കുടുംബശ്രീയുടെ പേരിൽ വായ്പാ തട്ടിപ്പ്: രണ്ടു പേർ അറസ്റ്റിൽ
പള്ളുരുത്തി: കുടുംബശ്രീയുടെ പേരിൽ വ്യാജ രേഖകൾ ഉപയോഗിച്ച് കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പള്ളുരുത്തിയിൽ രണ്ടു പേരെ പോലീസ് പിടികൂടി.പള്ളുരുത്തി സ്വദേശികളായ എസ്ഡിപിവൈ റോഡിൽ കളത്തിപ്പറമ്പ് ദീപ (41), നമ്പ്യാപുരം തൈക്കൂട്ട് പറമ്പിൽ നിഷ (41) എന്നിവരെയാണ് മട്ടാഞ്ചേരി അസി. കമ്മീഷണർ കെ.ആർ. മനോജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. രണ്ട് പേരും തട്ടിപ്പിലെ പ്രധാന ഏജന്റുമാരാണെന്ന് പോലീസ് പറഞ്ഞു.
അറസ്റ്റിലായ നിഷ ‘ദൃശ്യ’ എന്ന കുടുംബശ്രീ ഗ്രൂപ്പിലെ അംഗവും ദീപ മൈക്രോഫിനാൻസ്കാർക്ക് വായ്പ നൽകുന്നതിനായി ആവശ്യക്കാരെ കണ്ടെത്തുന്ന ആളുമാണ്. ഇത്തരത്തിൽ മൈക്രോ ഫിനാൻസ് വായ്പയ്ക്കായി ശേഖരിച്ച രേഖകൾ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഏഴ് കുടുംബശ്രീ ഗ്രൂപ്പുകളിൽ നിന്നായി ഒരു കോടിയോളം രൂപയാണ് ഇവർ തട്ടിയെടുത്തത്.
അന്വേഷണത്തിൻ കൗൺസിലർമാരുടെ സീലും ഒപ്പും വ്യാജമാണെന്ന് ആദ്യ ഘട്ടത്തിൽ പോലീസിന് വ്യക്തമായിരുന്നു. ഇതിനെ തുടർന്ന് തെളിവുകൾ ശേഖരിച്ച് ഇന്നലെ രാവിലെയാണ് പോലീസ് ഇരുവരെയും വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. പിടിയിലായവർ വായ്പാ തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണികൾ മാത്രമാണെന്നാണ് പോലീസ് പറയുന്നത്.
നിർജീവമായ അയൽക്കൂട്ടങ്ങളുടെ പേരിലാണ് അറസ്റ്റിലായവർ തട്ടിപ്പ് നടത്തിയത്. പശ്ചിമകൊച്ചി മേഖലയിലെ ചില ഡിവിഷനുകളിലാണ് കൗൺസിലർ, സിഡിഎസ്, എഡിഎസ് ഭാരവാഹികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ വ്യാജ ഒപ്പും സീലും രേഖകളും തയാറാക്കി ഇവർ തട്ടിപ്പു നടത്തിയത്.തട്ടിപ്പ് പുറത്ത് വന്നതോടെ നിരവധി വീട്ടമ്മമാരെ പോലീസ് ചോദ്യം ചെയ്യുന്നതിന് വിളിപ്പിച്ചിരുന്നു. വായ്പ തട്ടിപ്പിനെ തുടർന്ന് ബാങ്കിൽ നിന്ന് തട്ടിപ്പിനായി സമർപ്പിച്ച രേഖകൾ പിടിച്ചെടുത്തിരുന്നു.
കൊച്ചി നഗരസഭ 13, 20 ഡിവിഷനുകളിലെ കൗൺസിലർമാരായ വി.എ ശ്രീജിത്ത്, പി.എസ്. വിജു എന്നിവർ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണം പോലീസ് ശക്തമാക്കിയത്. പോലീസ് കമ്മീഷണർ കെ. സേതുരാമന്റെ നിർദേശപ്രകാരം മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ കെ.ആർ. മനോജ്, പള്ളുരുത്തി പോലീസ് ഇൻസ്പെക്ടർ കെ.എസ്. ജയൻ, എസ്ഐമാരായ മനോജ്, മുനീർ, സിബി ടി. ദാസ്, എഎസ്ഐ സമദ്, സിപിഒ സവിത എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
Leave A Comment