചനെ കൈ പിടിച്ചുയർത്തിയത് പള്ളിപ്പുറം സെമിനാരിയിലെ ദിനങ്ങളാണ്. ചാവറ കുര്യാക്കോസ് 1829 -ൽ പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു. ആ മനസ്സ് ആത്മീയതയുടെ പുതിയ തലം കണ്ടെത്തുകയായിരുന്നു. പാലക്കൽ തോമസ് മൽപ്പാൻ. തോമാസ് പോരൂക്കര മൽപ്പാൻ എന്നിവരുടെ ചിന്തകളും പ്രവർത്തനങ്ങളും ചാവറയച്ചന്റെ ആത്മീയതയെ പ്രത്യക്ഷമായി തന്നെ സ്വാധീനിക്കുകയുണ്ടായി.
കർമ്മലീത്ത നിഷ്‌പാദുക മൂന്നാം സഭ
വൈദികരുടെ ഇടയിൽ ഒരു സന്യാസ സഭ സ്ഥാപിക്കുക എന്ന ആഗ്രഹം 1828 -1829 കാലങ്ങളിൽ മൗറേലിയൂബ് സത്ബിലിനി മെത്രാന്റെ മുന്നിൽ അവതരിപ്പിക്കുകയുണ്ടായി. അദ്ദേഹം ആദ്യം താല്പര്യം കാണിച്ചില്ലെങ്കിലും പിന്നീട് സന്തോഷ പൂർവ്വം അതിന് അനുവാദം നൽകുകയും ചെയ്തു. കോട്ടയം ജില്ലയിലെ മാന്നാനത്ത് 1831ൽ സ്ഥാപിച്ച ആശ്രമമാണ് ഇപ്പോൾ ബി എം ഐ എന്നറിയപ്പെടുന്ന സാന്യാസസംഘം. 1861 മുതൽ കർമ്മലീത്ത നിഷ്‌പാദുക മൂന്നാം സഭ എന്നാണ് സംഘം അറിയപ്പെട്ടിരുന്നത്.
ഇന്ത്യയിൽ രൂപം കൊണ്ട് നില നിന്ന് പോരുന്ന ക്രിസ്തീയ സന്യാസ സഭകളിൽ ആദ്യത്തേതാണ് ഈ സന്യാസ സഭ. പാലക്കൽ, പോരൂക്കര, ചാവറയച്ചൻമാരുടെ നേതൃത്വത്തിൽ രൂപം കൊണ്ട സഭയുടെ പ്രാരംഭ പ്രവർത്തനങ്ങളിൽ യാക്കോബ് കണിയാന്തറയുടെ പ്രവർത്തനങ്ങളും എടുത്തു പറയേണ്ടതാണ്. ബേർ വെൻറ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് എന്നായിരുന്നു സഭയുടെ ആദ്യാകാലത്തെ പേര്. 1841 ൽ പോരൂക്കരയച്ചനും ദിവംഗതരാകുന്നതോടൊപ്പം സഭയുടെ പൂർണ്ണ ചുമതല ചാവറയച്ചനിലായി.
ഈ പ്രവർത്തനങ്ങളെയെല്ലാം ഏകോപിപ്പിച്ച് കൊണ്ട് ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ സീറോ മലബാർ സഭയുടെ വികാരി ജനറൽ സ്ഥാനത്തോടൊപ്പം സി എം ഐ യുടെ ഒന്നാമത്തെ പ്രിയോർ എന്ന പദവിയും അലങ്കരിച്ചു. ദേവാലയങ്ങളും പരിസരങ്ങളും അങ്ങേയറ്റം വൃത്തിയായി സൂക്ഷിക്കുന്നതിനും മതകർമ്മങ്ങൾ കൃത്യമായി പാലിക്കുന്നതിനും ചാവറയച്ചൻ പ്രത്യേകം ശ്രദ്ധിച്ചു.
മത വിദ്യാഭ്യാസവും പൊതു വിദ്യാഭ്യാസവും ഒരേ നാണയത്തിന്റെ ഇരു വശങ്ങളായി അദ്ദേഹം കണ്ടു. ചാവറയച്ചൻ ഏതു പ്രവർത്തിക്കും സ്വയം മാതൃകയാക്കുകയും തന്റെ ശിക്ഷ്യരെ കൂടി ആ വഴിയിലേക്ക് നയിക്കുകയും ചെയ്തു. കടമില്ലാത്ത കുടുംബമാണ് ഏറ്റവും സമ്പന്നമായ കുടുംബമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ചാവറയച്ചൻ മരിക്കുന്നതിന് മുൻപ് കൈനകരിയിലെ കുടുംബങ്ങൾക്കു വേണ്ടി എഴുതിയ കുടുംബ വട്ടത്തിൽ ഇതു വ്യക്തമാകുന്നുണ്ട്.
പിടിയരിപ്പിരിവ്, നൂറ്റിക്കഞ്ച്, കെട്ടുതെങ്ങ്
ചാവറയച്ചൻ 1869 -ൽ കൈനകരിയിൽ അഗതി മന്ദിരം സ്ഥാപിച്ചു. മാത്രമല്ല മരണ സഹായ സംഘങ്ങൾ സ്ഥാപിക്കുന്നതിനും ചാവറയച്ചൻ മുൻകൈയെടുത്തു. സാധാരണക്കാർക്ക് വേണ്ടി സ്ഥാപിച്ച സ്‌കൂളിൽ ഉച്ച ഭക്ഷണത്തിനാവശ്യമായ പണം സമ്പാദിക്കുന്നതിനുമായി ചാവറയച്ചൻ കണ്ടെത്തിയ മാർഗമായിരുന്നു പിടിയരി സമ്പ്രദായം. കൂനമ്മാവിലെ മഠം നിർമ്മിക്കുന്ന അവസരത്തിലും പണം സമ്പാദിക്കുന്നതിനായി പിടിയരിപ്പിരിവ് നടപ്പാക്കിയിരുന്നു.
ഓരോരുത്തരും തന്റെ വരുമാനത്തിന്റെ അഞ്ചു ശതമാനം അതാതു വർഷം സാധു അജങ്ങളുടെ സംരക്ഷണത്തിനായി നീക്കി വക്കാൻ നിർദേശമുണ്ടായിരുന്നു. ഇതായിരുന്നു നൂറ്റിക്കഞ്ച്. അത് പോലെ തന്നെ കെട്ടുതെങ്ങ് എന്നൊരു സമ്പ്രദായവും നില നിർത്തി.
ചാവറയച്ചന്റെ സേവനങ്ങൾ
മാന്നാനത്ത് 1846 ൽ സെന്റ് ജോസഫ്‌സ് പ്രസ് ചാവറയച്ചൻ സ്ഥാപിച്ചു. ഈ പ്രസ്സിൽ നിന്നും ആദ്യമായി അച്ചടിച്ച കൃതി ജ്ഞാന പിയൂഷമെന്ന പ്രാർത്ഥന പുസ്തകമാണ്. മലയാളത്തിലെ ആദ്യ ദിന പത്രത്തിന്റെ അച്ചടി ശാലയാകാൻ കഴിഞ്ഞുവെന്നതാണ് മാന്നാനം സെന്റ് ജോസഫ് പ്രസിന്റെ ഏറ്റവും വലിയ ഭാഗ്യം.
മാന്നാനത്ത് 1846 ൽ ചാവറയച്ചൻ സ്ഥാപിച്ച സംസ്‌കൃത സ്‌കൂൾ കേരള ചരിത്രത്തിന്റെ തന്നെ പിടിച്ചുലച്ച സംഭവമാണ്. എല്ലാ പള്ളികളോടും ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിക്കുന്നതിനും അല്ലാത്ത പക്ഷം ശിക്ഷണ നടപടികൾ സ്വീകരിക്കുന്നതുമുള്ള ഉത്തരവു പുറപ്പെടുവിക്കലായിരുന്നു ഇതിൽ പ്രധാനം. ഈ നിർദേശം പാലിക്കാത്ത പള്ളികൾ അടച്ചിടണമെന്ന താക്കീതും ഇതോടൊപ്പം ഉണ്ടായിരുന്നു. സ്‌കൂളിൽ എത്തിച്ചേരുന്ന ദരിദ്രരായ കുട്ടികൾക്ക് ഉച്ചക്കഞ്ഞിയും പാഠ പുസ്തകവും പത്രവും സൗജന്യമായി നൽകാൻ ചാവറയച്ചൻ തീരുമാനിച്ചു. ഇപ്പോൾ 500ൽ പരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സി എം ഐ സഭക്കു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇവ കൂടാതെ സാമൂഹിക സേവന രംഗത്ത് ആശുപത്രികളും ക്ലിനിക്കുകളും പ്രവർത്തിക്കുന്നു. സ്ത്രീ ശാക്തീകരണം എന്ന ചിന്ത പാശ്ചാത്യ നാടുകളിൽപ്പോലും പ്രചരിപ്പിക്കുന്നതിന് മുൻപേ കേരളത്തിൽ പ്രാവർത്തികമാക്കാൻ ചാവറയച്ചന് സാധിച്ചു.
കേരളത്തിലെ ആദ്യ സന്യാസിനി സഭ
മാന്നാനത്ത് 1831 -ൽ സ്ഥാപിച്ച ആശ്രമത്തിന് 1855 ൽ അംഗീകാരം ലഭിച്ചതിനെ തുടർന്ന് സന്യാസിനി മഠം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ ചാവറയച്ചൻ ആരംഭിച്ചു. വാരാപ്പുഴക്കടുത്ത് പുത്തൻപള്ളിയിൽ സ്ഥലം വാങ്ങി കെട്ടിടം പണിയാനുള്ള ശ്രമങ്ങൾ 1859 ൽ തുടങ്ങി.
കേരളത്തിലെ സന്യാസിനി സമൂഹമെന്ന ചാവറയച്ചന്റെ ലക്ഷ്യം സഫലമായി. ഇങ്ങനെ കർമ്മലീത്ത മൂന്നാം സഭ എന്ന പേരിൽ 1866 ൽ സ്ഥാപിച്ചതായിരുന്നു കോൺഗ്രിഗേഷൻ ഓഫ് ദ മദർ ഓഫ് കാർമൽ എന്ന് ഇന്നറിയപ്പെടുന്ന കേരളത്തിലെ ആദ്യ സന്യാസിനി സഭയുടെ ആസ്ഥാന മന്ദിരം. അദ്ദേഹം കൂനമ്മാവ് മഠത്തിനോട് ചേർന്ന് ഒരു സ്‌കൂൾ സ്ഥാപിച്ചു. കേവലമായ മത പ്രചരണ രംഗത്ത് നിന്നും സാമൂഹിക പരിഷ്കരണത്തിന്റെയും സ്ത്രീ വിമോചനത്തിന്റെയും വലിയ ആകാശങ്ങളിലേക്ക് സന്യാസിനി സഭയുടെ പ്രവർത്തനങ്ങൾ വികസിച്ചു.
കേരളത്തിലങ്ങോളം ഇങ്ങോളം സന്യാസി മഠങ്ങളും അവയോടൊപ്പം ബോർഡിങ് സ്‌കൂളുകളും നിലവിൽ വന്നു. കൂനമ്മാവിൽ 1866 ൽ സ്ഥാപിച്ച സന്യാസിനി മഠം കാലഘട്ടത്തിന്റെ ആവശ്യം ആയിരുന്നു. വടക്കേ ഇന്ത്യയിൽ അടക്കം 20 പ്രൊവിൻസുകളും നാല് മിഷൻ റീജണുകളുമായി പ്രവർത്തിക്കുന്ന സി. എം. സിയിൽ വിദേശ രാജ്യങ്ങളിലേതടക്കം സ്ത്രീ അംഗംങ്ങളായുണ്ട്. ഈ സന്യാസിനി സഭയുടെ പ്രവർത്തനങ്ങൾ ഇന്ന് ലോകമെങ്ങും സ്ഥാപിച്ച് കഴിഞ്ഞു.
ചാവറയച്ചന്റെ കൃതികളിൽ ചിലത്
ചാവറയച്ചന്റെ രചനകളായി 112 രേഖകളാണ് കണ്ടെത്തിയിട്ടുള്ളത്. മലയാളത്തിനു പുറമെ തമിഴ്, സംസ്‌കൃതം, ലത്തീൻ, ഇറ്റാലിയൻ, സുറിയാനി, പോർച്ചുഗീസ് ഭാഷകളും ഇവയിൽ കാണാൻ കഴിയും.
ചാവറയച്ചന്റെ സാഹിത്യ കൃതികളിൽ പ്രമുഖം ആത്മാനുതാപമാണ്. ഈ കൃതി 1870 ലാണ് രചിച്ചത്. ഏകദേശം രണ്ടായിരത്തോളം ഈരടികൾ ഉള്ള ഈ കൃതി മഹാകാവ്യ പ്രസ്ഥാനത്തിന് മാതൃകയായി വർത്തിക്കുന്നു. നിരവധി വാങ്മയ ചിത്രങ്ങൾ കൊണ്ട് സമ്പന്നമായ കാവ്യമാണ് ആജ്ഞാനു താപം.
ചാവറയച്ചൻ എഴുതി വച്ച മരണ ശാസനമാണ് ഒരു നല്ല അപ്പന്റെ ചാവരുൾ. കുടുംബത്തെക്കുറിച്ചുള്ള വ്യക്തവും വാചാലവുമായ ചാവറയച്ചന്റെ കാഴ്ചപ്പാടുകൾ ഇതിൽ കാണാം.
നന്മയുടെയും തിന്മയുടെയും പോരാട്ടമാണ് അനസ്‌താസ്വയുടെ രക്തസാക്ഷ്യം. 182 വരികൾ ഉള്ള ഈ ഖണ്ഡ കാവ്യം രചിക്കപ്പെട്ടത് 1861 ലാണ്.
ആദ്ധ്യാത്മിക ജീവിതത്തിലെ ഡയറിക്കുറിപ്പുകളാണ് ചാവറയച്ചന്റെ ധ്വാന സല്ലാപങ്ങൾ എന്ന കൃതി. മരണത്തോടനുബന്ധിച്ച വിശ്വാസ സത്യങ്ങൾ സ്വത സിദ്ധമായ ശൈലിയിൽ അവതരിപ്പിക്കുകയാണ് മരണവീട്ടിൽ പാടുന്നതിവാനുള്ള പാനയിൽ.
ചാവറയച്ചന്റെ കത്തുകൾ എന്നാൽ അകലെ മാർപ്പാപ്പയ്ക്ക് അയച്ച കത്ത് മുതൽ തൊട്ടടുത്ത മഠത്തിലേക്ക് കൊടുത്തയക്കുന്ന കുറിപ്പുകൾ വരെ ഉൾപ്പെടും. ചാവറയച്ചന്റെ മറ്റൊരു കൃതിയാണ് നാളാഗമങ്ങൾ. 1864 ലാണ് ഇത് രചിച്ചത്. ചാവറയച്ചൻ ഇടയ നാടകങ്ങളും രചിച്ചിട്ടുണ്ട്.
ചാവറയച്ചൻ സ്ഥാപിച്ച മാളയിലെ ചരിത്ര പ്രസിദ്ധ സന്യാസാശ്രമം
മാളയിലുള്ള ചരിത്ര പ്രസിദ്ധമായ കോട്ടക്കൽ സെന്റ് തെരേസാസ് സന്യാസാശ്രമം ചാവറയച്ചൻ സ്ഥാപിച്ചതാണ്. ചാവറയച്ചന്റെ പൂജാവശിഷ്ടങ്ങൾ കൂനമ്മാവ് ദേവാലയത്തിൽ നിന്നും 1889 മെയ് 24 നു മാന്നാനം ആശ്രമ ദേവാലയം സ്ഥാപിച്ചു. ജോൺ പോൾ രണ്ടാമൻ മാർപാപ്പ റോമിൽ വച്ച് 1984-ൽ ഏപ്രിൽ ഏഴിന് ധന്യനായി പ്രഖ്യാപിച്ചു.
കേന്ദ്ര ഗവണ്മെന്റ് 1989 -ൽ അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം തപാൽ സ്റ്റാമ്പ് പുറത്തിറക്കി. ഭാരതത്തിലെ ആദ്യത്തെ വാഴ്ത്തപ്പെട്ടവനായി ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1986 ഫെബ്രുവരി എട്ടിനാണ് പ്രഖ്യാപിച്ചത്. ചാവറയച്ചൻ കത്തോലിക്കാ സഭയുടെ വിശുദ്ധനായി 2014-ൽ പ്രഖ്യാപിക്കപ്പെട്ടു.
വലിയ പ്രിയോറച്ചൻ എന്ന പ്രസിദ്ധമായ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ 1871 ജനുവരി മൂന്നിന് ഈ ലോകത്തോട് വിട പറഞ്ഞു. അദ്ദേഹം അവസാന കാലത്ത് കൂനമ്മാവിലായിരുന്നു ചെലവഴിച്ചത്.
തയ്യാറാക്കിയത് - സുരേഷ് അന്നമനട
Leave A Comment