ജില്ലാ വാർത്ത

വ്യാജ ലഹരി കേസ്; ഷീലയുടെ ബാഗില്‍ എല്‍എസ്ഡി എന്ന് സംശയിക്കുന്ന വസ്തു വച്ച ബന്ധു ഒളിവില്‍

ചാലക്കുടി: വ്യാജ ലഹരി കേസില്‍ ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലയുടെ ബാഗില്‍ വ്യാജ എല്‍എസ്ഡി വച്ചെന്ന് സംശയിക്കുന്ന ബന്ധു ഒളിവിലെന്ന് അന്വേഷണസംഘം. ഇവര്‍ക്ക് ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കി കാത്തിരിക്കുകയാണെന്നുമാണ് അന്വേഷണസംഘത്തിന്‍റെ
വിശദീകരണം.

ഷീലയുടെ ബാഗില്‍ എല്‍എസ്ഡി ഉണ്ടെന്ന് തനിക്ക് വിവരം ലഭിച്ചത് ഇന്‍റർനെറ്റ് കോളില്‍നിന്ന് ആണെന്നാണ് ഇവരെ അറസ്റ്റ് ചെയ്ത എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സതീശന്‍റെ മൊഴി. എന്നാൽ ഈ കോള്‍ ആരുടേതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിന് സൈബര്‍ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ടെന്നും അന്വേഷണസംഘം പറയുന്നു.

ബംഗളൂരുവില്‍നിന്നെത്തിയ ഈ ബന്ധു തന്‍റെ വാഹനത്തിലിരുന്ന ബാഗില്‍ മയക്കുമരുന്നെന്ന് സംശയിക്കുന്ന വസ്തു വച്ചെന്നാണാണ് ഷീലയുടെ ആരോപണം. എക്‌സൈസ് കൊണ്ടുപോയ എല്‍എസ്ഡി സ്റ്റാമ്പ് പോലുള്ള ഈ വസ്തു പരിശോധിച്ചപ്പോള്‍ കടലാസ് മാത്രമാണെന്ന് സ്ഥിരീകരിച്ചിരുന്നു.

ഇതോടെ 72 ദിവസം വിയ്യൂര്‍ ജയിലില്‍ കിടന്ന ഷീലയെ മോചിപ്പിക്കുകയായിരുന്നു. ആരോ വിളിച്ചു പറഞ്ഞതനുസരിച്ചെന്ന പോലെയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ തന്‍റെ ബ്യൂട്ടി പാര്‍ലറില്‍ വന്ന് മറ്റൊന്നും പരിശോധിക്കാതെ ബാഗ് മാത്രം ചോദിച്ചതെന്ന് ഷീല ആരോപിച്ചു.

ബാഗ് സ്‌കൂട്ടറിലാണെന്ന് പറഞ്ഞപ്പോള്‍ മകനെ വിളിച്ചു വരുത്താന്‍ പറയുകയും പിന്നീട് ബാഗെടുത്ത് കൃത്യമായി അതിന്‍റെ അറയില്‍ വച്ചിരുന്ന എല്‍എസ്ഡി സ്റ്റാന്പെന്ന് പറയുന്ന വസ്തു എടുത്തുകൊണ്ടുപോകുകയുമായിരുന്നെന്ന് ഷീല പറഞ്ഞു.

തുടര്‍ന്ന് എക്‌സൈസ് ഓഫീസിലെത്തിക്കുകയും പിന്നീട് ജയിലിലടയ്ക്കുകയും ചെയ്തു. എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നു. എക്‌സൈസ് ഉദ്യോഗസ്ഥരോട് താന്‍ ഇങ്ങനെയൊന്നും ചെയ്യാറില്ലെന്നും അതിന്‍റെ ആവശ്യമില്ലെന്നും പറഞ്ഞിട്ടും ഒന്നും കേട്ടില്ലെന്നും ഷീല പ്രതികരിച്ചിരുന്നു.

Leave A Comment