പറവൂരിൽ വീട്ടിലേക്ക് സ്ഫോടക വസ്തുക്കൾ എറിഞ്ഞു
പറവൂർ: ലഹരി മാഫിയാ സംഘങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് വീട് കയറി ആക്രമണം. ബിയർ കുപ്പികൊണ്ടുള്ള അടിയേറ്റ് റോഷ്നി (25) എന്ന യുവതിയുടെ തലയ്ക്ക് പരിക്കേറ്റു.
വീട്ടിലേക്കെറിഞ്ഞ രണ്ട് സ്ഫോടകവസ്തുക്കളിൽ ഒന്ന് പൊട്ടിത്തെറിച്ചെങ്കിലും ആർക്കും പരിക്കില്ല. ഏഴിക്കര പഞ്ചായത്ത് നന്ത്യാട്ടുകുന്നം അമ്പാട്ട് കോളനിയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. കാറിലെത്തിയ ഒരു യുവതി ഉൾപ്പെട്ട നാലംഗ സംഘമാണ് ആക്രമണം നടത്തിയത്.
തിരുവനന്തപുരം പുല്ലുവിള സ്വദേശിയായ എ.എൻ. വിജിനും റോഷ്നിയും രണ്ട് മാസം മുമ്പാണ് ദമ്പതികളാണെന്ന് പരിചയപ്പെടുത്തി വീട് വാടകയ്ക്ക് എടുത്തത്.
എന്നാൽ ഒരാഴ്ച കഴിഞ്ഞപ്പോൾ മറ്റ് ചില യുവതികളെയും വീട്ടിൽ കണ്ടു തുടങ്ങി. വളർത്തുനായയെ സദാ സമയം അഴിച്ചുവിടുന്നതിനാൽ അയൽക്കാർ ആരും വീട്ടിലേക്ക് ചെന്നിരുന്നില്ല. അപരിചിതരായ ആളുകൾ രാത്രിയും പകലും വീട്ടിൽ വന്നു പോകുന്നത് പതിവായിരുന്നു.
വീട്ടിൽ താമസിക്കുന്നവർ തമ്മിൽ വാക്കേറ്റവും ബഹളവും സ്ഥിരമായതോടെ സമീപവാസികൾ ചോദ്യം ചെയ്തു.ഇതോടെ ഇവർ നാട്ടുകാർക്ക് നേരെയും തട്ടിക്കയറാൻ തുടങ്ങി. യുവതികൾ വളർത്തുനായയെയും കൂട്ടിയാണ് വീടിന് പുറത്തേക്കു പോയിരുന്നത്.
മൂന്ന് ദിവസം മുമ്പ് നന്ത്യാട്ടുകുന്നം പരിസരത്ത് ഈ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് സമീപത്തെ വീടുകളുടെ ഗേറ്റിലെ ലൈറ്റുകൾ പൊട്ടിയിരുന്നു. ഞായറാഴ്ച രാത്രി എട്ടോടെ കാറിലെത്തിയ നാലംഗ സംഘം വീട് ആക്രമിക്കുകയും സ്ഫോടകവസ്തു എറിയുകയും ചെയ്തു.
ഇത് പൊട്ടുന്ന വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ വീട്ടിൽ നിന്ന് പുകയും മറ്റും ഉയരുന്നത് കണ്ട് പരിഭ്രാന്തരായി. വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയെങ്കിലും കാറിൽ വന്ന സംഘം കടന്നുകളഞ്ഞു.
രാത്രി 12 ഓടെ വീണ്ടും ഇവർ നാലു പേരും കാറിൽ തിരിച്ചെത്തി. ബഹളത്തിനിടയിൽ വിണ്ടും സ്ഫോടകവസ്തു എറിഞ്ഞെങ്കിലും പൊട്ടിയില്ല.
വീട്ടിലുണ്ടായിരുന്ന റോഷ്നി എന്ന യുവതിയുടെ തലയ്ക്ക് ബിയർ കുപ്പി കൊണ്ട് അടിക്കുകയും ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്തു. ഇവരുടെ തലയ്ക്ക് പരിക്കുണ്ട്. പൊട്ടാത്ത സ്ഫോടകവസ്തു ആളൊഴിഞ്ഞ പറമ്പിലേക്ക് പോലീസ് മാറ്റി. പിന്നീട് ബോംബ് സ്ക്വാഡ് എത്തി നിർവീര്യമാക്കി.
മയക്ക് മരുന്ന് വിൽപ്പന മാത്രമല്ല, ഇവർ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ട്.ഇവർ താമസിക്കുന്ന വീടിന് സമീപത്തെ പറമ്പിൽ നിന്നും സിറിഞ്ചുകൾ കണ്ടെടുത്തിട്ടുണ്ട്. സംഘത്തിൽപ്പെട്ട ഒരു യുവതിപാലാരിവട്ടത്ത് പോലീസുമായി വാക്കുതർക്കമുണ്ടാകുന്ന ദൃശ്യങ്ങൾ ചാനലുകളിലും സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു.
ഇവരുടെ നേതൃത്വത്തിലാണ് വീട് കയറി ആക്രമണമുണ്ടായതെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.
Leave A Comment