വാല്‍ക്കണ്ണാടി

ബഹദൂർ; ചിരിയുടെ ചെങ്കോലേന്തിയ മലയാളത്തിന്റെ മഹാ നടൻ

വാൽക്കണ്ണാടി 

രങ്ങിലും അഭ്രപാളിയിലും അഭിനയ മികവിന്റെ അഭൗമ തേജസ്സറിയിച്ച അതുല്യ വ്യക്തി പ്രഭാവമായി പ്രകീർത്തിക്കപ്പെട്ട പ്രതിഭാധനനായിരുന്നു ബഹദൂർ. അദ്ദേഹം ചലച്ചിത്ര വേദിയിൽ ചിരിയുടെ ചെങ്കോലേന്തി ചൈതന്യ മുഹൂർത്തങ്ങൾ സൃഷ്‌ടിച്ച മലയാളത്തിന്റെ മൺ മറഞ്ഞ മഹാ നടനായ ചാർളി ചാപ്ലിനായിരുന്നു. 

കേരളത്തിന്റെ  കലാ ലോകത്ത് കൊടുങ്ങല്ലൂരിന്റെ ശ്രേയസുയർത്തിയ ബഹദൂറിന്റെ തൊണ്ണൂറ്റി മൂന്നാം ജന്മ വാർഷികം പാവനമായ സ്‌മരണകളുയർത്തി കടന്നു പോകുന്നു.  

 തുടക്കം നാടകത്തിലൂടെ
രു കോമാളിയെപ്പോലെ നമ്മെ ചിരിപ്പിക്കുകയും കരുത്തുറ്റ നടനത്തിലൂടെ നമ്മെ കരയിപ്പിക്കുകയും ചെയ്ത അസാധാരണ പ്രതിഭാ ശാലി മാത്രമായിരുന്നില്ല ബഹദൂർ. എല്ലാ അർത്ഥത്തിലും അദ്ദേഹം മനുഷ്യനായിരുന്നു. ആരുടെ കണ്ണീരിലും സ്വയം അലിയുന്ന ദയാലുവായിരുന്നു. നേടിയതെല്ലാം ദാനം ചെയ്ത് സ്വയം ദരിദ്രനായ കാരുണ്യവാരിധിയായിരുന്നു. അന്യന്റെ ദുഃഖം സ്വയം നെഞ്ചേറ്റിയ സ്നേഹ നിധിയായിരുന്നു.

കൊടുങ്ങല്ലൂരിലെ പടിയത്ത് ബ്ലാങ്ങാപ്ലാവിൽ കൊച്ചു മൊയ്‌ദീൻ സാഹിബിന്റെയും  കോട്ടപ്പുറത്ത്  നമ്പൂരി മഠത്തിൽ കൊച്ചു കദീജയുടെയും മകനായി കുഞ്ഞാലു എന്ന ബഹദൂർ 1931 ഡിസംബർ ഒന്നിനാണ് ജനിച്ചത്.  കുഞ്ഞാലുവിന് ഓർമ്മ വളരുമ്പോൾ കുടുംബം പട്ടിണിയിലും ദുരിതത്തിലും ആണ്ടു കഴിഞ്ഞിരുന്നു. കുഞ്ഞാലു ആദ്യമായിനാടകത്തിലഭിനയിച്ചത് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. സ്‌കൂൾ വാർഷികത്തോടനുബന്ധിച്ച് നടത്തിയ കല്യാണ കൺട്രോൾ ഇൻസ്‌പെക്‌ടർ എന്ന നാടകത്തിലാണത്. 

എറിയാട്  ഹൈസ്‌കൂളിൽ നിന്നും കുഞ്ഞാലു 1949 -ൽ എസ്എസ്എൽസി പരീക്ഷ ഒന്നാം ക്ലാസ്സിൽ പാസ്സായി. കോഴിക്കോട് ഫറൂഖ്  കോളേജിൽ ഇന്റർ മീഡിയറ്റ് പൂർത്തിയായത്തോടെ വിദ്യാഭ്യാസം തുടരുക അസാധ്യമായി തീർന്നു. കുഞ്ഞാലു  കുടുംബത്തിന്റെ ദാരിദ്ര്യമകറ്റാൻ വിവിധ ജോലികൾ ചെയ്തു പോന്നു. 

ആലുവയിലെ കെ. എം. എസ് ബസ് സർവീസിൽ കണ്ടക്റ്ററായും ഉദ്യോഗം തരപ്പെട്ടു. ആലുവ കോതമംഗലം റൂട്ടിലായിരുന്നു ജോലി. കുഞ്ഞാലു അനേകം നാടകങ്ങളിൽ അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 

''അവകാശിയിലൂടെ'' സിനിമയിലേക്ക് 
തിരുവനന്തപുരത്ത് സിനിമ മോഹവുമായി എത്തിച്ചേർന്ന ബഹദൂറിന് പരിചയക്കാരുടെ കാരുണ്യം കൊണ്ട് ഒരു ലോഡ്ജിൽ താമസിക്കാൻ ഇടാൻ കിട്ടി.  ഇതിനകം കളക്ടറുടെ ഓഫീസിൽ കുഞ്ഞാലു ഒരു ശല്യക്കാരനായി തീർന്നിരുന്നു. ഒടുവിൽ പി. സുബ്രമണ്യത്തിന്റെ മകൻ എസ് കുമാറിന് നൽകാൻ കളക്ടർ കത്ത് കൊടുത്തു. ഇതേ തുടർന്ന്  അവകാശി എന്ന സിനിമയിൽ മുഖം കാണിക്കാൻ അവസരം കിട്ടി.  അങ്ങനെയിരിക്കുമ്പോഴാണ് കെ. വി. കോശി മെരിലാന്റിൽ പത്രധർമ്മം എന്ന ചലച്ചിത്രം എടുക്കാനെത്തിയത്. കോശിക്ക് കുഞ്ഞാലുവിനെ ഇഷ്ടമായി. എസ് പി പിള്ളക്ക്  കരുതി വച്ചിരുന്ന പ്രധാന വേഷമാണ് കുഞ്ഞാലുവിന്  നൽകിയത്.  അങ്ങനെ അന്ന് സുപ്രസിദ്ധനായിരുന്ന തിക്കുറിശ്ശിയെ കുഞ്ഞാലു കാണുകയും ചെയ്തു. 

തിക്കുറിശ്ശിയുടെ ശുപാർശ പ്രകാരം കുഞ്ഞാലു എന്ന ആ  മൃത ശരീര കലാകാരന് അഭിനയിക്കാൻ അവസരം ലഭിച്ചു. ചിത്രത്തിൽ ആദ്യവസാനം നിറഞ്ഞു നിൽക്കുന്ന ബുദ്ധിശൂന്യനായ  ബുദ്ദു എന്ന സേവകന്റെ വേഷമായിരുന്നു അത്. തിക്കുറിശ്ശിയുടെ നിർദേശ പ്രകാരം കുഞ്ഞാലുവിന് ബഹദൂർ എന്ന പേരും നൽകി. പുത്രധർമ്മം 1954 -ൽ  പുറത്തിറങ്ങി.  പിന്നീട് അനിയത്തി, ഹരിഷ്ചന്ദ്ര,  മന്ത്രവാദി തുടങ്ങിയ സിനിമകളിലും വേഷമിട്ടു. 

 


ആകാശ വാണിയിൽ ചില നാടകങ്ങൾക്ക് ശബ്ദവും നൽകിയിരുന്നു. ബഹാദൂർ എന്ന നടന്റെ തലവിധി 1975 ൽ പുറത്തിറങ്ങിയ പാടാത്ത പൈങ്കിളി എന്ന ചിത്രം മാറ്റി മറിച്ചു. മുട്ടത്തു വർക്കിയുടെ പ്രസിദ്ധ നോവലിനെ ആധാരമാക്കി പി സുബ്രമണ്യം സംവിധാനം ചെയ്ത ചിത്രമായിരുന്നു അത്. ഈ ചിത്രത്തിലെ ചക്കര വക്കൻ എന്ന കഥാപാത്രത്തെ മലയാള പ്രേക്ഷകർ നെഞ്ചോടു ചേർത്ത് ഏറ്റു വാങ്ങി.  

ഇതിനു ശേഷം മലയാള ചലച്ചിത്ര വേദിയുടെ അവിഭാജ്യ ഘടകമായി ബഹദൂർ മാറുന്ന കാഴ്ചയാണ് ഉണ്ടായത്. അതൊരു യാത്ര തന്നെയായിരുന്നു. അടൂർ ഭാസി - ബഹദൂർ ഹാസ്യ ജോടി വലിയ വിജയങ്ങൾ നേടിക്കൊണ്ടിരുന്നു. ഇവയിൽ നിന്നും ഉളവായ ചിരിയിൽ 1960 കളിലും 70 കളിലും സിനിമാകോട്ടകകൾ ഇളകി മറിഞ്ഞു.  

അവിസ്മരണീയ കഥാപാത്രങ്ങളിലൂടെ  
ഹദൂർ 1968 ലാണ് കുടുംബ സമേതം മദിരാശിയിൽ താമസം തുടങ്ങിയത്. ഇതിനിടയിൽ ഉറ്റ ബന്ധു മിത്രാദികളുടെ ദേഹ വിയോഗങ്ങൾ ബഹദൂറിനെ അലട്ടിയിരുന്നു. അക്കാലത്താണ് നാഷണൽ തിയറ്റേഴ്‌സ് എന്ന നാടകക്കമ്പനി ആരംഭിച്ചത്. അതിലെ മുഖ്യ നടനും സംഘാടകനും ബഹദൂർ തന്നെയായിരുന്നു. നാടകക്കമ്പനി രൂപം കൊണ്ടതോടെ സിനിമകളും ഏറി വന്നു. എന്നാൽ നാടക പ്രവർത്തകരെ ഉപേക്ഷിക്കാൻ ബഹദൂർ ഒരുക്കമായിരുന്നില്ല. 

പൊരുങ്ങൽക്കുത്തിൽ ഉണ്ണിയാർച്ചയുടെ ചിത്രീകരണത്തിനിടയിൽ പരിക്കേറ്റ കാലുമായാണ് ശകുന്തള എന്ന സിനിമ പൂർത്തിയാക്കിയത്. ബഹദൂർ ഏതാണ്ട് 800 സിനിമകളിൽ അഭിനയം കാഴ്ച്ച വച്ചു. ബഹദൂറിന്റെ ഏറ്റവും മികച്ച വേഷങ്ങളിലൊന്ന് മാധവിക്കുട്ടിയിലാണ്. വാഴ്‌വേ മായത്തിലെ ചെറിയ വേഷം പ്രശസ്തമാണ്. കാട്ടു തുളസിയിലെ  മന്ദബുദ്ധിയായ ജനാർദ്ദനൻ, മുച്ചീട്ടുകളിക്കാരന്റെ മകളിലെ മണ്ടൻ മുത്തപ്പ, ബല്ലാത്ത പഹയനിലെ ആ വല്ലാത്ത പഹയൻ, യക്ഷിയിലെ പേടിത്തൊണ്ടനായ വേലക്കാരൻ, നായര് പിടിച്ച പുലിവാലിലെ സർക്കസ്സ് കോമാളി തുടങ്ങി അനവധി അവിസ്മരണീയ കഥാപാത്രങ്ങൾ. 

അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിൽ ഒരു ചെറിയ വേഷമാണ് മുറുക്കാൻ പീടികക്കാരൻ ഹംസ. കടൽപ്പാലത്തിൽ വാശിക്കാരനായ പിതാവിനും പുത്രനുമിടയിൽപ്പെട്ട് ധർമ്മ സങ്കടമനുഭവിക്കുന്ന ഭൃത്യന്റെ വേഷം ഏറെ പ്രശംസ പിടിച്ചു പറ്റി. മഹാനടനായ സത്യനുമായി ഒപ്പത്തിനൊപ്പം നിന്ന് അഭിനയിച്ച കഥാപാത്രങ്ങൾ മലയാള സിനിമ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. ഫോർമുലാ ചിത്രങ്ങളുടെ കോമാളിയിൽ നിന്നും ഭാവാഭിനയത്തിന്റെ ഗിരി ശ്രിംഗങ്ങളിലേക്ക് കയറിപ്പോകുന്ന ദൃശ്യങ്ങളാണ് അത്തരം സിനിമകൾ പ്രേക്ഷകർക്ക് പകർന്നത്. 

കമലഹാസനോടൊപ്പം സത്യ എന്ന തമിഴ് ചിത്രത്തിൽ ബഹാദൂർ അഭിനയിച്ചു. ഏക് ഔരത്ത് ചാർ ആവേം എന്ന ഹിന്ദി സിനിമയിലും വേഷമിട്ടു. പണി തീരാത്ത വീട്, ചക്രവർത്തിനി, ചിരിക്കുടുക്ക എന്നീ ചിത്രങ്ങളിൽ ഇരട്ട വേഷത്തിലും അഭിനയിച്ചു. മലയാളത്തിലെ ആദ്യ വർണ്ണ ചിത്രമായ കണ്ഠം വെച്ച കോട്ടിൽ കാക്ക എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു.  ബഹദൂർ അഭിനയിച്ച അവസാന ചലച്ചിത്രം ജോക്കറാണ്. അദ്ദേഹം അബൂക്ക എന്ന കഥാപാത്രത്തെ ജോക്കറിൽ അനശ്വരമാക്കി.  

നഷ്ടബോധമില്ലാത്ത ചിരി
ഹദൂർ സഫലമാകാത്ത കുറെ മോഹങ്ങൾ ബാക്കി വച്ചാണ് ജീവിതത്തിൽ നിന്നും കടന്നു പോയത്. തിക്കുറിശ്ശി സുകുമാരൻ നായരെ ഗുരുക്കന്മാരുടെ ഗുരു എന്നാണ് ബഹദൂർ വിശേഷിപ്പിച്ചത്. എറണാകുളത്ത് 1970 -ൽ ബഹദൂറിന്റെ മേൽ നോട്ടത്തിൽ ഇതിഹാസ് പിക്ചേഴ്സ് എന്ന പേരിൽ ഒരു ചലച്ചിത്ര കമ്പനി ആരംഭിച്ചു. യൂസഫലി കേച്ചേരിയുടെ സിന്ദൂരച്ചെപ്പ്, വരം എന്നീ ചിത്രങ്ങൾക്ക് സാമ്പത്തിക സഹായം നൽകി.  അമിതാഭച്ചനും മലയാള നടൻ മധുവും അഭിനയിച്ച സാത്ത് ഹിന്ദുസ്ഥാനി എന്ന ഹിന്ദി ചിത്രം തിയറ്ററുകളിൽ എത്തിച്ചത് ഇതിഹാസ് ആയിരുന്നു. ഭരതന്റെ ആരവവും പി. എ. ബക്കറിന്റെ മാൻ  പേടയും  ബഹദൂർ നിർമ്മിച്ചു.

എന്നാൽ ബഹാദൂർ ആരംഭിച്ച പല പദ്ധതികളും പിഴച്ചു. അഴീക്കോട് ഒരു ചെമ്മീൻ പീലിങ് കമ്പനി ആരംഭിച്ചിരുന്നു. പക്ഷേ വൈകാതെ തന്നെ കമ്പനി നഷ്ടത്തിലേക്ക് കൂപ്പു കുത്തി.  അവസാനം അത് അടച്ചു പൂട്ടി. ബഹദൂറിന്റെ സാമ്പത്തിക സഹായത്തോടെ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം എന്ന സിനിമ എട്ടു നിലയിൽ പൊട്ടി. മദിരാശിയിലെപ്പോലെ കേരളത്തിലും ഒരു സൗണ്ട് പ്രോസസിംഗ് സ്റ്റുഡിയോ ആരംഭിക്കുക എന്നതായിരുന്നു അടുത്ത പരീക്ഷണം. തിരുവനന്തപുരത്തെ നേമത്ത് 1978 ൽ സ്റ്റുഡിയോ പ്രവർത്തനം ആരംഭിച്ചു.  
ഒടുവിൽ കട ബാധ്യത മൂലം ഈ പദ്ധതിയും ഉപേക്ഷിക്കേണ്ടി വന്നു. 


അന്തരിച്ച മുൻ മുഖ്യ മന്ത്രി കെ. കരുണാകരനെപ്പറ്റി നേതാജി കഹാനി എന്ന ഒരു ഡോക്യൂമെന്ററിയും ബഹദൂർ നിർമ്മിച്ചു. അടൂർഭാസി ബഹദൂർ എന്നൊരു സിനിമ സിർമ്മിക്കാനുള്ള പരിശ്രമവും പരാജയപ്പെട്ടു.  താൻ തുടക്കമിട്ട ഓരോ പദ്ധതിയും ലക്ഷ്യം പൂർത്തിയാക്കാതെ തകർന്നു വീഴുമ്പോഴും നഷ്ടബോധമില്ലാതെ ബഹാദൂർ ചിരിക്കുമായിരുന്നു. വിധിയേയോ വിധാവിനിയോ പഴിക്കാത്ത നിർമ്മലമായ ചിരി. എന്നാൽ എല്ലാ കട ബാധ്യതകളും തീർത്ത ശേഷമായിരുന്നു ബഹദൂർ കഥാവശേഷനായത്.   

മലയാള സിനിമക്ക് അപരിഹാര്യമായ നഷ്ടം
ഭിനയത്തിളക്കത്തിലൂടെ കൊടുങ്ങല്ലൂരിന്റെ പെരുമയുയർത്തിയ ബഹദൂറിനെ സ്വീകരിക്കാൻ ജന്മനാട് ഒരുങ്ങി.  കൊടുങ്ങല്ലൂർ ഗവണ്മെന്റ് ഹൈസ്‌കൂൾ അങ്കണത്തിലെ സത്യൻ നഗറിലേക്ക് 1977 ഫെബ്രുവരി രണ്ടാം തിയതി ജനം ഒഴുകിയെത്തി. ലോഹിത ദാസിന്റെ ജോക്കർ എന്ന സിനിമയിലൂടെ ആത്മാംശം കലർന്ന അബൂക്ക എന്ന കഥാപാത്രത്തെ ഭാവാഭിനത്തിലൂടെ ബഹദൂർ ഉജ്ജ്വലമാക്കി. 

ബഹാദൂർ മസ്ക്കറ്റിലും ഖത്തറിലും ദുബായിലുമൊക്കെ ചിരിയുടെ വസന്തം വിരിയിപ്പിക്കുന്ന പരിപാടികൾ അവതരിപ്പിക്കാറുണ്ട്. വിദേശത്തു നിന്നും മദിരാശിയിൽ 2000 മെയ് 19ന് തിരിച്ചെത്തിയ ബഹദൂർ മെയ് 22ന് അന്തരിച്ചു.  അദ്ദേഹത്തിന്റെ അനേകം അഭിനയ മുഹൂർത്തങ്ങൾ എന്നെന്നും വെള്ളിത്തിരയിൽ മഹിതമുദ്രിതങ്ങളായി പ്രശോഭിച്ചു നിൽക്കുന്നു. ബഹദൂറിൻറെ വേർപാട് മലയാള സിനിമക്ക് അപരിഹാര്യമായ നഷ്ടമാണ്.

തയ്യാറാക്കിയത് - സുരേഷ് അന്നമനട 

Leave A Comment