വിജയ കൃഷ്ണൻ തന്റെ വിജയ ഗാഥ പങ്കു വെക്കുന്നു
പത്ര ഏജന്റിന്റെ മകനായി പിറന്നതു കൊണ്ട് ബാല സാഹിത്യം യഥേഷ്ടം വായിക്കാൻ അവസരം കിട്ടിയ ബാല്യം.
എട്ടാം ക്ളാസിൽ പഠിക്കുമ്പോൾ ജില്ലാ കലോത്സവത്തിൽ മിമിക്രിയിൽ അംഗീകാരം.അധികം വൈകാതെ തന്നെ വെള്ളിത്തിരയിൽ രംഗപ്രവേശം.അച്ഛന്റെയും അമ്മയുടെയും വേർപാടോടെ ഏകാകിയായപ്പോൾ പിടിച്ചു നിന്നത് വായനയുടെയും കലയുടെയും പിൻബലത്തിൽ . മാളികപ്പുറമടക്കമുള്ള ഹിറ്റ് സിനിമകളിൽ ശ്രദ്ധേയ സാന്നിദ്ധ്യമറിയിച്ച വിജയ കൃഷ്ണൻ തന്റെ വിജയ ഗാഥ പങ്കു വെക്കുന്നു.
എൻ്റെ കഥ
ബാലകൃഷ്ണന്റെയും വിജയലക്ഷ്മിയുടേയും ഏക മകനായ ഞാൻ ജനിച്ചതും വളർന്നതും പഠിച്ചതും അമ്മയുടെ നാടായ നിലമ്പൂരിൽ . പൂക്കോട്ടുംപാടം ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂളിലായിരുന്നു പഠനം. എനിക്ക് ഒരു വയസ്സു പ്രായമുള്ളപ്പോൾ ബാധിച്ച പനിയിൽ നിന്നാണ് എന്റെ ശരീര വളർച്ചയെക്കുറിച്ച് അച്ഛനും അമ്മയ്ക്കും മനസ്സിലായത്. പക്ഷെ എനിക്ക് ഇങ്ങനെയൊരു പ്രശ്നമുണ്ടെന്ന് അവരെ ബാധിച്ചില്ലെന്നു മാത്രമല്ല. അതവർക്ക് പ്രശ്നവും അല്ലായിരുന്നു.
അച്ഛൻ മാതൃഭൂമി പത്രത്തിന്റെ റിപ്പോർട്ടറും ഏജന്റുമായിരുന്നു. കുഞ്ഞുനാൾ മുതലേ സിനിമ എനിക്ക് ഹരമായത് മനസ്സിലാക്കിയ അച്ഛൻ എപ്പോഴും സിനിമ കാണിക്കാൻ കൊണ്ടുപോകുമായിരുന്നു. നാട്ടിലെ മൂന്ന് തിയ്യറ്ററുടമകളുമായി അച്ഛന് നല്ല ബന്ധമുണ്ടായിരുന്നു. തിയേറ്റർ മാത്രമല്ല നല്ലൊരു സൗഹൃദ വലയത്തിനുടമയായിരുന്നു. അച്ഛൻ. പലപ്പോഴും ഞാൻ ഒറ്റയ്ക്കും സിനിമയ്ക്കു പോയിട്ടുണ്ട്.

എന്റെ പൊക്കമില്ലായ്മയാണ് എന്നെ ഉയരം
ഞാൻ ആറാം തരത്തിൽ പഠിക്കുമ്പോഴാണ് അച്ഛന് പക്ഷാഘാതം പിടിപെട്ടത് .രണ്ടു വർഷം കഴിഞ്ഞതും ഈ ലോകത്തിൽ നിന്നും യാത്രയായി. വീട്ടമ്മയായ അമ്മയുടെ ഉത്തരവാദിത്വം പൂർണ്ണമായും എനിക്കായി. അച്ഛന്റെ മരണശേഷം ആലുവ ശിശു സേവാ ശിശുഭവനിൽ ആർട്ടിസ്റ്റായും പിന്നീട് കുറെക്കാലം കെയർ ടേക്കറായും ജോലി നോക്കി. എട്ടാം തരത്തിൽ പഠിക്കുമ്പോൾ ജില്ലാ തല മിമിക്രി മൽസരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. അതായിരുന്നു കലാരംഗത്തേക്കുള്ള വഴിത്തിരിവിന്റെ തുടക്കം.
എന്റെ പൊക്കമില്ലായ്മയാണ് ശരിക്കും പറഞ്ഞാൽ എന്നെ ഉയരത്തിലെത്തിച്ചത്.

ഹൃദയം വഴിത്തിരിവായി
നാട്ടിൽ ചെറിയ പ്രോഗ്രാമുകൾ ചെയ്തു തുടങ്ങിയത്
അത്ഭുതദ്വീപിലേക്കെത്തിച്ചു. അത് ഞങ്ങളെപ്പോലുള്ളവർക്ക് തുറന്ന വാതിലായിരുന്നു. അതിന് ഉത്തമോദാഹരണമാണ് മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവൽ . ലോകചരിത്രത്തിൽ ആദ്യമായിരിക്കും എന്നെപ്പോലുള്ള അഞ്ചു പേർ ചേർന്ന് ഒരു റിയാലിറ്റിഷോയിൽ മത്സരിക്കുന്നത്. അത് വ്യക്തിപരമായും സമൂഹ പരമായും ഗുണം ചെയ്തു. പിന്നീട് കറെ സിനിമകളിൽ അഭിനയിച്ചെങ്കിലുംനന്നായി ശ്രദ്ധിക്കപ്പെട്ടത് ഹൃദയത്തിലെ അഭിനയമായിരുന്നു.
പിൻതുണയുമായി അമ്മ
എന്റെ എല്ലാ ആഗ്രഹങ്ങൾക്കും അമ്മ കൂട്ടുനിന്നു. എന്നെ ചേർത്തുപിടിച്ചു. അമ്മയുടെ പിൻതുണ എനിക്ക് അത്രയും വലുതായിരുന്നു. 2019 ൽ അമ്മയും അച്ഛന്റെയടുത്തേക്ക് യാത്രയായി. പക്ഷെ അവർ ഇന്നും എന്റെ ഉള്ളിൽ ജീവിക്കുന്നു. എന്നുമത് ഉണ്ടാവുകയും ചെയ്യും. എന്റെ മരണം വരെ അവർ എന്റെ മനസ്സിന്റെ മടിതട്ടിലുണ്ടാവും. ചില നേരങ്ങളിൽ ഞാൻ അവരുമായി സംവദിച്ച് സന്തോഷം കണ്ടെത്താറുണ്ട്.

മാളികപ്പുറത്തിലെ കഥാപാത്രം പ്രശസ്തി നേടിത്തന്നു
ഒറ്റക്കുള്ള ജീവിതമാണെങ്കിലും ധാരാളം യാത്രകളും സിനിമകളും കൂടിക്കാഴ്ച്ചകളും ഞാനിഷ്ടപ്പെടുന്നു. വിവാഹം അതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. നടന്നാൽ നടക്കട്ടെ. മാളികപ്പുറത്തിലെ കഥാപാത്രം പ്രശസ്തി നേടിത്തന്നു. ഇപ്പോൾ ഞാൻ അഭനയി ച്ച അഞ്ചു സിനിമകൾ ഇറങ്ങാനുണ്ട്. അഞ്ചും അഞ്ചു തരം കഥാപാത്രം. നിലവിൽ എം പദ്മകുമാർ സാറിന്റെ "ക്യൂൻ എലിസബത്ത്" , സജിൽ മമ്പാടിന്റെ "കടകൻ " ഇതു രണ്ടുമാണ് ചെയ്തു കൊണ്ടിരി ക്കുന്നത്.

നടൻ എന്ന നിലയിൽ ഇനിയും വ്യത്യസ്ഥ കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം.എന്നെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയത് അച്ഛനായിരുന്നു എന്ന് പറഞ്ഞുവല്ലൊ.
ഇപ്പോഴും ഞാനാ വഴിയിലൂടെ തന്നെയാണ് സഞ്ചരിക്കുന്നത്.
കോവി ഡ് കാലത്തെ അടച്ചിടലിൽ ഞാൻ പിടിച്ചു നിന്നത് ഗൗരവമുള്ള വായനയിലൂടെയാണ്. ഇപ്പോഴും അത് തുടരുന്നു.
തയ്യാറാക്കിയത് ഉമ ആനന്ദ്
Leave A Comment