കേരളം

'നിർത്തിക്കോ, ഇത് അവസാന മുന്നറിയിപ്പ്''; കർശന താക്കീതുമായി ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: ഓൺലൈൻ ഫുഡ് ഡെലിവറി സംവിധാനങ്ങളുടെ മറവിൽ ലഹരി കടത്തുകയും വിതരണം നടത്തുകയും ചെയ്യുന്നവർക്കെതിരെ കർശന താക്കീതുമായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. 


'ഓൺലൈനിൽ വിളിച്ചാൽ ഭക്ഷണം വീട്ടിലെത്തിക്കുന്നവരുണ്ടല്ലോ... അവരെക്കുറിച്ചും ഗുരുതര പരാതികൾ ഉയർന്നിട്ടുണ്ട്. ഇത് അവസാന മുന്നറിയിപ്പാണ്. ഇതുവരെ ചെയ്തതൊക്കെ ചെയ്തു. ഇനി ഈ പരിപാടി അവസാനിപ്പിക്കണം. വെറുതെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ട സാഹചര്യം ഉണ്ടാക്കരുത്" മന്ത്രി വ്യക്തമാക്കി.



'ഓപ്പറേഷൻ തൂഫാൻ' നടപടികളുടെ ഭാഗമായി സ്വിഗ്ഗി, സൊമാറ്റോ ഉൾപ്പെടെയുള്ള ഡെലിവറി ശൃംഖലകൾ ദുരുപയോഗം ചെയ്ത് ലഹരി എത്തിക്കുന്നതായി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും, തുടർന്നാൽ ശക്തമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.


'ഓപ്പറേഷൻ തൂഫാൻ' പ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ ആരുടെയും ശുപാർശ പരിഗണിക്കരുതെന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആംബുലൻസുകൾ ലഹരി കടത്തിനും വിൽപ്പനയ്ക്കുമായി ഉപയോഗിക്കുന്നതായി പരാതികൾ ലഭിച്ച സാഹചര്യത്തിൽ അവയും പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 


അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും എം എൽ എമാരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിക്കും. ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

Leave A Comment