വാല്‍ക്കണ്ണാടി

മതാനുഷ്ടാനത്തിന്റെ മുടിയേറ്റ്; വാരണാട്ടിന്റെ പാരമ്പര്യത്തിലൂടെ

വാല്‍ക്കണ്ണാടി

ര്യ ദ്രാവിഡ സംസ്കാരങ്ങളുടെ സമന്വയമായി സംഘ കാലത്ത്  പൊട്ടി മുളച്ചു വളര്‍ന്നു വന്ന അതി പ്രാചീനമായ അനുഷ്ടാന കലാ രൂപമാണ് മുടിയേറ്റ്. മതാനുഷ്ടാനത്തിന്റെ മുടിയണിഞ്ഞ് മനുഷ്യാതീത ശക്തികളുടെ വേഷം കെട്ടി രംഗത്ത് അവതരിപ്പിക്കുന്ന മുടിയേറ്റിനെ താലോലിച്ചു തലമുറകള്‍ക്ക് പകര്‍ന്ന് പ്രദീപ്തമാക്കുന്നതില്‍ വാരണാട്ടിന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. കൂട്ടായ്മ ജീവിതത്തിന്റെ പ്രതീകമായ ഈ ദൃശ്യ കലാ പ്രസ്ഥാനത്തിന്റെ കാണികള്‍ മുഴുവന്‍ ഗ്രാമീണരാണ്. ഭദ്രകാളി,ഭഗവതി,ക്ഷേത്രങ്ങളിലാണ് മുടിയേറ്റിന് പ്രാധാന്യമുള്ളത്. അപൂര്‍വ്വം ചില പുരോഹിത കുടുംബങ്ങളിലും മുടിയേറ്റ് നടത്തി വരുന്നു. വസൂരി രോഗത്തില്‍ നിന്നും ഗ്രാമത്തെ വിമുക്തമാക്കുകയും ഐശ്വര്യവും ആത്മീയ ചൈതന്യവും ലഭ്യമാക്കുകയാണ് മുടിയേറ്റിനുപിന്നിലുള്ള മുഖ്യ സങ്കല്പം. 

മുടിയേറ്റിന്റെ ഈറ്റില്ലമായ വാരണാട്ട് 
മുടിയേറ്റ് അവതരിപ്പിക്കുന്നതില്‍ പ്രസിദ്ധരാണ് വാരണാട്ടു കുറുപ്പന്മാര്‍. ഈ അനുഷ്ടാന കലയുടെ വിള നിലമെന്നും ഈറ്റില്ലമെന്നും വാരണാട്ടിനെ വിശേഷിപ്പിക്കാം. അവതരണ കലാരൂപമായും കുലത്തൊഴിലായും കൊണ്ടു നടന്നു വരുന്ന ഉന്നത ശീര്‍ഷരായ കലാകാരന്മാരുടെ കുടുംബമാണ് വാരണാട്ട്. ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും ഈ കല  ആസ്വദിച്ചും ഇതില്‍ പങ്കെടുത്തും സംതൃപ്തി നേടാം. വാരണാട്ട് തറവാടിന്റെ ആസ്വാദനം തൃശൂര്‍ ജില്ലയിലെ കൊരട്ടിയാണ്. വാദ്യ കലാരംഗത്തും ഇവര്‍ നിപുനരാണ്. 

അനുഷ്ടാന കലയുടെ സംരക്ഷണ സാധ്യതകള്‍ യുനെസ്കോ ആരായുകയും മുടിയേറ്റും കൂടിയാട്ടവും ലോക സാംസ്കാരിക പൈതൃക പട്ടികയില്‍ പെടുത്തുകയും ചെയ്തു. മനുഷ്യ രാശിയുടെ അനശ്വര പൈതൃകത്തിന്റെ മഹത്തായ കലാ സൃഷ്ടികളായാണ് അവ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. വാരണാട്ട് തറവാടിന്റെ താവഴികളിലായി മൂന്നു കളിയോഗങ്ങള്‍ മുടിയേറ്റ് അവതരിപ്പിക്കുന്നുണ്ട്. 

കേരളത്തില്‍ ഭദ്രകാളി തന്നെയാണ് മാതൃ ദേവത

കൈലാസം തൊട്ട് പാതാളം വരെയുള്ള വ്യത്യസ്ത ലോകങ്ങളായിട്ടാണ് മുടിയേറ്റിന്റെ രംഗാവതരണം. ആദ്ധ്യാത്മികവിശുദ്ധിയുടെ സ്ഥായീ ഭാവവും ലക്ഷണയുക്തമായ നാടകത്തിന്റെ മൗലിക സ്വഭാവവും അവതരണത്തില്‍ നിറഞ്ഞു നില്‍ക്കും. ലോകത്തില്‍ എല്ലായിടത്തും നില നിന്നിരുന്ന ആരാധനാ രീതികളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് അമ്മ ദൈവരാധാന. ഗ്രീക്കുദേവതയായ ആര്‍ഷേമീബും റോമന്‍ ദേവതയായ ഡയാനയും ഇത്തരത്തിലുള്ള മാതൃ ദൈവങ്ങളാണ്. 

ഉത്തരേന്ത്യയില്‍ ദുര്‍ഗയാണ് ഏറ്റവുമധികം അറിയപ്പെടുന്ന അമ്മ ദൈവം. ദുര്‍ഗാപൂജ ബംഗാളിലെ പ്രശസ്ത മായ ഉത്സവമാണ്. കേരളത്തില്‍ ഭദ്രകാളി തന്നെയാണ് മാതൃ ദേവത പൂജയുടെ കേന്ദ്ര സ്ഥാനത്തു നില്‍ക്കുന്നത്. കേരളത്തിലെ അവതരണ കലകളുടെ അമ്മ ദൈവാരാധനയും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. ദ്രാവിഡ തനിമ അമ്മ ദൈവ ആരാധനയില്‍ മുന്നിട്ടു നില്‍ക്കുന്നു. ജന ഹൃദയങ്ങളില്‍ ആഴത്തില്‍ വേരോട്ടമുള്ള ഈ അനുഷ്ടാന നാടകത്തില്‍ നിന്ന് മതപരമായ അംശങ്ങള്‍ എടുത്തു മാറ്റിയാലും അത് നാടകമായി തന്നെ നില കൊള്ളും. 

ക്ഷേത്ര മതില്‍ക്കെട്ടിനകത്തെ മണ്ഡപത്തില്‍ കളമെഴുതി പൂജിച്ച് കളം മായ്ച്ച് പ്രസാദം അവിടെ കൂടിയവര്‍ക്ക് നല്‍കുന്നു. ഇത് മുടിയേറ്റിന്റെ ആദ്യ ഭാഗമാണ്. ഭദ്രകാളി ചൈതന്യത്തെ അരങ്ങിലേക്ക് ആവാഹിക്കുന്ന പ്രതീകാത്മകമായ ചടങ്ങാണിത്‌. ഭദ്രകാളിയുടെ രൂപം പഞ്ചവര്‍ണ്ണപ്പൊടി കൊണ്ട് എഴുതുന്നതോടെയാണ് മുടിയേറ്റിന്റെ അനുഷ്ടാനം ആരംഭിക്കുന്നത്. 

മുടിയേറ്റിന്റെ ഇതിവൃത്തം
ളമെഴുത്തുപാട്ട് ദൃശ്യാംശത്തെ പോഷിപ്പിക്കുന്ന ഒന്നാണ്. സംഗീതവും സാഹിത്യവും ചിത്രകലയും തുല്യ അളവില്‍ മേളിക്കുന്ന കലാരൂപമാണ്‌ മുടിയേറ്റ്. ധൂളി ചിത്ര രചനയിലെ ആസുരമായ നിശ്ചലതയെ രാത്രിയുടെ അന്തരീക്ഷത്തില്‍ അനുഷ്ടാന വാദ്യങ്ങളുടെയും നന്തുണികളുടെയും പശ്ചാത്തലത്തില്‍ സംഗീതം കൊണ്ട് അദ്ദേഹം ജീവന്‍ കൊടുക്കുന്നു. ക്ഷേത്ര ശ്രീകോവിലിനകത്ത് കൊളുത്തിയ ദീപത്തില്‍ നിന്നും ക്ഷേത്ര മേല്‍ശാന്തി ദീപം ജ്വലിപ്പിച്ച് കളമെഴുതേണ്ടതായ നിര്‍ദ്ദിഷ്ട സ്ഥാനത്ത് കുറുപ്പ് വച്ചിരിക്കുന്ന നിലവിളക്കിലേക്ക് ദീപം പകരുന്നു. കളമെഴുതിത്തുടങ്ങുന്നത് മൂന്നു പ്രാവശ്യം ശംഖു വിളിച്ച് വലം തലയില്‍ കൊട്ടി അറിയിച്ചിട്ടുവേണം. 

ദാരികന്റെ കുത്സുതി വൃത്തികള്‍ കൊണ്ട് പൊറുതിമുട്ടിയ ഭൂലോക വാസികളുടെ ദയനീയാവസ്ഥ ശിവന്‍ നിര്‍ദേശിച്ചതനുസരിച്ച് നാരദന്‍ കൈലാസത്തില്‍ ചെന്ന് അറിയിക്കുന്നു. ശിവന്‍ ഭദ്രകാളിയെ സൃഷ്ടിക്കുന്നു. കാളി ദാരിക ദാനവേന്ദ്രന്മാരെ വധിക്കുന്നു. മുടിയേറ്റിന്റെ ഇതിവൃത്തം ഇതാണ്. ഐശ്വര്യത്തിന്റെ പ്രതീകമായ മാതൃ ദേവത ഗ്രാമീണ ജീവിതത്തിന് താങ്ങും തണലുമായി വര്‍ത്തിക്കുന്നു എന്ന പ്രാർത്ഥനാ വിശ്വാസമാണ് ഈ ആരാധനയുടെ പ്രധാന ഘടകം. 

ഓരോ ഗ്രാമത്തിലും ഇത്തരത്തിലുള്ള അമ്മ ദൈവം പ്രധാന സ്ഥാനം വഹിക്കുന്നു.  ഈ വിശ്വാസത്തിന്‍റെ പ്രകടിത രൂപമാണ് മുടിയേറ്റ്. പ്രശസ്തമായ  ഈ കാളിപുരാവൃത്തം നാടകീയ ഭംഗിയുള്ള വിവിധ ഘടകങ്ങളും വൈവിധ്യ പൂര്‍ണ്ണവും ദൃശ്യഭംഗി ഒത്തിണങ്ങിയതുമായ അനുഷ്ടാനങ്ങളും സംശ്ലേഷിപ്പിച്ചു കൊണ്ട് ഒരു നാടകമായി മുടിയേറ്റിനെ രൂപപ്പെടുത്തിയിരിക്കുന്നു. മുടിയേറ്റ് എന്ന അനുഷ്ടാന കലയുടെ ഏറ്റവും പ്രധാനപ്പെട്ട വേഷമാണ് ഭദ്രകാളി. 

മുടിയേറ്റ് എന്ന പേരിന്റെ ഐതിഹ്യം

കാളിയുടെ വേഷം അണിഞ്ഞ് ക്ഷേത്ര നടയില്‍ എത്തുന്ന നടന്‍റെ ശിരസില്‍ ധരിക്കുന്നതിനുള്ള ഭാരമേറിയതും വരിക്കപ്ലാവിന്റെ ഒറ്റപ്പലകയില്‍ കടഞ്ഞെടുത്തതുമായ കിരീടം അഥവാ മുടി വേറെയൊരാള്‍ ഏറ്റിക്കൊടുക്കണമെന്നതുകൊണ്ട് ഈ കലക്ക് മുടിയേറ്റ് എന്ന പേര് വന്നു എന്നാണ് ഐതിഹ്യം. ആചാരാനുഷ്ഠാന പ്രകാരം ക്ഷേത്ര ശ്രീകോവിലില്‍ നിന്നും തുടങ്ങി ശ്രീകോവിലിനും നാലമ്പലത്തിനും പ്രദക്ഷിണമായി ഒരുക്കിയിരിക്കുന്ന മുടിയേറ്റ് വേദിയിലാണ് ഈ നൃത്ത സംഗീത അനുഷ്ടാന നാടകം അവതരിപ്പിക്കുന്നത്. 

ഭദ്രകാളിയുടെ പ്രീതിക്കായി വളരെ പ്രാചീന കാലം മുതല്‍ കാളി സേവ എന്ന പൂജാ സമ്പ്രദായം കേരളത്തില്‍ നില നിന്നിരുന്നു. സപ്ത മാതൃക്കളില്‍ ഏറ്റവും പ്രാധാന്യം ഭദ്രകാളിക്കാണ്. കേരളത്തിലെ എല്ലാ പ്രധാനപ്പെട്ട ശ്രീകോവിലുകളിലും സപ്ത മാതൃക്കള്‍ക്ക്‌ വളരെയേറെ പ്രാധാന്യം ഉണ്ട്. മുടിയേറ്റ് എന്ന അനുഷ്ടാന നാടകം മുഖ്യമായും ആരംഭിക്കുന്നത് അരങ്ങുവാഴ്ത്തലിലൂടെയാണ്. 

ഇഷ്ടദേവത, ഗണപതി, സരസ്വതി, മാതാവ്, പിതാവ് തുടങ്ങിയവരെ വാഴ്ത്തിക്കൊണ്ടുള്ള സ്തുതികളാണിത്. ശിവനെ സ്തുതിക്കുന്നതില്‍ ഒരു ഔചിത്വവുമുണ്ട്. കളമെഴുത്ത്, കളം പൂജ, തിരി ഉഴിച്ചില്‍, പാട്ട് തുടങ്ങിയവ കഴിഞ്ഞ് കളമൊരുക്കുന്നതിന് മുന്‍പായി മേല്‍ശാന്തി കൊളുത്തിയ ദീപം മുടിയേറ്റ് നടത്താനുള്ള അണിയറയില്‍ നിര്‍ദ്ദിഷ്ട സ്ഥാനത്തുവച്ചിരിക്കുന്ന നില വിളക്കിലേക്ക് പകരുന്നു.

മുടിയേറ്റിന് ആകെ ഒന്‍പത് രംഗങ്ങളാണുള്ളത്. ഒന്നാം രംഗം ശിവന്‍ നാരദ സംവാദമാണ്. ഈ രംഗം തിരനോട്ടം എന്നും പറയപ്പെടുന്നു. രണ്ടാം രംഗം ദാരികന്റെ പോര്‍ വിളിയാണ്. അസുര രാജാവായ ദാരികന്‍ അരങ്ങത്തു വരുന്ന ഭാഗമാണ് ദാരികന്‍ പുറപ്പാട്. ചെമ്പട, തൃപുട, അടന്ത, ചമ്പ എന്നീ താള ക്രമത്തിലാണ് ദാരികന്റെ പുറപ്പാട്. ദാരികന്റെ ജ്യേഷ്ഠനായ ദാനവന്‍ അരങ്ങത്തു വരുന്ന ഭാഗമാണ് അടുത്ത രംഗത്ത് അവതരിപ്പിക്കുന്നത്. ദാരികന്റെ ജ്യേഷ്ഠനായ ദാനവന്റെ പുറപ്പാടില്‍ ദാരികന്റെ പുറപ്പാടിലുള്ള താള ക്രമങ്ങള്‍ തന്നെയാണ് ഉപയോഗിക്കുന്നത്.

 കാളി പുറപ്പാട്

ടുത്ത പ്രധാന രംഗമാണ് കാളിപ്പുറപ്പാട്. ഒന്നാം ഭാഗം പ്രധാനപ്പെട്ടതും ഭക്ത  ജനങ്ങളില്‍ ഈശ്വര വിശ്വാസം ഉണര്‍ത്തുന്നതും വളരെയധികം ആചാരാനുഷ്ടാന പ്രാധാന്യമുള്ളതും ക്ഷേത്ര അന്തരീക്ഷം തെല്ലൊന്നു ഭീകരവും എന്നാല്‍ ഭക്തി നിര്‍ഭരവും ആക്കുന്ന ഒരു രംഗമാണ് കാളി പുറപ്പാട്. വിവിധ അനുഷ്ടാനങ്ങള്‍ എല്ലാം കഴിഞ്ഞാല്‍ കാളി വേഷക്കാരന്‍ കിരീടമണിയുന്നു. ശ്രീകോവിലില്‍ നിന്നും പൂജിക്കുന്ന ദേവിയുടെ പ്രധാന ആയുധമായ പള്ളിവാള്‍, ദേവിയുടെ ശരീരത്തില്‍ ചാര്‍ത്തിയ മാലകള്‍ എന്നിവ വാങ്ങി ധരിക്കുന്നു. 

ഭക്തരില്‍ നിന്നും ഉയരുന്ന ആര്‍പ്പു വിളികള്‍, വായ്ക്കുരവ, വാദ്യോപകരണങ്ങളായ ചെണ്ട, ഇലത്താളം, കൊമ്പ്, കുറും കുഴല്‍ ഇവരില്‍ നിന്നും അന്തരീക്ഷത്തിലുയരുന്ന താള ധ്വനികള്‍, കത്തി ജ്വലിക്കുന്ന രണ്ടു പന്തങ്ങള്‍, കുത്തുവിളക്കിന്റെ അകമ്പടി ഇവയാല്‍ ക്ഷേത്രാന്തരീക്ഷം ഭക്തി നിര്‍ഭരമാകുന്നു. ദേവിയുടെ ഒരു എഴുന്നള്ളിപ്പായിട്ടാണ് ഭക്ത ജനങ്ങള്‍ ഈ രംഗത്തെ വീക്ഷിക്കുന്നത്. ഈ സമയത്ത് കൈ കൂപ്പാത്ത ഒരൊറ്റ ഭക്തന്‍ പോലും ഉണ്ടാവില്ല. അത്ര ഭക്തി രസം തുളുമ്പുന്ന മുഹൂര്‍ത്തമാണിത്. 

കാളി പുറപ്പാടിന്റെ അവസാനം വേഷക്കാരന്റെ മനസ്സ് ദേവിയിലേക്കര്‍പ്പിതമായി സ്വയം ബോധം നഷ്ടപ്പെടുന്ന സമയം നോക്കി കിരീടം പിഴുതെടുക്കുന്നു. കാളി പുറപ്പാട് രണ്ടാം ഭാഗത്തില്‍ തിരനോട്ടം, രംഗപൂജ എന്നിവ നടത്തി ദാരികനെ പോരിന് വിളിക്കുന്നു. ഈ സമയത്ത് ദാരികൻ എതിരായി പോരിനു വിളിക്കുന്നു.  ഈ പോര്‍ വിളിയുടെ അവസാനം കാളി നാളെ പുലരും മുന്‍പ് നിന്നെക്കൊന്നു നിന്‍റെ ശിരസ്സു കൊണ്ട് ഞാന്‍ കൈലാസം പൂകും എന്ന് പറഞ്ഞ് ആ രംഗം അവസാനിപ്പിക്കുന്നു. പോര്‍ വിളികള്‍ക്കുശേഷം വേദിയില്‍ കോയിമ്പടനായര്‍ എന്ന ഹാസ്യ കഥാപാത്രം പ്രത്യക്ഷപ്പെടുന്നു. 

പടനായര്‍ എന്ന സമുദായക്കാര്‍ അന്നു മുണ്ടായിരുന്നു എന്നതിന് തെളിവാണിത്. കാലാന്തരത്തില്‍  കോയ്മ പടനായര്‍ കോയിമ്പടനായരായി രൂപാന്തരം പ്രാപിച്ചു. കൂടിയാട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വേഷമാണ് വഴിപാട്ടുകാരന്‍.

അടുത്ത രംഗം: പേശൽ 

കൂടിയാട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വേഷമാണ് വഴിപാട്ടുകാരന്‍. അടുത്ത രംഗം പേശലാണ് രംഗത്ത് കാളിയും ദാരികനും ദാനവേന്ദ്രനും പ്രത്യക്ഷപ്പെടുന്നു. ഇവര്‍ തമ്മില്‍ പാതാളത്തില്‍ വച്ച് നടക്കുന്ന വാക്ക് തര്‍ക്കമാണ് വിവരിക്കുന്നത്. ദാരികന്റെ ശിരഛേദവും കാളിയുടെ അനുഗ്രഹാശിസ്സുകളും പിന്നീട് രംഗത്ത് അവതരിപ്പിക്കുന്നു. പേശലിന്റെ അവസാനത്തില്‍ നടക്കുന്ന പയറ്റിന് ശേഷം മുടിയേറ്റുവേദിയില്‍  വടക്കു ഭാഗത്തായി സജ്ജമാക്കിയിട്ടുള്ള വഴിയില്‍ ദാരിക ദാനവന്മാര്‍ ഇരിക്കുന്നു. അവര്‍ക്ക് പിറകിലായി കാളി ഒരു പീഠത്തില്‍ ഇരിക്കുന്നു.

 ഈ സമയത്ത് ദാരികന്‍ അതുവരെ  തനിക്ക് പറ്റിയ അമളിയെല്ലാം തുറന്നു പറയുകയും മോക്ഷത്തിനായി  പ്രാര്‍ഥിക്കുകയും ചെയ്യുന്നു. ഇത് പദ്യ രൂപത്തിലാണ് അവതരിപ്പിക്കുന്നത്. ഇതിനു ശേഷം കാളി ദാരിക ദാനവന്മാരുടെ കിരീടങ്ങള്‍ പിഴുതെടുക്കുന്നു. ഇത് വധം കൊണ്ട് അര്‍ദ്ധമാക്കുന്നു. കിരീടം കൊണ്ട് കാളി കളി വിളക്കിനെ വലയം വച്ചു കിഴക്ക് ഭാഗത്തേക്ക്‌ തിരിഞ്ഞു നില്‍ക്കുന്നു. ആ സമയത്ത് തന്‍റെ ദൗത്യം പൂര്‍ത്തിയാക്കിയ നടന്‍ സമ്പല്‍ സമൃദ്ധി നിറഞ്ഞു കാണുവാനായി കുരുംബയമ്മയെ കൈതൊഴുന്നേന്‍ എന്നവസനിക്കുന്ന മംഗള ശ്ലോകം ചൊല്ലി അവസാനിപ്പിക്കുന്നു. 

ഇതിനു ശേഷം കാളിയും മറ്റു വേഷങ്ങളും മുടിയേറ്റ്‌ വേദിയില്‍ ഒരുക്കിയിട്ടുള്ള പടിഞ്ഞാറേ ദിശയിലുള്ള വഴിയില്‍ കൂടി ക്ഷേത്ര നടയിലെത്തുന്നു. കാളി ഭക്തന്മാരെ കിരീടവും പണവും കൊണ്ട് ഉഴിയുന്നു. പിന്നീട് സാഷ്ടാംഗ നമസ്കാരം നടത്തി നടന്‍ ദേവിയെ വണങ്ങുന്നു. മുടിയുഴിച്ചില്‍ കഴിഞ്ഞ് മുടിയിറക്കി കഴിഞ്ഞാല്‍ അടുത്ത ചടങ്ങ് ഗുരുതി എന്ന അനുഷ്ടാനമാണ്. ഭൂതങ്ങള്‍ക്ക് രക്തപാനം എന്ന സങ്കല്‍പ്പത്തിലാണ് ഗുരുതി അര്‍പ്പിക്കുന്നത്. 

മുടിയേറ്റിലെ ഒരു പ്രധാന അലങ്കാരമാണ് ചുട്ടികുത്ത്‌

കേരളത്തില്‍ ഭദ്രകാളി ക്ഷേത്രങ്ങള്‍ ഉണ്ടായതു മുതല്‍ തന്നെ മുടിയേറ്റ് നടത്തി തുടങ്ങിയെന്ന് പറയപ്പെടുന്നു. ഈ അനുഷ്ടാന കലാ രൂപത്തില്‍ ഉപയോഗിക്കുന്ന ഭാഷകള്‍ക്ക് വളരെ പഴക്കമുണ്ട്. തമിഴ് കൂടി കലര്‍ന്ന മലയാളമാണ് പ്രധാനമായും ഉപയോഗിച്ചു വരുന്നത്. ഈ കലയില്‍ ഉപയോഗിച്ചു വരുന്നതായ ഗദ്യ രൂപങ്ങളും പദ്യ രൂപങ്ങളും  ഉച്ചാരണ വാക്കുകളും അവക്ക് പ്രാകൃത ഭാഷയോടുള്ള ബന്ധമാണ് കാണിക്കുന്നത്.  

സംസ്‌കൃത ഭാഷയും ഇതിൽ ഉപയോഗിച്ചു വരുന്നു. സംസ്‌കൃതത്തിലെ ദാരുകൻ എന്ന വാക്കാണ് മലയാളത്തിൽ ദാരികൻ എന്ന വാക്കുപയോഗിക്കുന്നത്. ഈ അനുഷ്ഠാന കലയെ കൈകാര്യം ചെയ്യുന്ന കുറുപ്പന്മാർക്ക് ദേവി സങ്കല്പത്തിനായി കളരി ഉണ്ടായിരിക്കും. ഇവിടെയാണ് ഈ കലക്ക് ആവശ്യമായ കളിക്കോപ്പുകളും മറ്റും സൂക്ഷിക്കുന്നത്. ഭദ്രകാളി ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ വടക്കോട്ട് ദർശനമായിട്ടാണ് മുടിയേറ്റ് വേദി ഒരുക്കുന്നത്.  

വൃത്താകൃതിയിലുള്ള ഈ വേദിയുടെ മധ്യ ഭാഗത്താണ്  കളി വിളക്ക് വക്കുന്നത്.  മുടിയേറ്റിലെ ഒരു പ്രധാന അലങ്കാരമാണ് ചുട്ടികുത്ത്‌. ഓരോ വേഷത്തിനും ഓരോ രീതിയിലാണ് ചുട്ടി കുത്തേണ്ടത്. വ്യത്യസ്ത തരത്തിലുള്ള ചുട്ടിയാണ് ഭദ്രകാളി വേഷത്തിനുപയോഗിക്കുന്നത്. കരി വേഷമാണിത്. ഭദ്രകാളി വേഷക്കാരന്റെ മുഖത്ത് വസൂരിക്കലകൾ പോലെ ചുട്ടി കുത്തുന്നു.

 മുടിയേറ്റിൽ വേഷങ്ങൾ പോലെ തന്നെ പ്രാധാന്യമർഹിക്കുന്നവയാണ് ആയുധങ്ങൾ. ഓരോ വേഷത്തിനും ഓരോ ആയുധം എന്നുണ്ട്.  ദാരികൻ, ദാനവാൻ, നന്ദി മഹാകാളൻ, ഭൂതങ്ങൾ, എന്നീ വേഷങ്ങൾക്ക് തടിയിൽ തീർത്ത ആയുധങ്ങളാണ്. കോയിമ്പട നായർക്ക് ലോഹം കൊണ്ടുണ്ടാക്കിയ കടുത്തിലയും പരിചയുമാണുള്ളത്.  

ഇതിൽ നിന്നെല്ലാം വിഭിന്നമാണ്‌ ഭദ്രകാളിയുടെ ആയുധം.  മാത്രമല്ല കൈമാലകളും പൂമാലകളും വാഴവള്ളിയും കോൽ മാലയും മുടിയേറ്റിൽ പ്രധാന ഘടകങ്ങളായി ഉപയോഗിക്കുന്നു. പഞ്ച ലോഹം കൊണ്ട് പള്ളിവാൾ തീർത്തിരിക്കുന്നു.  ശിവന്റെ വേഷത്തിൽ കയ്യിൽ ഒരു കാളയുടെ മുഖം ഉണ്ടായിരിക്കും. കാള മുഖം മരത്തിൽ കടഞ്ഞെടുത്തതാണ്. മുടിയേറ്റ് എന്ന അനുഷ്ഠാന കലയിൽ തിരശീല പ്രാധാന്യമർഹിക്കുന്നു. 

മുടിയേറ്റിലെ പ്രധാന ഘടകങ്ങൾ 
കുരുത്തോല പൂവും മുടിയേറ്റിന്റെ പ്രധാന ഘടകമാണ്. മറ്റൊരു പ്രത്യേകതയാർന്ന ചടങ്ങാണ് തെള്ളി എറിയൽ. വസൂരി എന്ന മാരക രോഗത്തിന്റെ അണുക്കളെ നശിപ്പിക്കാൻ കഴിവുള്ളതായ ഒന്നാണ് തെള്ളി എറിഞ്ഞു കൊണ്ടുണ്ടാക്കുന്ന പുക. മുടിയേറ്റിലെ മറ്റൊരു പ്രധാന ഘടകമാണ് പന്തം.  പണ്ടു കാലങ്ങളിൽ കത്തി ജ്വലിക്കുന്ന പന്തങ്ങളുടെയും വേദിയിൽ തെളിയിക്കുന്ന കളി വിളക്കിന്റെയും പ്രഭയിലാണ് മുടിയേറ്റ് നടത്തിയിരുന്നത്.  

ക്ഷേത്രങ്ങളിൽ മുടിയേറ്റ് ആരംഭിക്കുന്നത് പുലർച്ചെ മൂന്നു മണിയോടെയാണ്. ക്ഷേത്ര കലയുടെ അനുഷ്ഠാനങ്ങളെല്ലാം കഴിയണമെന്നുള്ളത് കൊണ്ടാണിത്. വാളൂർ വയമ്പുഴക്കാവ്, എരവത്തൂർ തലയാക്കുളം എന്നീ ക്ഷേത്രങ്ങളിൽ പണ്ട് യഥാർത്ഥത്തിൽ ദാരിക വധം നടന്നുവെന്ന് സങ്കൽപ്പിക്കുന്നു. പാക്കാട്ടി സ്വരൂപവും വയമ്പുഴക്കാവും വാരണാട്ടും  ചരിത്രപരമായി ഇഴ ചേർന്ന് കിടക്കുന്നു.  

മുടിയേറ്റ് എന്ന അനുഷ്ഠാന കലയുടെ സംരക്ഷണവും പരിപാലനവും പ്രചാരണവും പക്ഷമിട്ടു കൊണ്ട് കിഴക്കേ വാരണാട്ട്  നാരായണക്കുറുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് പുറപ്പാട്.  യുനെസ്‌കോയുടെ നിർദേശമനുസരിച്ച് കേന്ദ്ര സംഗീത നാടക അക്കാദമിയുടെ സഹായത്തോടെയാണ് ഈ പരിപാടി നടത്തുന്നത്. ഇവിടെ മുടിയേറ്റ് പരിശീലന കേന്ദ്രവും പ്രവർത്തിക്കുന്നു. ഇതിന്റെ ഭാഗമായി ധാരാളം വേദികളിൽ കളമെഴുത്ത്, മുടിയേറ്റ് എന്നിവയെക്കുറിച്ചുള്ള  സോദാഹരണ ക്ളാസുകളും ചമയ പ്രദർശനവും മുടിയേറ്റിന്റെ അവതരണവും നടന്നു വരുന്നു. നാരായണക്കുറുപ്പിന്റെ മുടിയേറ്റ് എന്ന ഗ്രന്ഥത്തിന്റെ രചനയും പുറപ്പാടിന്റെ ഭാഗമാണ്. 

കിഴക്കേ വാരണാട്ട് നാരായണക്കുറുപ്പ്, വാരണാട്ട് ശങ്കര നാരായണക്കുറുപ്പ്, വാരണാട്ട് മന്മദക്കുറുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് ഇപ്പോൾ മുടിയേറ്റ് അവതരിപ്പിച്ചു പോരുന്നത്. 

തയ്യാറാക്കിയത് - സുരേഷ് അന്നമനട

Leave A Comment