ബജറ്റിൽ ഭാവി കേരളത്തിനുള്ള ബ്ലൂപ്രിന്റ് ഇല്ല; വിമർശനവുമായി പിണറായി വിജയൻ
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ ഭാവി കേരളത്തിനുള്ള ബ്ലൂപ്രിന്റ് ഇല്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എൽഡിഎഫ് സർക്കാർ നടത്തിയ പദ്ധതികളിൽ പലതിന്റെയും പേരുമാറ്റി പ്രഖ്യാപിക്കുകയാണ് ചെയ്തതെന്ന് പിണറായി വിമർശിച്ചു. കേരളം എന്തോ സാമ്പത്തിക അപകടാവസ്ഥയിൽ എന്ന സന്ദേശമാണ് ആമുഖത്തിലും മുഖ്യമന്ത്രി പറഞ്ഞത്. ബജറ്റ് വിഹിതം പരിശോധിച്ചാൽ അതല്ല ചിത്രം. 2000 കോടിയുടെ അധിക വിഹിതം നൽകാൻ കഴിഞ്ഞു. സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രമാണെന്നും 6000 കോടി ട്രഷറിയിൽ ബാക്കി വച്ചാണ് എൽഡിഎഫ് സർക്കാർ ഇറങ്ങിയതെന്നും പിണറായി പറഞ്ഞു.
സാമ്പത്തിക സ്ഥിതി മോശമ്മല്ലാതിരുന്നിട്ടും ബജറ്റിൽ പിൻവാങ്ങലാണ് കണ്ടത്. ജനക്ഷേമ കാര്യത്തിൽ നേരത്തെയുള്ള ബജറ്റ് വിഹിതം പല കാര്യങ്ങളിലും വെട്ടി കുറച്ചു. കാർഷിക മേഖലയിൽ ആശ്വാസ നടപടിയില്ല. കേന്ദ്രനയ നിലപാടുകൾ കാരണം സംസ്ഥാനത്തിന് ഉണ്ടാകുന്ന ധന നഷ്ടം കണ്ടില്ലെന്ന് നടിക്കുകയാണ്. ഇതിൽ രാഷ്ട്രീയം ഉണ്ട്. മുൻകൂർ ജാമ്യം എടുക്കലായിരുന്നു ധവളപത്രമെന്നും പിണറായി കുറ്റപ്പെടുത്തി.
വൻ കിട കോർപ്പറേറ്റ് താത്പര്യങ്ങൾ ആണ് കാണുന്നത്. സ്വകാര്യ മേഖലയ്ക്ക് അവസരം നൽകുന്നതാണ് ബജറ്റും. ധാതുക്കളുടെ ഖനനം സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കുകയാണ്. എൽഡിഎഫ് സർക്കാർ ആശയം അട്ടിമറിക്കുന്നു. കേരളത്തിന്റെ തീരത്തെ സ്വകാര്യ മേഖലയ്ക്ക് തീറെഴുതാനാണോ മാരിടൈം പോളിസി എന്ന് ആശങ്കയുണ്ടെന്നും പിണറായി കൂട്ടിച്ചേർത്തു.
Leave A Comment