ജില്ലാ വാർത്ത

ഗുരുവായൂർ ഗോകുല്‍ ചരിഞ്ഞതിനെ കുറിച്ച് വനം വകുപ്പ് അന്വേഷിക്കുന്നില്ലെന്ന് പരാതി

തൃശൂർ: ഗുരുവായൂര്‍ ആനത്താവളത്തില്‍ ഗോകുല്‍ എന്ന കൊമ്പന്‍ ക്രൂരമര്‍ദനത്തിന് ഇരയായാണ് ചരിഞ്ഞതെന്ന ആരോപണം അന്വേഷിക്കാന്‍ വനം വകുപ്പിന് വൈമുഖ്യമെന്ന് പരാതി. വനം വകുപ്പിന്‍റെ നിസംഗതക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. 

ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ ഗോകുല്‍ തിങ്കളാഴ്ച ഉച്ചയ്ക്കാണ് ചരിഞ്ഞത്. ഇന്നലെ പുലര്‍ച്ചെ ജഡം കോടനാട് വനത്തിലേക്ക് കൊണ്ടുപോയി പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌കരിച്ചു.

കഴിഞ്ഞ ഫെബ്രുവരി 13ന് കൂട്ടാനയുടെ കുത്തേറ്റതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചതാണ് മരണ കാരണം എന്ന പ്രാഥമിക നിഗമനത്തിലാണ് വനം വകുപ്പ്. കഴിഞ്ഞ ദിവസം പാപ്പാന്മാരുടെ ക്രൂര മര്‍ദനത്തിന് ഇരയായെന്ന ആരോപണം വനം വകുപ്പ് മുഖവിലക്കെടുത്തിട്ടില്ല. 

തല്‍ക്കാലം ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നില്ലെന്നും രാസപരിശോധനാഫലം വരുന്ന മുറയ്ക്ക് അന്വേഷിക്കാമെന്നും സോഷ്യല്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അനില്‍ കുമാര്‍ പറഞ്ഞു.

Leave A Comment