ക്രൈം

നടി ഗൗതമിയുടെ 25 കോടിയുടെ ഭൂമി തട്ടിയെടുത്ത കേസിലെ പ്രതികള്‍ കുന്ദംകുളത്ത് പിടിയില്‍

കുന്ദംകുളം: സിനിമാ നടി ഗൗതമിയുടെ  25 കോടിയോളം രൂപ മൂല്യം വരുന്ന 46 ഏക്കർ സ്ഥലം തട്ടിയെടുത്ത സംഭവത്തിലെ പ്രതികളെ തമിഴ്നാട് പോലീസ്  കുന്നംകുളത്ത് നിന്നും പിടികൂടി. തമിഴ്നാട് സ്വദേശികളായ അഴകപ്പൻ ഭാര്യ ആർച്ച മകൻ ശിവ മകന്റെ ഭാര്യ ആരതി ഡ്രൈവർ സതീഷ് കുമാർ എന്നിവർ ഉൾപ്പെടെ അഞ്ച് പേരെയാണ് തമിഴ്നാട് പോലീസ്  പിടികൂടിയത്. 

തമിഴ്നാട് ഡിവൈഎസ്പി ജോൺ വിറ്ററിന്റെ നേതൃത്വത്തിലുള്ള 10 അംഗ പോലീസ് സംഘം ആണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ ചൂണ്ടലില്‍ വാടകയ്ക്ക് താമസിച്ചു വരുന്നുണ്ടെന്ന രഹസ്യ  വിവരത്തിന്‍റെ  അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവര്‍ക്ക് ചുണ്ടലില്‍  ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തു നല്‍കിയത് കുന്നംകുളത്തെ ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകനാണെന്ന് സൂചനയൂണ്ട്.  ശ്രീ പെരുംപുതൂരില്‍ ഉള്‍പ്പെടെ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലായുള്ള ഭൂമിയാണ് തട്ടിയെടുക്കപ്പെട്ടതെന്നും താനും മകളും  വധഭീഷണി നേരിടുകയാണെന്നും ഗൗതമി നേരത്തെ പരാതി നല്‍കിയിരുന്നു.

ചെന്നൈ പൊലീസ് കമ്മിഷണര്‍ക്കാണ് പരാതി നല്‍കിയിരുന്നത്. പിന്നാലെ  ഗൗതമിയെ വിളിച്ചുവരുത്തി പൊലീസ് വിശദമായ മൊഴിയും എടുത്തിരുന്നു. തന്‍റെ മോശം ആരോഗ്യസ്ഥിതിയും മകളുടെ പഠനം ഉള്‍പ്പെടെയുള്ള ചെലവുകളും മുന്നില്‍ക്കണ്ടാണ് സ്ഥലം വില്‍ക്കാനുള്ള തീരുമാനത്തില്‍ എത്തിയതെന്ന് ഗൗതമി  പറഞ്ഞിരുന്നു.

46 ഏക്കര്‍ വരുന്ന സ്ഥലം വിറ്റുതരാമെന്ന് അറിയിച്ച് അഴകപ്പന്‍ എന്ന കെട്ടിട നിര്‍മ്മാതാവും ഭാര്യയും സമീപിച്ചതെന്ന് ഗൗതമി പരാതിയില്‍ പറഞ്ഞിരുന്നു.  വിശ്വസനീയതയോടെ പെരുമാറിയിരുന്ന അവര്‍ക്ക് താന്‍ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കുകയായിരുന്നുവെന്നും, എന്നാല്‍ വ്യാജ രേഖകളും തന്‍റെ ഒപ്പും ഉപയോഗിച്ചാണ്  തന്‍റെ 25 കോടിയോളം രൂപയുടെ സ്വത്തുക്കള്‍ തട്ടിയതെന്നും  ഗൗതമി പരാതിയില്‍  ആരോപിച്ചിരുന്നു. വിഷയത്തില്‍ പിന്തുണ ലഭിക്കാത്തതിനാല്‍ 20 വര്‍ഷമായി അംഗമായ ബിജെപിയില്‍ നിന്നും താന്‍ രാജി വെച്ചതായും ഗൗതമി അറിയിച്ചിരുന്നു.

Leave A Comment