സ്വിഗ്ഗി ജീവനക്കാരുടെ സമരം മൂന്നാം ദിവസത്തിലേക്ക്: ഭക്ഷണവിതരണം തടസപ്പെട്ടു
കൊച്ചി: സ്വിഗി ജീവനക്കാർ അനിശ്ചിതകാല സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ എറണാകുളം ജില്ലയിൽ ഓണ്‍ലൈൻ ഭക്ഷണവിതരണം തടസപ്പെട്ടു. സ്വിഗ്ഗി മാനേജ്മെന്‍റിനെതിരേ ഫുഡ് ഓണ്‍ലൈൻ ഡെലിവറി വർക്കേഴ്സ് യൂണിയന്‍റെ (എഐടിയുസി) നേൃത്വത്തിലാണ് സമരം നടത്തുന്നത്. വൈറ്റില സ്വിഗ്ഗി ഡെസ് പാച്ച് സോണ്‍ ഓഫീസിനു മുന്നിലും ഹോട്ടലുകൾക്കു മുന്നിലും ഓർഡർ സ്വീകരിക്കാതെയാണ് തൊഴിലാളികളുടെ പ്രതിഷേധം. ജില്ലയിൽ 80 ശതമാനം തൊഴിലാളികളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ നാല് കിലോമീറ്ററിന് 20 രൂപയിൽ നിന്ന് 30 ആക്കണമെന്നായിരുന്നു തൊഴിലാളികൾ ആവശ്യപ്പെട്ടത്. അതിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും എട്ട് രൂപ വീതം നൽകണമെന്നും ജീവനക്കാരും ട്രേഡ് യൂണിയൻ നേതാക്കളും ആവശ്യപ്പെട്ടു. എന്നാൽ നിരക്ക് വർധനയൊഴികെയുള്ള മറ്റ് ചർച്ചകൾ ആകാമെന്നും അവ പരിഹരിക്കാമെന്നുമാണ് സ്വിഗ്ഗി അധികൃതർ നിലപാടെടുത്തതോടെ ചർച്ച പരാജയപ്പെടുകയായിരുന്നു.
ഓർഡറുകൾ പുറത്തുള്ള ഏജൻസികൾക്ക് നൽകരുത്, തൊഴിലാളിക്ക് നൽകുന്ന ടിപ് കൃത്യമായി കൈമാറണം തുടങ്ങിയ ആവശ്യങ്ങളും തൊഴിലാളികൾ മുന്നോട്ട് വച്ചു. കഴിഞ്ഞ ഒക്ടോബറിലും ജീവനക്കാർ സമരം നടത്തിയിരുന്നു. എന്നാൽ രണ്ടാഴ്ചക്കുള്ളിൽ പരിഹരിക്കാമെന്ന അധികൃതരുടെ ഉറപ്പിൽ ജീവനക്കാർ ഈ സമരം പിൻവലിക്കുകയായിരുന്നു.
അതേസമയം വിതരണക്കാർക്കുള്ള വിഹിതം കുറയുന്നതിൽ സൊമാറ്റോ വിതരണക്കാരും സമരത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്. സമരപരിപാടികളുടെ ഭാഗമായി ഇന്ന് കൊച്ചിയിൽ യോഗം ചേരുന്നുണ്ട്. ഐടി സ്ഥാപനങ്ങൾ ഏറെയുള്ള കൊച്ചിയിൽ ഏറെപ്പേർ ഓണ്‍ലൈൻ ഭക്ഷണ ശൃംഖലയെയാണ് ആശ്രയിക്കുന്നത്.
Leave A Comment