ഇന്നു മുതൽ ലോഡ്ഷെഡിംഗ്! കൗതുകം നിറച്ച് സർക്കാർ ട്വിസ്റ്റ്
മാള: രാവിലെ പ്രമുഖ മലയാള പത്രങ്ങൾ വായിക്കാനെടുത്ത പലരും അമ്പരുന്നു. ഇന്നു മുതൽ ലോഡ് ഷെഡിംഗ് എന്നതായിരുന്നു ഒന്നാം പേജിലെ പ്രധാന വാർത്ത. രാവിലെയും വൈകിട്ടുമായി അരമണിക്കൂർ വീതം ലോഡ്ഷെഡിംഗ് വരുന്നു എന്നതു വായിച്ച വായനക്കാർ പലരും അന്പരന്നു. എന്തു കാരണംകൊണ്ടാണ് ലോഡ് ഷെഡിംഗ് എന്നറിയാൻ പത്രം സൂക്ഷ്മമായി വായിച്ചപ്പോഴാണ് പലർക്കും കൂടുതൽ കൗതുകമായത്.
2012 സെപ്റ്റംബർ 27ലെ വാർത്തയാണ്!. മറ്റു വാർത്തകളിലൂടെ കണ്ണോടിച്ചു. പൂട്ടലിന്‍റെ വക്കിൽ കെഎസ്ആർടിസി 40 ശതമാനം സ്കൂളുകളും അടച്ചുപൂട്ടൽ ഭീഷണിയിൽ, പരീക്ഷയെഴുതിയത് പാഠപുസ്തകമില്ലാതെ, സാമ്പത്തിക വർഷത്തിന്‍റെ അവസാന ദിവസം ട്രഷറി കാലി, ദേശീയപാത വികസനം മതിയാക്കി അഥോറിറ്റി, ടാറിനും കുടിശിക; റോഡ് പണി നിലച്ചു... എന്നിങ്ങനെ നീളുന്നു ഈ പേജിലെ വാർത്തകൾ. എല്ലാ വാർത്തകളുടെയും ഒടുവിൽ പത്തു വർഷം മുമ്പുള്ള ഒരു തീയതിയും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിനു ശേഷം അകത്തേക്കു മറിച്ചപ്പോഴാണ് യഥാർഥ ട്വിസ്റ്റ്. വായനക്കാരെ കാത്ത് ഒന്നാം പേജിന്‍റെ അതേ മാതൃകയിൽ മറ്റൊരു പേജ്. ആദ്യത്തെ പേജിൽ കൊടുത്തിരുന്നതിനുള്ള മറുപടികളായിരുന്നു ആ പേജിൽ. കേരളത്തിൽ വെളിച്ച വിപ്ലവം, ലാഭത്തിലേറി കെഎസ്ആർടിസിയുടെ തിരിച്ചെഴുന്നള്ളത്, പാഠപുസ്തകങ്ങൾ സ്കൂൾ തുറക്കുംമുമ്പേ, 111 പുതിയ സ്കൂൾ കെട്ടിടങ്ങൾകൂടി പൂർത്തിയായി, റോഡുകൾ ഹൈടെക്, ദേശീയപാത വികസനം പൂർണതയിലേക്ക്... എന്നിങ്ങനെ നീളുന്നു ഈ പേജിലെ വാർത്തകൾ. അപ്പോഴാണ് പലർക്കും യാഥാർഥ്യം പിടികിട്ടിയത്.
യുഡിഎഫ് കാല ഭരണത്തു പോരായ്മകളായിരുന്നെന്നു പരിഹസിച്ചുകൊണ്ടും എൽഡിഎഫ് കാലഭരണത്തിൽ ഇതിനൊക്കെ പരിഹാരമായെന്നും കാണിച്ചുകൊണ്ടുള്ള സർക്കാർ പരസ്യമായിരുന്നു ഈ പേജുകൾ. ഈ പേജ് കേരള സർക്കാർ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷനു വേണ്ടിയുള്ള സർഗാത്മക പരസ്യാവിഷ്കാരമാണ്. പത്രത്തിന്‍റെ എഡിറ്റോറിയലുമായി ബന്ധമില്ലെന്നുമുള്ള അറിയിപ്പും പേജിനൊപ്പം ചേർത്തിരുന്നു.
പത്തു വർഷം മുമ്പേ പത്രങ്ങളിൽ നിറഞ്ഞുനിന്ന വാർത്തകൾകൊണ്ട് രൂപപ്പെടുത്തിയ ഒന്നാം പേജ് ആണെന്ന് ആദ്യത്തെ പേജിലും ഒന്നും രണ്ടും പിണറായി സർക്കാർ കേരളത്തെ തിരുത്തിക്കുറിച്ചതിന്‍റെ നേർക്കാഴ്ചയാണ് ഈ പേജ് എന്നു രണ്ടാം പേജിലും അറിയിപ്പുണ്ട്. മലയാളത്തിലെ ഏതാണ്ട് എല്ലാ പ്രധാന പത്രങ്ങളിലും പരസ്യം വന്നിട്ടുണ്ട്. ഇംഗ്ലീഷ് പത്രങ്ങളിലും പരസ്യമുണ്ട്. കൗതുകം തോന്നിപ്പിക്കുന്ന പരസ്യങ്ങൾ രാവിലെതന്നെ പലേടത്തും ചർച്ചയായി മാറി.
Leave A Comment