രാഷ്ട്രീയം

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഐക്യം നല്ലതാണ്; കമ്മ്യൂണിസ്റ്റുകാര്‍ പഴഞ്ചന്മാര്‍: തരൂര്‍

കൊച്ചി: കോണ്‍ഗ്രസാണ് തന്നെ രാഷ്ട്രീയത്തിലെത്തിച്ചതെന്നും ആരെയും ഭയമില്ലെന്നും ഡോ. ശശി തരൂര്‍ എം പി. 

കേരളത്തിന്റെയും ഭാരതത്തിന്റെയും വികസനമാണ് ഉദ്ദേശ്യമെന്നും ഇന്ന് പുറത്തുവന്ന വിവാദ പോഡ് കാസ്റ്റിന്റെ പൂര്‍ണരൂപത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.

രാഷ്ട്രീയത്തിന് അതീതമായി സംസാരിക്കണമെന്നാണ് പക്ഷം. കോണ്‍ഗ്രസിലെ സ്വതന്ത്ര നിലപാടുകാരനാണ് താന്‍. എന്തു പറഞ്ഞാലും എതിര്‍ക്കാനും വിമര്‍ശിക്കാനും സ്വന്തം പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ആളുകളുണ്ട്. അതേക്കുറിച്ച് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. 

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഐക്യം നല്ലതാണ്. പാര്‍ട്ടിയെ നോക്കി മാത്രം ആളുകളുടെ വോട്ട് കിട്ടുമെന്ന് കരുതിയാല്‍ കോണ്‍ഗ്രസിന് വീണ്ടും പ്രതിപക്ഷത്തുതന്നെ ഇരിക്കേണ്ടി വരുമെന്നും തരൂര്‍ വിമര്‍ശിക്കുന്നു.

കമ്മ്യൂണിസ്റ്റുകാര്‍ എല്ലാക്കാര്യത്തിലും പഴഞ്ചന്മാരാണെന്നും 10-15 വര്‍ഷം പിന്നിലാണ് അവരെന്നും തരൂര്‍ ആരോപിച്ചു. സ്വകാര്യ യൂണിവേഴ്‌സിറ്റി എന്ന ആശയത്തെ ആദ്യം അവര്‍ എതിര്‍ത്തിരുന്നു.

ഇപ്പോള്‍ അനുകൂലിക്കുന്നുവെന്നും തരൂര്‍ പറഞ്ഞു. രാജ്യ താത്പര്യത്തിന് അനുസരിച്ചാണ് അഭിപ്രായം പറയുന്നത്. കേരളത്തിന്റെ വിഷയങ്ങളില്‍ വ്യാപൃതനാവണമെന്നാണ് ആഗ്രഹിക്കുന്നത്. സ്വന്തം പാര്‍ട്ടിക്കാരുടെ വോട്ടുകൊണ്ട്മാത്രം ജയിക്കാനാവില്ല.

ആളുകളുടെ മനസില്‍ താനുണ്ടെന്നും പബ്ലിക് ഒപീനിയന്‍ പോള്‍സ് അത് വ്യക്തമാക്കിയിട്ടുണ്ടെന്നും തരൂര്‍ പറയുന്നു.

ബിജെപി തന്റെ 'ഓപ്ഷനല്ല'. ബിജെപിയില്‍ ചേരുന്നത് മനസിലേയില്ലെന്ന് പറഞ്ഞ തരൂര്‍ താന്‍ കോണ്‍ഗ്രസുകാരനാണെന്നും ഉറപ്പിക്കുന്നു. ഉള്ളില്‍ ജനാധിപത്യമുണ്ടെന്ന് അറിയിക്കാനാണ് പാര്‍ട്ടിക്കുള്ളില്‍ മത്സരിച്ചത്. ഇന്‍ഡ്യ സഖ്യത്തിന്റെ വില ലോക്‌സഭ തിരഞ്ഞെടുപ്പിലാണ് ഉണ്ടാവുക. അല്ലാത്ത ഘട്ടത്തില്‍ വിലയില്ല. കാരണം എല്ലായിടത്തും ഇന്‍ഡ്യ സഖ്യത്തിന്റെ എതിരാളി ബിജെപി അല്ലെന്നും ശശി തരൂര്‍ പറയുന്നു.

Leave A Comment