ഖാർഗെയോ തരൂരോ; കോൺഗ്രസ് അധ്യക്ഷനെ ഇന്നറിയാം
ന്യൂഡൽഹി: മല്ലികാർജുൻ ഖാർഗെ ആണോ ശശി തരൂർ ആണോ ഗാന്ധി കുടുംബത്തിനു പുറത്തുനിന്ന് 24 വർഷത്തിനു ശേഷം കോണ്ഗ്രസ് ദേശീയ അധ്യക്ഷനാകുകയെന്നു ഇന്നറിയാം. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഇന്ന് എഐസിസി ആസ്ഥാനത്തുനടക്കും. രാവിലെ പത്തിന് വോട്ടെണ്ണൽ തുടങ്ങും.
എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി തിങ്കളാഴ്ച രാജ്യത്താകെ നടന്ന വോട്ടെടുപ്പിൽ എഐസിസി ആസ്ഥാനത്ത് 100 ശതമാനവും രാജ്യത്താകെ 90 ശതമാനത്തോളവും പോളിംഗ് നടന്നു. രാജ്യത്താകെയുള്ള 68 ബൂത്തുകളിലെ വോട്ടുപെട്ടികളെല്ലാം ഡൽഹിയിലെത്തിച്ചു രഹസ്യബാലറ്റുകളും കൂട്ടിക്കുഴച്ചാകും എണ്ണുക. ആകെ 9,915 പേർക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്. ഇതിൽ 9,500 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
എഐസിസിയിലെയും പിസിസികളിലെയും പ്രധാന ഭാരവാഹികളുടെയും മുതിർന്ന നേതാക്കളുടെയും പിന്തുണയുള്ള "അനൗദ്യോഗിക’ സ്ഥാനാർഥി മല്ലികാർജുൻ ഖാർഗെ (80) പുതിയ കോണ്ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്നാണ് വിലയിരുത്തൽ.
എന്നാൽ, യുവനേതാക്കളുടെയും പാർട്ടിയിൽ സന്പൂർണ മാറ്റം ആഗ്രഹിക്കുന്നവരുടെയും പിന്തുണയുള്ള മലയാളിയും വിശ്വപൗരനുമായ ഡോ. ശശി തരൂർ പ്രതീക്ഷിച്ചതിലേറെ വോട്ടുകൾ നേടി അമ്പരപ്പിച്ചേക്കും.
Leave A Comment