ആലുവയിലെ ആറു കോടതികൾ ഒരു കുടക്കീഴിലേക്ക്
ആലുവ: ആലുവയിൽ പുതിയ കോടതി കെട്ടിട സമുച്ചയത്തിനായി സർക്കാർ 37 കോടി രൂപ അനുവദിച്ചു. നിലവിലെ പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ അഞ്ചുനില കെട്ടിടം നിർമിക്കുന്നതിനാണ് തുക അനുവദിച്ചത്. ദശകങ്ങളായി ജനങ്ങളും അഭിഭാഷകരും ഉന്നയിച്ച നിരന്തര ആവശ്യമാണ് സർക്കാർ അംഗീകരിച്ചിരിക്കുന്നത്.
നിലവിൽ സബ് ജയിലിന് സമീപത്തെ ആലുവ കോടതിയിൽ ഒരു മുൻസിഫ് കോടതി, രണ്ട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതികൾ എന്നിവയാണ് പ്രവർത്തിക്കുന്നത്. സീനത്ത് ജംഗ്ഷനിൽ താത്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പോസ്കോ കോടതി, ആലുവയ്ക്ക് അനുവദിച്ച കുടുംബകോടതി എന്നിവയും പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കും. ഇത് കൂടാതെ പുതിയ കെട്ടിടത്തിൽ അഡീഷണൽ ചീഫ് ജുഡീഷ്യൽ കോടതിയും ഉണ്ടാകും.
പദ്ധതിക്കു വേണ്ട ഭരണാനുമതി സർക്കാരിൽനിന്നു ലഭിച്ചതായി അൻവർ സാദത്ത് എംഎൽഎ അറിയിച്ചു. പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി സാങ്കേതികാനുമതി ലഭിച്ചാൽ ടെണ്ടർ നടപടികൾ പൂർത്തിയാക്കി നിർമാണം ആരംഭിക്കുവാൻ സാധിക്കുമെന്ന് എംഎൽഎ പറഞ്ഞു. അതിനു മുമ്പായി നിലവിലെ കോടതികൾ അര കിലോമീറ്റർ ദൂരെയുള്ള ബിഎസ്എൻഎൽ കെട്ടിട സമുച്ചയത്തിലേക്ക് മാറ്റും.
കോടതിയുടെ ഉടമസ്ഥതയിലുള്ള 85.593 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം ഉയരുക. മൊത്തം 79,172 ചതുരശ്ര അടി ആയിരിക്കും പുതുതായി നിർമിക്കുന്ന കോടതികളുടെ വിസ്തീർണം. ആലുവക്ക് പുതിയ കോടതി സമുച്ചയം നിർമിക്കുന്നതിന് ഭരണാനുമതി നൽകിയ മുഖ്യമന്ത്രി പിണറായി വിജയനും, നിയമമന്ത്രി പി. രാജീവിനും നന്ദി അറിയിക്കുന്നതായി അൻവർ സാദത്ത് എംഎൽഎ അറിയിച്ചു.
Leave A Comment