കേരളം

മുനമ്പത്തെ വഖഫ് ഭൂമി: ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ജനുവരി 27 വരെ ഭൂമിയുടെ തത്‌സ്ഥിതി തുടരാൻ ജസ്റ്റീസുമാരായ മനോജ് മിശ്ര. ഉജ്ജൽ ഭുയാൻ എന്നിവരുടെ വ്യക്തമാക്കി.

എന്നാൽ മുനമ്പത്തെ 404.76 ഏക്കർ വിസ്തൃതിയുള്ള വസ്തുവിന്‍റെ സാഹചര്യം പരിശോധിച്ച ശിപാർശകൾ നല്കാൻ ജസ്റ്റീസ് സി.വി. രാമചന്ദ്രനെ നിയോഗിച്ച സംസ്ഥാന സർക്കാരിന്‍റെ തീരുമാനം ശരിവച്ച ഹൈക്കോടതി തീരുമാനം സ്റ്റേ ചെയ്യുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ഹൈക്കോടതി ഉത്തരവിനെതിരെ കേരള വഖഫ് സംരക്ഷണ വേദി സമർപ്പിച്ച പ്രത്യേകാനുമതി ഹർജിയിൽ നോട്ടീസ് പുറപ്പെടുവിച്ചുകൊണ്ടാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

അധികാരപരിധി മറികടന്നാണ് ഹൈക്കോടതി വിഷയം പരിഗണിച്ചതെന്ന് കേസ് പരിഗണിക്കുന്നതിനിടയിൽ ബെഞ്ച് നിരീക്ഷിച്ചു. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാരായിരുന്നു അപ്പീൽ നൽകേണ്ടിയിരുന്നതെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു.

വഖഫ് വസ്തുക്കളുടെ രേഖയും സാധുതയും സംബന്ധിച്ച പ്രശ്നങ്ങൾ വഖഫ് ട്രൈബ്യൂണലിന്‍റെ പരിധിയിൽ മാത്രമാണ് വരുന്നതെന്നും അതിനാൽ വിഷയത്തിൽ ഇടപെടുന്നതിന് ഹൈക്കോടതിക്ക് തെറ്റുപറ്റി എന്നുമാണ് ഹർജിക്കാർ വാദിച്ചത്

Leave A Comment