ജില്ലാ വാർത്ത

നാല് ജീവനക്കാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം:കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അച്ഛനെയും മകളെയും മര്‍ദിച്ച സംഭവത്തില്‍ നാല് ജീവനക്കാരെ കെ എസ് ആര്‍ ടി സി സസ്‌പെന്‍ഡ് ചെയ്തു.ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്ആർ സുരേഷ് കുമാർ, കണ്ടക്ടർ എൻ അനിൽകുമാർ, അസിസ്റ്റന്റ് സി പി മിലൻ ഡോറിച്ച് എന്നിവരെയാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്.

നേരത്തെ സംഭവത്തില്‍ അഞ്ചിലേറെ ജീവനക്കാര്‍ക്കെതിരെ കേസെടുത്തിരുന്നു. കാട്ടാക്കട പൊലീസാണ് കേസെടുത്തത്. കോഴ്സ് സര്‍ട്ടിഫിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ മകളുടെ മുന്നില്‍ വച്ച്‌ അച്ഛനെ മര്‍ദ്ദിച്ചത്. തടയാന്‍ എത്തിയ മകളേയും ആക്രമിച്ചു.

ആമച്ചല്‍ സ്വദേശി പ്രേമലനാണ് മര്‍ദനമേറ്റത്. പരിക്കേറ്റ ഇയാളെ കാട്ടാക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കണ്‍സഷന്‍ നല്‍കാത്തതിന്റെ കാരണം തേടിയ പ്രേമലനോട് ജീവനക്കാര്‍ കയര്‍ക്കുകയും തര്‍ക്കിച്ചപ്പോള്‍ മൂന്ന് പേര്‍ ചേര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മകള്‍ക്ക് പരിക്കേറ്റത്

മലയന്‍കീഴ് സര്‍ക്കാര്‍ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുടെ കണ്‍സെഷന്‍ ടിക്കറ്റ് എടുക്കാനാണ് പ്രേമലന്‍ മകള്‍ക്കൊപ്പം ഡിപ്പോയില്‍ എത്തിയത്.

Leave A Comment