ക്രൈം

ആദിവാസി യുവതിയെ കൊലപ്പെടുത്തിയ കേസ്; ഒളിവില്‍ പോയ ഭര്‍ത്താവ് അറസ്റ്റില്‍

ചാലക്കുടി: പെരിങ്ങൽ കുത്ത് കെ.എസ്.ഇ.ബി. ക്വാർട്ടേഴ്സിൽ ആദിവാസി യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ പോയ ഭര്‍ത്താവ് അറസ്റ്റില്‍. കെ.എസ്.ഇ.ബി.ഓഫീസിലെ താൽക്കാലിക സ്ലീപ്പറായ ജാനകിയുടെ മകൾ  ഗീത(38)യെ വ്യായാഴ്ച രാവിലെയാണ് വീടിനകത്ത്  മരിച്ച നിലയിൽ കണ്ടത്. യുവതിയുടെ ഭർത്താവ് സുരേഷാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസിന് കണ്ടെത്തിയിരുന്നു . 

സംഭവശേഷം കാട് കയറിയ ഇയാൾക്കായി ചാലക്കുടി ഡിവൈഎസ്പി ടി എസ് സിനോജ് അതിരപ്പിള്ളി എസ എച്ച് ഒ ലൈജു മോൻ  എന്നിവരുടെ  നേതൃത്വത്തിലുള്ള സംഘം വ്യാപക തിരച്ചിൽ ആരഭിച്ചിരുന്നു. വെള്ളിക്കുളങ്ങര ആനന്തം സ്വദേശിയായ സുരേഷിനെ ഇന്ന് രാവിലെ ആനന്തം ശാസ്താപൂവം ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട ആദിവസിക്കുടിലിൽ നിന്നുമാണ്  പിടികൂടിയത്.

കല്ലുകൊണ്ട് തലയ്‌ക്കേറ്റ അടിയാണ് ഗീതയുടെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഗീതയും സുരേഷും മദ്യപിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ബുധനാഴ്ച രാത്രിയിലും പെരിങ്ങൽക്കുത്ത് ഡാമിന്റെ പരിസരത്ത് ഇരുന്ന് ഇരുവരും മദ്യപിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു. തുടർന്ന് നാട്ടുകാർ അതിരപ്പിള്ളി പോലീസിൽ വിവരമറിച്ചതിനെ തുടർന്ന് പോലീസ് എത്തി കാര്യങ്ങൾ തിരക്കുന്നതിനിടയിൽ ഗീതയും സുരേഷും വീട് വിട്ടിറങ്ങുകയായിരുന്നു. ഇതിന് ശേഷമാണ് ഗീത മരിച്ച് കിടക്കുന്ന നിലയിൽ വീടിനകത്ത് കണ്ടത്. സുരേഷ് ഗീതയെ മറ്റൊരിടത്ത് വെച്ച് അപായപ്പെടുത്തിയ  ശേഷം മൃതദേഹം വീട്ടിൽ കൊണ്ടു വന്നിട്ടതാകാമെന്നായിരുന്നു നിഗമനം.

മദ്യപിച്ച് വഴക്കിട്ടാൽ ഗീതയെ ഇയാൾ ഭേദ്യം  ചെയ്യുന്നത് പതിവാണ്. ഇതേ കേസിൽ   സുരേഷ്   ജയിലിൽ കിടന്നിട്ടുണ്ട്. പിന്നീട്  ഗീത തന്നെ പോയി ഇയാളെ ജാമ്യത്തിൽ ഇറക്കുകയാണ് പതിവ് . പിടിയിലായ സുരേഷിനെ ചോദ്യം ചെയ്യുന്നതുൾപ്പടെയുള്ള തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.

Leave A Comment