വാല്‍ക്കണ്ണാടി

കൊടുങ്ങല്ലൂരിന്റെ മഹാ പ്രതിഭ പി ഭാസ്കരൻ

വാൽക്കണ്ണാടി
ലയാളത്തിന്റെ മനഃസാക്ഷിയും മുഖശ്രീയുമായി മാറിയ മഹാ പ്രതിഭയായിരുന്നു പി.  ഭാസ്കരൻ. അദ്ദേഹം കവി, പ്രഭാഷകൻ,  ഗാനരചയിതാവ്,  ചലച്ചിത്രകാരൻ തുടങ്ങി വിവിധ വൈശിഷ്ട്യങ്ങളുടെ വിഹായസ്സിൽ വിരാജിച്ച അതുല്യ വ്യകതി പ്രഭാവമാണ്.  പി. ഭാസ്കരൻ തികഞ്ഞ ദേശീയ വാദിയും സ്വാതന്ത്ര്യ സമര ഭടനുമായിരുന്നു. ആ സർഗ്ഗ ശ്രേഷ്ഠന്റെ വേർപാടിന് 18 വർഷം കടന്നു പോകുന്നു.  അദ്ദേഹം ഒരുപാട് ഓർമ്മകളുടെ മധുരം ബാക്കി വച്ചാണ് മരണത്തിലേക്ക് യാത്രയായത്.  മലയാള കവിതയുടെ അരുണ ദശകത്തിന്റെ വക്താവും പ്രയോക്താവുമാണ് പി. ഭാസ്കരൻ. പണ്ഡിതന്റെയും പാമരന്റെയും ചുണ്ടുകൾ കാല വ്യത്യാസമില്ലാതെ അദ്ദേഹത്തിന്റെ വരികൾ മൂളുന്നു. 

കലാലയ വിദ്യാഭ്യാസം; മഹാരാജാസ് കോളേജിൽ
കൊടുങ്ങല്ലൂരിലെ പുല്ലൂറ്റ് പാടത്ത് വീട്ടിൽ നന്തിയേലത്ത്  പത്മനാഭ മേനോന്റെയും അമ്മാളു അമ്മയുടെയും മകനായി പി. ഭാസ്കരൻ 1924 ഏപ്രിൽ 21 നാണ് ജനിച്ചത്.  ഭാസ്കരന്റെ ആദ്യ കവിത സ്‌കൂളിലെ കയ്യെഴുത്തുമാസികയായ സാഹിത്യ കുസുമത്തിൽ അച്ചടിച്ചു വന്നു.  പി . ഭാസ്കരന്റെ അച്ചടി മഷി പുരണ്ട ആദ്യത്തെ സാഹിത്യ കൃതി ഭാസി എന്ന തൂലിക നാമത്തിൽ എഴുതിയ ചോറിന്റെ കൂറ് എന്ന കഥയാണ്. മാതൃഭൂമി ബാല പംക്തിയിൽ ഇത് പ്രത്യക്ഷപ്പെട്ടു. അദ്ദേഹം കുട്ടിക്കാലത്ത് തൃശൂരിൽ നിന്നും ഇറങ്ങിയ ചന്ദ്രഹാസൻ മാസികയിൽ ഹാസ്യ കവിതകളും എഴുതിയിരുന്നു.  ഉല്ലൂകൻ എന്ന തൂലിക നാമവും ഇക്കാലത്ത് സ്വീകരിച്ചു. 


എറണാകുളം മഹാരാജാസ് കോളേജിലാണ് ഭാസ്കരൻ കലാലയ വിദ്യാഭ്യാസം ആരംഭിച്ചത്. പി. ഭാസ്കരൻ അഖില കേരളം വിദ്യാർത്ഥി ഫെഡറേഷന്റെ കാര്യദർശിയുമായിത്തീർന്നു. പി. ഭാസ്കരന്റെ കവിതയായാ  ദീർഘ പ്രതീക്ഷ മഹാരാജാസിലെ കോളേജ് മാഗസിനിൽ 1941 -ൽ അച്ചടിച്ചു വന്നു.  

കേരളത്തിലെമ്പാടും സ്വാതന്ത്ര്യ സമര സേനാനികൾ പാടി നടന്ന ഐക്യ കേരള ഗാനം പി. ഭാസ്കരൻ എഴുതിയതാണ്. കൊടുങ്ങല്ലൂരിൽ സ്വാതന്ത്ര്യ സമര പോരാളികൾക്കൊപ്പം അദ്ദേഹം നിലയുറപ്പിച്ചു.  അക്രമാസക്തരായ രാഷ്ട്രീയ പ്രവർത്തനം നടത്തിയെന്നാരോപിച്ച് 21 ആം വയസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ തടവിലാക്കപ്പെട്ടു. ഈ ജീവിതാനുഭവങ്ങളെക്കുറിച്ചുള്ള ഭാസ്കരന്റെ കൃതിയാണ് കാടാറുമാസം.  

മഹാപണ്ഡിതരുടെയും കവികളുടെയും കേളീ വനമായിരുന്ന എറണാകുളം മഹാരാജാസ് കലാലയത്തിനു മുന്നിൽ ഈ കവി അർപ്പിച്ച കവിതയാണ് സ്മരണാരാധന.  ഗാനാത്മകതയും വികാരവായ്‌പും ശോകഛായയും കോമള ശൈലിയും ഭാസ്കരന്റെ കവിതകളിൽ സാർവ്വത്രികമായി കാണാം. കോഴിക്കോട്ടു നിന്നും പ്രസിദ്ധീകരിക്കുന്ന ദേശാഭിമാനി വാരികയുടെ പത്രാധിപ സമിതിയിൽ ചേരുവാൻ ഭാസ്കരന് അവസരം ലഭിച്ചു.  മംഗളോദയം,  മാതൃഭൂമി,  ചിത്രോദായം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ഭാസ്കരൻ കവിതകളെഴുതി.  

 മലയാള ചലച്ചിത്ര സംഗീതത്തിന് പുത്തൻ പാത തെളിച്ച വ്യക്തിത്വം 

ത്രപ്രവർത്തനത്തിനുപരി കവി എന്ന നിലയിൽ അദ്ദേഹം ശ്രദ്ധേയനായി തീർന്നു. പിന്നീട് മദിരാശിയിലെ ജയകേരളം മാസികയിൽ പത്രാധിപരായി. മഴക്കാലത്താണ് ഗാന രചന നടത്താൻ മുഴുകിയത്. ഭാസ്കരന്റെ ആരാധ്യനായ മഹാകവി ചങ്ങമ്പുഴക്ക് ഉത്തമ നിദർശനമായി സമർപ്പിച്ച ഖണ്ഡകാവ്യമാണ് പാടുന്ന മൺതരികൾ. ഇത് ആത്‌മ ബാഷ്‌പമായ വിലാപ കാവ്യമാണ്. 

പി ഭാസ്കരന്റെ 'വയലാർ ഗർജിക്കുന്നു' എന്ന കൃതി ഒരു ചരിത്ര കാവ്യമാണ്. അദ്ദേഹം 1946 ൽ പ്രസിദ്ധീകരിച്ച ഈ കാവ്യം ഇരുപത് ഖണ്ഡങ്ങളിലായി മുന്നൂറോളം വരികൾ അടങ്ങുന്നതാണ്. പി. ഭാസ്കരന്റെ 'ഓർക്കുക വല്ലപ്പോഴും' ഒരിക്കലും മറക്കാനാവാത്ത കവിതയാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തന കാല ഘട്ടത്തിന്റെ സ്‌മാരക മുദ്രയാണ് 'വിണ്ട കാലടികൾ'  എന്ന കവിത. പി ഭാസ്കരന്റെ കവിതകൾ എഴുതി വക്കപ്പെട്ട ഹൃദയമാണ്.
     


മദിരാശി റേഡിയോ നിലയത്തിനു വേണ്ടി നിരവധി ഗാനങ്ങളും സംഗീത ശില്പങ്ങളും ഭാസ്കരൻ രചിച്ചു. തിരുവിതാംകൂർ റേഡിയോ നിലയത്തിലും പാട്ടെഴുതുവാൻ അവസരം ലഭിച്ചു. അധികം വൈകാതെ കോഴിക്കോട് ആകാശവാണിയിൽ ഉദ്യോഗസ്ഥനായി ചേർന്നു. മദിരാശിയിൽ ജയകേരളത്തിന്റെ പത്രാധിപരായി  1947 ൽ എത്തിയ അതുല്യ പ്രതിഭയായ ഭാസ്കരനെ സിനിമ എന്ന വിസ്മയം കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ജെമിനി സ്റ്റുഡിയോ ഉടമയും സിനിമ നിർമ്മാതാവുമായിരുന്ന എസ്. എസ് വാസവനാണ് സിനിമയിൽ ഭാസ്കരന് അവസരം നൽകിയത്. മാപ്പിളപ്പാട്ടിന്റെ ശൈലിയിൽ എഴുതിയ ഹാസ്യ ഗാനമായിരുന്നു അത്.  ഈ ചിത്രം 1949 -ൽ റിലീസായി. 

അന്നത്തെ പ്രശസ്ത നായിക പി. ഭാനുമതി ഭാസ്കരന്റെ വരികൾ പാടി അഭിനയിച്ചു. പിന്നീട് പി. ഭാസ്കരൻ ചന്ദ്രിക എന്ന ചിത്രത്തിന് തൂലിക എടുത്ത് ഒരു രചത രേഖ വരച്ചു. ഇതിലെ ഗാനങ്ങൾ ജനപ്രീതി നേടി.  ഇവ ഭാസ്കരൻ എന്ന ഗാന രചയിതാവിന്റെ വരവറിയിച്ച പാട്ടുകളായിരുന്നു.  ഇതേ കാലയളവിൽ വി. ദക്ഷിണാമൂർത്തിയുടെ സംഗീത സംവിധാനത്തിൽ പി. ഭാസ്കരൻ നവ ലോകം എന്ന ചലച്ചിത്രത്തിന് ഗാന രചന നിർവ്വഹിച്ചു.  ഇന്ത്യയിലെ ഗാന രചയിതാക്കളുടെ ഒന്നാം നിരകളിൽ ഒരാളായി അദ്ദേഹം വളരെ വേഗം വളർന്നു. മലയാളികൾ നാഴൂരിപ്പാലുകൊണ്ട് നാടാകെ കല്യാണം എന്ന വരികൾ അഭൂത പൂർവ്വമായ ഹർഷാരവത്തോടെ ഏറ്റു പാടി. 

മലയാളത്തിലെ ആദ്യത്തെ ഇരട്ട സംവിധായകർ

ഭാസ്കരന്റെ കീർത്തി ഗാന രചയിതാവെന്ന നിലയിൽ ഔന്നത്യത്തിലെത്തി നിന്ന കാലം. രാമു കാര്യാട്ടും പി. ഭാസ്കരനും ചേർന്ന് നീലക്കുയിൽ എന്ന ചലച്ചിത്രം ഒരുക്കുവാൻ തീരുമാനിച്ചു. അങ്ങനെ മലയാളത്തിലെ ആദ്യത്തെ ഇരട്ട സംവിധായകർ പിറന്നു. അഭിനയ നൈപുണ്യം കൈമുതലായിരിക്കുന്ന സത്യനെ ഭാസ്കരനും രാമു കാര്യാട്ടും തിരിച്ചറിഞ്ഞു. ഭാസ്കരൻ മാഷ് തന്നെ ഗാനരചന നിർവ്വഹിച്ചു. 

നീലക്കുയിൽ എന്ന സിനിമ 1954 ഒക്ടോബർ 24 നാണ് പുറത്തിറങ്ങിയത്.   ഈ സിനിമയിലെ പാട്ടുകൾ ലാളിത്യവും താളാത്മകതയും സമ്മേളിച്ച പുതിയ അനുഭവമായിരുന്നു. ഇന്ധ്യയിലെ ഗാനാത്മകതയും സമ്മേളിച്ച പുതിയ അനുഭവമായിരുന്നു. രണ്ടാമത്തെ ചലച്ചിത്രത്തിനുമുള്ള രാഷ്ട്രപതിയുടെ വെളളി മെഡൽ നീലക്കുയിൽ സ്വന്തമാക്കി. 


അദ്ദേഹം 1954 ലാണ് വിവാഹിതനായത്.  നീലക്കുയിലിന്റെ വിജയത്തിന് ശേഷം 1956 ൽ പി. ഭാസ്കരന്റെ രണ്ടാമത്തെ ചിത്രമായ രാരിച്ചൻ എന്ന പൗരൻ പുറത്തിറക്കി. പി ഭാസ്കരൻ ഈ സിനിമകളിലൂടെ സ്വതന്ത്ര്യ സംവിധായകനായി കടന്നു വന്നു. ഭാസ്കരൻ  മാഷിന്റെ സംവിധാനത്തിൽ നായര് പിടിച്ച പുലിവാല് എന്ന ചിത്രം 1938 ൽ റിലീസായി. ഇതേ തുടർന്ന് അനേകം സിനിമകൾ പി ഭാസ്കരൻ സംവിധാനം ചെയ്തു. ഇവയിൽ ചില ചിത്രങ്ങളുടെ നിർമ്മാണനവും   നിർവ്വഹിച്ചു.

 ആദ്യ കിരണങ്ങൾ, ഇരുട്ടിന്റെ ആത്മാവ്, തുറക്കാത്ത വാതിൽ എന്നീ ചിത്രങ്ങളുടെ ഗാനങ്ങൾക്ക് ദേശീയ പുരസ്‌കാരം ലഭിച്ചു. സ്ത്രീ, കൊച്ചു തെമ്മാടി,  വെങ്കലം എന്നീ സിനിമകൾക്കായി എഴുതിയ ഗാനങ്ങൾ സംസ്‌ഥാന അവാർഡുകൾക്കും അർഹമായി ആദ്യ കിരണങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ മെറിറ്റ് സർട്ടിഫിക്കറ്റും കിട്ടി. അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന സിനിമ രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ കരസ്ഥമാക്കി. ദേശീയോദ്ഗ്രഥനത്തിനുള്ള അവാർഡിന് 'തുറക്കാത്ത വാതിൽ' അർഹത നേടി.  

പി. ഭാസ്കരന്റെ സംവിധാന മികവ് 

പ്രമുഖ എഴുത്തുകാരുടെ രചനകളെ ആസ്പദമാക്കി സിനിമകൾ ഒരുക്കുവാനും അവരെക്കൊണ്ട് ചിത്രങ്ങൾക്ക് തിരക്കഥയെഴുതിപ്പിക്കാനും പി. ഭാസ്കരൻ പ്രത്യേകം താല്പര്യം എടുത്തു. ഉറൂബിന്റെ ഉമ്മാച്ചു, മുത്തശ്ശി, കുരുക്ഷേത്രം എന്നീ ചിത്രങ്ങളുടെ സംവിധാനം പി. ഭാസ്കരനാണ് നിർവ്വഹിച്ചത്. ആസ്യ കിരണങ്ങൾ, അന്വേഷിച്ചു കണ്ടെത്തിയില്ല, തറവാട്ടമ്മ, മനസ്വിനി എന്നിവ പാറപ്പുറത്തിന്റെ രചനകളാണ്. മൂന്ന് പൂക്കൾ, നവ വധു, അപ്പൂപ്പൻ, അമ്പലപ്രാവ്, സ്നേഹദീപമേ മിഴി തുറക്കൂ എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് എസ്. എൻ. പുരം സദാനന്ദനാണ്. എംടിയുടെ 'വിത്തുകൾ' പ്രശംസ പിടിച്ചു പറ്റി. 


ശ്രീകുമാരൻ തമ്പിയും തോപ്പിൽ ഭാസിയുമാണ് പി. ഭാസ്കരന് വേണ്ടി കഥകളും തിരക്കഥകളും ഒരുക്കിയ പ്രമുഖർ. ശ്രീകുമാരൻ തമ്പി എഴുതി പി ഭാസ്കരൻ സംവിധാനം ചെയ്ത കാക്കത്തമ്പുരാട്ടി, ആറടി മണ്ണിന്റെ ജന്മി, വിലക്കു വാങ്ങിയ വീണ ,  ഉദയം, വീണ്ടും പ്രഭാതം, മറ്റൊരു സീത, ചുമടു താങ്ങി, വഴി വിളക്ക് എന്നീ സിനിമകൾ ഏറെ പ്രചാരം പിടിച്ചു പറ്റിയവയാണ്. 


തോപ്പിൽ ഭാസിയുടെ രചനകൾക്ക് പി. ഭാസ്കരൻ സംവിധാനം ചെയ്ത മൂലധനം, വിളക്കും വെളിച്ചവും, ഒരു പിടി അരി എന്നീ ചലച്ചിത്രങ്ങൾ സാമൂഹിക വിപ്ലവത്തിന്റെ കാഹളമുയർത്തുന്നു. മലയാറ്റൂരിന്റെ ലക്ഷ പ്രഭു, കെ. സുരേന്ദ്രന്റെ കാട്ടു കുരങ്ങ്, ഇ. എം. കോവൂരിന്റെ അമ്മയെക്കാണാൻ, കെ. ടി. മുഹമ്മദിന്റെ തുറക്കാത്ത വാതിൽ എന്നിവ പി. ഭാസ്കരന്റെ സംവിധാന മികവ് പുലർത്തുന്നു. പി. ഭാസ്കരന്റെ മുറപ്പെണ്ണ്, പകൽക്കിനാവ്, ഇരുട്ടിന്റെ ആത്മാവ് എന്നീ സിനിമകൾ എംടിയെ ചലച്ചിത്ര രംഗത്ത് ശ്രദ്ധേയനാക്കി. കേരള പിക്ചേഴ്സിന് വേണ്ടി ഭാസ്കരൻ സംവിധാനം ചെയ്ത ലൈല മജ്‌നുവും ഭാഗ്യ ജാതകവും കേരളീയരെ കാര്യമായി വശീകരിച്ചില്ല.  

 മലയാൺമയുടെ ഹൃദയം സ്പന്ദിക്കുന്ന ഗാനങ്ങൾ

ലയാളത്തിന്റെ മൺ മണം  അനുഭവേദ്യമാക്കിയ പി . ഭാസ്കരൻ നാലായിരത്തോളം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓരോ ഗാനവും ഇതെന്റെ താളം, ഇതെന്റെ മണ്ണ് എന്ന ആത്മ ഭാവത്തോടെ മലയാൺമയുടെ ഹൃദയം സ്പന്ദിക്കുന്നവയാണ്.  അദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് പ്രണയത്തിന്റെ നിഷ്കളങ്കതയും നൈർമല്യവും ചന്തം ചാർത്തി. പകൽക്കിനാവ് എന്ന സിനിമക്കായി 1966 ൽ എഴുതി ബി. എ ചിദംബര  നാഥിന്റെ സംഗീത സംവിധാനത്തിൽ യേശുദാസ് ആലപിച്ച ഗാനങ്ങൾ ഇതിനു നിദർശനമാണ്.

 ഭാർഗവി നിലയം എന്ന സിനിമയിലെ ഗാനങ്ങൾ പ്രണയത്തിന്റെ വിഹ്വലതകളും കാത്തിരിപ്പിന്റെ വേദനയുമായി ഹൃദയഹാരിയാക്കി. ഈ ചിത്രത്തിന് 1964 ൽ ഭാസ്കരൻ മാഷ് എഴുതി എം. എസ്. ബാബുരാജ് ഈണം നൽകി യേശുദാസ് പാടിയ താമസമെന്തേ വരുവാൻ എന്ന് തുടങ്ങുന്ന ഗാനം ഇന്നും ചലച്ചിത്ര ഗാനാസ്വാദകർക്ക് പ്രിയപ്പെട്ടതാണ്. നമ്മുടെ ജീവിതവുമായി അദ്ദേഹത്തിന്റെ സർഗ്ഗ വ്യക്തിത്വം ഇഴ പിരിയാതെ ചേർന്നു നിൽക്കുന്നു. പി. ഭാസ്കരന്റെ വരികളുടെ ലയ ഭംഗി ഏറെ ആസ്വാദ്യകരമാകുന്നത് എം. എസ്. ബാബുരാജിന്റെ സംഗീത മികവിലാണ്. 


കെ. രാഘവൻ മാസ്റ്ററുടെ സംഗീതത്തിൽ എഴുതപ്പെട്ട ഗാനങ്ങളും കാലാതിവർത്തിയാണ്. നഗരമേ നന്ദി എന്ന സിനിമക്കായി 1967 -ൽ  പി. ഭാസ്കരന്റെ ഗാനം രാഘവൻ മാഷ് ചിട്ടപ്പെടുത്തി യേശുദാസ് പാടിയ വരികൾ മറക്കാനാവില്ല. പി. ഭാസ്കരന്റെ പ്രായത്തേക്കാളും കുറവുള്ള ജോൺസന്റെ സംഗീത സംവിധാനത്തിൽ എം. എസ്.  ജാനകി പാടി 1982 -ൽ  പുറത്തിറങ്ങിയ 'ഇത് ഞങ്ങളുടെ കഥയിലെ ഗാനം' സ്വപ്നത്തെക്കുറിച്ചുള്ള അനശ്വര വർണ്ണനയായി ആസ്വാദകരുടെ മനസ്സിൽ പ്രതിഷ്ഠിക്കപ്പെട്ടു. നാട്ടു വർത്തമാനത്തെ പാട്ടിലാക്കുന്ന കൗതുകകരമായ കാവ്യ കൗശലം ഭാസ്കരന്റെ പല ഗാനങ്ങളിലും കാണാനാകും.

നിരവധി ചുമതലകൾ വഹിച്ചിട്ടുള്ള വ്യക്തിപ്രഭാവം 
വിതാ രചനയിൽ നിന്നും ഏറെകാലം മാറി നിന്നതിനു ശേഷമാണുള്ള പി. ഭാസ്കരന്റെ തിരിച്ചു വരവായിരുന്നു 'ഒറ്റക്കമ്പിലുള്ള തംബുരു' എന്ന ഖണ്ഡകാവ്യം. ഈ കൃതിയെ കാവ്യ രൂപത്തിലുള്ള ആത്മ കഥയായി വിശേഷിപ്പിക്കുന്നു. പി. ഭാസ്കരന്റെ കാവ്യ ജീവിതത്തിൽ ഉണ്ടായ പരിണാമത്തിന്റെ ദീർഘ വ്യാഖ്യാനമായ ഒറ്റക്കമ്പിയുള്ള തംബുരു കേരളം സാഹിത്യ അക്കാദമി അവാർഡും ഓടക്കുഴൽ പുരസ്‌കാരവും കരസ്ഥമാക്കി. പി. ഭാസ്കരൻ തിരമാല, നീലക്കുയിൽ, മനോരഥം, പിച്ചിപ്പൂ, വിളക്കും വെളിച്ചവും, ഏഴാം കടലിനക്കരെ, അരങ്ങും അണിയറയും എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചത്. 



കേരള സംഗീത നാടക അക്കാദമിയുടെ സെക്രട്ടറിയും ചെയർമാനുമായി പി. ഭാസ്കരൻ ചുമതല വഹിച്ചിട്ടുണ്ട്. കേരള സംസ്‌ഥാന ചലച്ചിത്ര  വികസന കോർപ്പറേഷൻ ചെയർമാനായിരുന്നു. ഏഷ്യാനെറ്റ് സാറ്റ് ലൈറ്റിന്റെ ആദ്യ ചെയർമാനുമാണ്. ചിത്രാഞ്ജലി സ്റ്റുഡിയോയുടെ മാനേജരായും സേവനമനുഷ്ഠിച്ചു. തിരുവനന്തപുരം ജവഹർ നഗറിലെ പുലരി എന്ന വീട്ടിൽ 2007 ഫെബ്രുവരി 25നാണ് പി. ഭാസ്കരൻ അന്തരിച്ചത്. അദ്ദേഹത്തിന്റെ കവിതകളും ഗാനങ്ങളും ദൃശ്യാവിഷ്കരണങ്ങളുമെല്ലാം ഓരോ മലയാളിയും ഹൃദയത്തിൽ സൂക്ഷിക്കുന്നു.

തയ്യാറാക്കിയത് - സുരേഷ് അന്നമനട 


Leave A Comment