ചലച്ചിത്രഗാനങ്ങളുടെ കവീശ്വരൻ; യൂസഫലി കേച്ചേരി
വാൽക്കണ്ണാടി
കവിയും ഗാനരചയിതാവുമായി മലയാളികളുടെ മാനസസരസ്സുകളില്‍ ആറു പതിറ്റാണ്ടു കാലത്തോളം നിറസാനിദ്ധ്യമായ അതുല്യ പ്രതിഭയായിരുന്നു യൂസഫലി. ചലച്ചിത്രങ്ങള്‍ക്ക് യൂസഫലി കേച്ചേരി നിര്‍മ്മാണവും സംവിധാനവും തിരക്കഥയും നിര്‍വഹിച്ചിട്ടുണ്ട്. അദ്ദേഹം മതങ്ങള്‍ക്കതീതമായി മനുഷ്യനെ ദര്‍ശിച്ച വ്യക്തിയായിരുന്നു.

ഇന്ത്യയില്‍ തന്നെ സിനിമാ ഗാനങ്ങള്‍ പൂര്‍ണ്ണമായും സംസ്‌കൃതത്തില്‍ രചിച്ച വിശിഷ്ട കവിയെന്ന അംഗീകാരം യൂസഫലി സ്വന്തമാക്കി. അദ്ദേഹത്തിന്റെ മാതൃഭാഷ മലയാളമാണെങ്കില്‍ ഹൃദയഭാഷ സംസ്‌കൃതമായിരുന്നു. അല്ലാഹുവിനെ നിത്യവും ഹൃദയപൂര്‍വ്വം വാഴ്ത്തിയ യൂസഫലി കേച്ചേരി പുഴയുടെ മറുകരയില്‍വാണ ഗുരുപാവനപൂരിയുടെ അഞ്ജന കണ്ണനെ വാക്കുകൊണ്ടും ഭാവനകൊണ്ടും എഴുതി നിറച്ചു. ആ ചന്ദ്രമോഹന വദനം ഗാനങ്ങളില്‍ ബിംബാവലികളായി വഴിഞ്ഞൊഴുകി.
ബാല്യത്തില്‍ തന്നെ കവിത്വം പ്രകടമാക്കി
തൃശൂര്‍ ജില്ലയില്‍ കേച്ചേരിയിലെ ചിമ്പയില്‍ അഹമ്മദിന്റെയും നജുമക്കുട്ടിയുടെയും മകനായി 1934 മെയ് 16-നാണ് ഈ പ്രതിഭാധനന്‍ പിറന്നത്. കേച്ചേരിയിലെ സ്‌കൂളുകളില്‍ വിദ്യാഭ്യാസം നടത്തി. ബാല്യത്തില്‍ തന്നെ ഒപ്പം ചേര്‍ന്ന സംസ്‌കൃതാഭിമുഖ്യം കാവ്യ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തി. ഈ ബാലനിലെ കവിത്വം ആദ്യമായി കണ്ടെത്തിയത് അധ്യാപകനായിരുന്ന ഭരത പിഷാരടിയാണ്. ഇതേതുടര്‍ന്ന് തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ ബി.എ. വിദ്യാര്‍ത്ഥിയായിചേര്‍ന്ന യൂസഫലി സംസ്‌കൃത പണ്ഡിതനായ ഡോ. നാരായണ പിഷാരടിയുടെ ശിഷ്യനായി.
പുരാണേതിഹാസഗ്രന്ഥങ്ങള്‍ സംസ്‌കൃത മൂലത്തില്‍തന്നെ ഹൃദിസ്ഥമാക്കി. മലയാളം, ഇംഗ്ലീഷ്, സംസ്‌കൃതം എന്നീ ഭാഷകളില്‍ നേടിയ പാണ്ഡിത്യം കവിതകളുടെയും ഗാനങ്ങളുടെയും രചനയ്ക്ക് മുതല്‍ക്കൂട്ടായി.
യൂസഫലി നിയമബിരുദമെടുത്ത് ഹൈക്കോടതിയില്‍ അഭിഭാഷക വൃത്തിയും ചെയ്തു. ഈ കാലയളവില്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ധാരാളം കവിതകള്‍ എഴുതിയിരുന്നു.
ആദ്യകവിതയും ആദ്യഗാനവും
ഇദ്ദേഹത്തിന്റെ ആദ്യകവിതയായ കൃതാര്‍ത്ഥന്‍ ഞാന്‍ 1954 ലാണ് അച്ചടിച്ചു വന്നത്. രാമു കാര്യാട്ടിന്റെ മൂടുപടം എന്ന ചിത്രത്തിനു വേണ്ടി 1963 -ല്‍ രചിച്ച മൈലാഞ്ചിത്തോപ്പില്‍ മയങ്ങി നില്‍ക്കുന്ന മൊഞ്ചത്തി എന്ന പാട്ടാണ് യൂസഫലിയുടെ ആദ്യഗാനം. ഈ ഗാനം ഈണം നല്‍കി ആലപിച്ചത് എം.എസ്. ബാബുരാജാണ്.

യൂസഫലി- ബാബുരാജ് കൂട്ടുകെട്ടില്‍ കുറെയേറെ അനശ്വരഗാനങ്ങള്‍ ആസ്വാദകരുടെ മനം കവര്‍ന്നു. പിന്നീട് പ്രമുഖ സംഗീത സംവിധായകര്‍ക്കൊപ്പം ചേര്‍ന്ന് അനേകം ഗാനങ്ങലള്‍ക്ക് ജന്മം നല്‍കി. ചലച്ചിത്ര ഗാനങ്ങള്‍ക്ക് കവിതയുണ്ടായിരിക്കണമെന്ന നിഷ്‌കര്‍ഷത അദ്ദേഹത്തിനുണ്ടായിരുന്നു. യൂസഫലി കേച്ചേരി സിനിമകള്‍ക്കായി രചിച്ച പേരറിയാത്തൊരു നൊമ്പരത്തെ, പ്രവാഹമേ ഗംഗാ പ്രവാഹമേ, സംഗീതമേ അമരസല്ലാപമേ, ഓമലാളെ കണ്ടു ഞാന്‍, അനുരാഗഗാനം പോലെ, കല്ലായി പൂഴയൊരു മണവാട്ടി, പതിനാലാം രാവുദിച്ചത്, കടലേ നീല കടലേ, നാദാപുരം പള്ളിയിലെ, മറഞ്ഞിരുന്നാലും മനസ്സിന്റെയുള്ളില്‍ തുടങ്ങിയഗാനങ്ങള്‍ വളരെ ശ്രദ്ധേയങ്ങളാണ്.
കല്യാണപ്പന്തല്‍ എന്ന സിനിമയിലെ ചഞ്ചല ചഞ്ചല നയനമാണ് ഈ കവിയുടെ ആദ്യ സംസ്‌കൃതഗാനം. ധ്വനി എന്ന ചിത്രത്തിലെ ജാനകി ജാനെ എന്ന ഗാനം ഭാവതീവ്രവും ഹൃദ്യവുമാണ്. മഴയിലെ ഗേയം ഹരിനാമധേയം എന്ന സംസ്‌കൃതഗാനം യൂസഫലിക്ക് ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു. കൃഷ്ണാകൃപാസാഗരം, കണ്ണിന്റെ കണ്ണായ കണ്ണാ, ഗുരുവായൂര്‍ വാഴും താമരകണ്ണാ, ശരണം നിന്‍ ചരണം മുരാരെ, നന്ദകിശോരാ ഹരേ എന്നിങ്ങനെ ഭക്തിസാന്ദ്രമായ ഗീതികള്‍ അദ്ദേഹത്തില്‍ നിന്ന് വാര്‍ന്നു വീണു.
ചലച്ചിത്രലോകത്ത് നവഭാഷ്യങ്ങള്‍ രചിച്ച അതുല്യ പ്രതിഭ
മുഹമ്മദ് നബിയെയും യേശുദേവനെയും വാഴ്ത്തുന്ന ഗാനങ്ങളും യൂസഫലിക്ക് പ്രാര്‍ത്ഥനാ മന്ത്രങ്ങളായി. മരം, വനദേവത, നീലത്താമര എന്നീ ചിത്രങ്ങള്‍ ഇദ്ദേഹം സംവിധാനം ചെയ്തു. സിന്ദൂരച്ചെപ്പിന്റെ നിര്‍മ്മാണം, ഗാനരചന, തിരക്കഥ എന്നിവയും നിര്‍വഹിച്ചു. ഇദ്ദേഹം ചലച്ചിത്രലോകത്ത് നവഭാഷ്യങ്ങള്‍ രചിച്ച് ചിരസ്ഥായിയായ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചു. കാലാനുവര്‍ത്തിയായ മനുഷ്യ ദര്‍ശനമാണ് പല കേച്ചേരി കവിതകളിലും അന്തര്‍ലീനമായത്. അതിര്‍വരമ്പുകളില്ലാത്ത സ്വതന്ത്രനായ മനുഷ്യനാണ് കവിതകളില്‍ പ്രതിഫലിച്ചത്.
യൂസഫലികേച്ചേരിയുടെ സൈനബ, സ്തന്യബ്രഹ്‌മം, ആയിരം നാവുള്ള മൗനം, അഞ്ച് കന്യകമാര്‍, നാദബ്രഹ്‌മം, അമൃത്, മുഖപടമില്ലാതെ, കേച്ചേരി പുഴ, ആലില, കഥയെ പ്രേമിച്ച കവിത, ഹജ്ജിന്റെ മതേതരദര്‍ശനം, പേരറിയാത്ത നൊമ്പരം എന്നീ ഗ്രന്ഥങ്ങള്‍ ഏറെ മികവുളവാക്കുന്നു.

ഇദ്ദേഹം ഈറ്റ, ശരപഞ്ചരം, പിന്‍നിലാവ്, ഇനിയെങ്കിലും, ഇതിലേ ഇനിയംവരു, പട്ടണപ്രവേശം, ഗസല്‍, സര്‍ഗം, പരിണയം, ചിത്രശലഭം, ദാദാസാഹിബ്, കരുമാടിക്കുട്ടന്‍, ചൂണ്ട, ഊമപ്പെണ്ണിന് ഉരിയാടപ്പയ്യന്‍, തുടങ്ങി അനവധി സിനിമകള്‍ക്ക് ഗാനരചന നിര്‍വഹിച്ചു. യൂസഫലി കേച്ചേരി കേരള സാഹിത്യഅക്കാദമിയുടെ അദ്ധ്യക്ഷപദവി അലങ്കരിച്ചിരുന്നു.
ഇദ്ദേഹത്തെ കേരളസാഹിത്യ അക്കാദമി, കവനകൗതുകം, ഓടക്കുഴല്‍, ആശാന്‍, രാമാശ്രമം, ചങ്ങമ്പുഴ, നാലപ്പാടന്‍ അവാര്‍ഡുകളും തേടിയെത്തി. കൈരളിയുടെ കവീശ്വരനായി മലയാളത്തിന്റെ മഹാനുഭാവനും സംസ്‌കൃതത്തിന്റെ സവ്വസാചിയുമായിരുന്ന യൂസഫലി കേച്ചേരി 2015 മാര്‍ച്ച് 21 ന് ഈ ലോകത്തോട് വിടചൊല്ലി. എങ്കിലും ഇദ്ദേഹം കുറിച്ചിട്ട വരികള്‍ മാനവമനസ്സുകളില്‍ മറക്കാനാവാത്ത മഹിത മുദ്രിതങ്ങളാണ്.
തയ്യാറാക്കിയത് - സുരേഷ് അന്നമനട
Leave A Comment