ആദ്യം തൂപ്പുകാരി പിന്നെ പരമാധികാരി
വാഴിത്തിരിവുകൾ
തൂപ്പുകാരിയായി ജോലി ചെയ്ത അതേ സ്ഥാപനത്തിന്റെ പരമാധികാരിയായി മാറിയ ആനന്ദവല്ലിയുടെ വിജയ ഗാഥ. ബഹുമാനപ്പെട്ട കോടതി ചില വിധി ന്യായങ്ങൾ പുറപ്പെടുവിക്കുമ്പോൾ പ്രയോഗിക്കുന്ന ഒരു പ്രയോഗം ഉണ്ട്. ഈ കേസ് അപൂർവ്വങ്ങളിൽ അൽപൂർവമാണ് എന്നതാണത്. തലവൂരിലെ ആനന്ദവല്ലിക്കും ഈ വിശേഷണം ചേരും. തൂപ്പുകാരിയായി ജോലി ചെയ്തിരുന്ന അതേ ഓഫീസിൽ പരമാധികാരിയാവുക എന്ന അത്യപൂർവ്വ ബഹുമതിയാണ് ആനന്ദവല്ലിയെ തേടിയെത്തിയത്. ആദ്യത്തെ അമ്പരപ്പ് മാറി പുതിയ പദവിയുമായി പൊരുത്തപ്പെട്ടു കഴിഞ്ഞ വല്ലി എന്ന ആനന്ദവല്ലി സ്വന്തം കഥ പറയുന്നു.
പണിയും പഠനവും ഒപ്പം കൊണ്ട് പോയി
2020 ഡിസംബർ 30. ആ ദിവസം ഒരിക്കലും മറക്കാൻ കഴിയില്ല. എന്റെ ജീവിതം തന്നെ മാറ്റി മറിച്ച ദിവസം.

ഞാൻ ജനിച്ചു വളർന്നത് പത്തനാ പുരത്തെ തലവൂരിലാണ്. പഠിച്ചതും അവിടെ തന്നെ. കുഞ്ഞു നാൾ മുതൽ ദാരിദ്രവും കഷ്ടപ്പാടും കണ്ടാണ് വളർന്നത്. എനിക്ക് ഒരു സഹോദരനും സഹോദരിയും ഉണ്ട്. അച്ഛൻ ഞങ്ങളുടെചെറുപ്പത്തിലേ ഉപേക്ഷിച്ചു പോയി. തലവൂർ ദേവി ക്ഷേത്രത്തിലെ തൂപ്പു പണിയും മറ്റു കൃഷിപ്പണികളും ചെയ്താണ് അമ്മ ഞങ്ങളുടെ വിശപ്പ ടക്കിയിരുന്നത്. വർഷങ്ങൾ കഴിയുന്തോറും ഞങ്ങൾ വളരുമ്പോൾ അമ്മ തളരുന്നു എന്ന് മനസ്സിലായി. പിന്നീട് ഒട്ടും അമാന്തിച്ചില്ല തലവൂർ ദേവീ ക്ഷേത്രത്തിലെ തൂപ്പു പണി ഞാൻ ഏറ്റെടുത്തു. പണിയും പഠനവും ഒപ്പം കൊണ്ട് പോയി. പത്താം തരം ജയിച്ചപ്പോൾ പുനലൂർ എൻ. എൻ കോളേജിൽ തേർഡ് ഗ്രൂപ്പ് എടുത്ത് പ്രീഡിഗ്രിക്ക് ചേർന്നു.
അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയം മുതലേ അമ്മയോടൊപ്പം കൊയ്യാനും കറ്റ കെട്ടാനും പോകുമായിരുന്നു. എനിക്കും കുറച്ച് നെല്ല് കിട്ടും സഹോദരങ്ങളും കൂടുമായിരുന്നു അമ്മയ്ക്കും കൂലിയായി കിട്ടുന്ന പണം വളരെ കുറവായിരുന്നു. നെല്ലും അരിയും അമ്പലത്തിലെ പടച്ചോറും ചിലവീടുകളിൽ നിന്ന് ഭക്ഷണവും കിട്ടും പ്രീഡിഗ്രി പൂർത്തിയായ ശേഷം ഞാൻ നഴ്സറി ടീച്ചേഴ്സ് ട്രെയിനിങ് പഠിച്ചു. തലവൂർ ദേവസ്വം ബോർഡിന്റെ പ്രീ പ്രൈമറി സ്കൂളിൽ ഒരേ സമയം ടീച്ചറായും ആയയായും എനിക്ക് ജോലി ലഭിച്ചു. വണ്ടിയിൽ ആയയായിപ്പോയി കുട്ടികളെ കൊണ്ട് വരണം തിരിച്ചു കൊണ്ട് വിടണം. ക്ലാസ് സമയത്ത് അവരുടെ ടീച്ചറുമാകണം.1995മുതൽ 1998വരെ ഇതേ ജോലി തുടർന്നു
ജീവിതത്തിന്റെ സുപ്രധാന ഘട്ടത്തിലേക്കുള്ള വഴിത്തിരിവ്
1998-ൽ ആയിരുന്നു എന്റെ വിവാഹം ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും മനസ്സിലാക്കി കൊണ്ട് തന്നെ എന്റെ അമ്മാവന്റെ മകൻ മോഹനൻ എന്റെ കൈ പിടിച്ച് ജീവിതത്തിലേക്ക് കൂട്ടുകയായിരുന്നു. വളരെ ലളിതമായിട്ടാണ് വിവാഹം നടന്നത്. അദ്ദേഹം പെയിന്‍റിംഗ് തൊഴിലാളിയും സിപിഎം ലോക്കല്‍ കമ്മിറ്റി മെമ്പറും കൂടിയാണ്.

വിവാഹത്തിനു മുമ്പ് കുടുംബശ്രീയിലുംചില ട്രെയിനിംഗ് ക്ലാസിലും പങ്കെടുക്കുമെന്നല്ലാതെ രാഷ്ട്രീയത്തിലേക്ക് അധികം കടന്നു ചെന്നിരുന്നില്ല. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ മോഹനേട്ടന്റെ രാഷ്ട്രീയത്തോടുള്ള അഭിനിവേശം എന്നിലെക്കുമെത്തി.
ഞാനും സാധ്യമായ പരിപാടികളിൽ എന്റെ സാന്നിധ്യം അറിയിച്ചു തുടങ്ങി. പാർട്ടി പ്രവർത്തനം തലയ്ക്കു പിടിച്ചതു കൊണ്ടു തന്നെ മോഹനേട്ടന് സ്ഥിര വരുമാനം ഉണ്ടായിരുന്നില്ല. പലപ്പോഴും പൂർണ്ണമായി വിശപ്പടക്കാനുള്ള ഭക്ഷണം പോലും ഇല്ലായിരുന്നു.
ഞങ്ങൾക്ക് രണ്ട് ആണ്മക്കൾ ജനിച്ചു. മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകണം എന്നായിരുന്നു എന്റെ ഏക ചിന്ത. ഞങ്ങളുടെ കഷ്ടപ്പാടുകൾ കണ്ട് പാർട്ടിയാണ് എനിക്ക് തലവൂർ പഞ്ചായത്തിൽ സ്വീപ്പർ ജോലി ശരിയാക്കി തന്നത്. അവിടെ ഭരണം മാറിയപ്പോൾ എന്റെ ജോലിയും പോയി. അതിനു ശേഷമാണ് പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിലെ താത്കാലിക തൂപ്പുകാരിയായി എന്നെ നിയമിക്കുന്നത്. അതാണ് എന്റെ ജീവിതത്തിന്റെ സുപ്രധാന ഘട്ടത്തിലേക്കുള്ള വഴിത്തിരിവായി മാറിയതും.
തുടക്കത്തിൽ ശമ്പളം 2000 രൂപയായിരുന്നു. പിന്നെ പതിയെ വർഷങ്ങൾ കൊണ്ട് ആറാ യിരത്തിൽ എത്തി. രാവിലെ മുതൽ വൈകുന്നേരം വരെ ഞാൻ പഞ്ചായത്തിൽ ഉണ്ടാകും. അവിടെ വരുന്നവർക്കെല്ലാം ഞാൻ സുപരിചിതയായി. വല്ലിയും വല്ലിച്ചേച്ചിയുമായി.
പ്രസിഡന്റിന്റെ പദവി
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്താണ് തലവൂർ ഡിവിഷനിൽ നിന്ന് എന്നെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചത്. എനിക്ക് സന്തോഷത്തേക്കാൾ പരിഭ്രമം ആണ് അനുഭവപ്പെട്ടത്. ഞാൻ മത്സരത്തെകുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. അങ്ങനെ 684 വോട്ട് ഭൂരിപക്ഷത്തിന് അനായാസേന വിജയിക്കാൻ കഴിഞ്ഞു.

പ്രസിഡന്റ് സ്ഥാനാർഥി പ്രഖ്യാപനവും ഉടനെ വന്നു. നീണ്ട പത്ത് വർഷമായി തൂത്തു തുടച്ച ഓഫീസിന്റെ അധികാരിയാവുക എന്നതോർത്തപ്പോൾ എനിക്ക് വളരെയധികം മാനസിക സമ്മർദ്ദം ഉണ്ടായി. ആദ്യം ഒട്ടും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല എന്നതാണ് വാസ്തവം. പാർട്ടിക്കാരുടെയും ജനങ്ങളുടെയും സ്നേഹവും പിന്തുണയും ആവോളം കിട്ടിയപ്പോൾ ഞാനും പതുക്കെ ഉൾക്കൊള്ളൂകയായിരുന്നു. എനിക്ക് സുപരിചിതമായ സ്ഥലത്ത് ഞാൻ തൂത്തു തുടച്ച മുറിയിലെ കസേരയിലിരിക്കാൻ ഞാൻ ഒട്ടും ആഗ്രഹിച്ചിട്ടില്ലാത്ത പ്രസിഡന്റിന്റെ പദവി ഡിസംബർ 30 -ന് എന്നെ തേടി വരികയായിരുന്നു. തുടക്കത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. പിന്നെ ഒന്നൊന്നായി പിടിച്ചെടുത്തു. മറ്റു മെമ്പർമാരും സ്റ്റാഫുകളും എനിക്ക് സഹായമായും തുണയായും നിന്നു.
ജനങ്ങളുടെ വല്ലിയായി അവരിലൊരാളായി കൂടെ നിൽക്കും
തൂപ്പു ജോലിക്ക് പോയിരുന്നപ്പോൾ മിണ്ടാതിരുന്ന പലരും ഇന്ന് പേര് വിളിച്ചും മിണ്ടിയും തുടങ്ങിയിരിക്കുന്നു. ഞാൻ ചോറു കൊണ്ടുപോകില്ലായിരുന്നു. കമ്മിറ്റി ഹാളിൽ എന്തെങ്കിലും ഭക്ഷണം കാണും ജോലി തീർത്ത് അതിനായി കാത്ത് നിൽക്കും. വിശന്നാൽ അതിനു മുന്നിലൂടെ അവർ എന്നെ വിളിക്കാൻ വേണ്ടിത്തന്നെ നടക്കും. അവിടെ ഉള്ളവർക്ക് കുടിക്കാനും കൈ കഴുകാനുമൊക്കെ ഞാനായിരുന്നു വെള്ളം കൊണ്ടു വയ്ക്കുക. ഇന്ന് എന്നെ ഭക്ഷണം കഴിക്കാൻ ആദ്യം വിളിക്കുന്നു. എന്റെ മുമ്പിൽ വെള്ളം വച്ചു തരുന്നു. എനിക്കിതൊന്നും പൂർണ്ണമായും ഉൾകൊള്ളാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല.
ഇതിലും വേദനിപ്പിക്കുന്ന ഒരു സംഭവം ഉണ്ട്. ഞാൻ ഇരിക്കുന്ന മുറിയുടെ തൊട്ടടുത്തുള്ള ബാത്‌റൂം മുമ്പ് ഞാനാണ് കഴുകിയിരുന്നത്. എന്റെ കൂടെ ജോലി ചെയ്തിരുന്നവർ ഇപ്പോൾ എനിക്ക് വേണ്ടി അതു കഴുകുന്നതു കാണുമ്പോൾ ഒരുപാട് വേദന തോന്നുന്നു. സത്യം പറഞ്ഞാൽ നിവൃത്തി ഉണ്ടെങ്കിൽ ഞാൻ ബാത്ത് റൂം ഉപയോഗിക്കാറില്ല .
എനിക്ക് ലഭിച്ച പദവിയിൽ എന്നെക്കാൾ സന്തോഷം എന്റെ ഭർത്താവിനാണ്.
എത്ര പ്രതി ബന്ധങ്ങൾ നേരിടേണ്ടി വന്നാലും ജനങ്ങളെ ചേർത്ത് പിടിച്ച് എന്നാൽ കഴിയുന്നതൊക്കെ അവരിലെത്തിക്കണം എന്നതാണ് ആഗ്രഹം. ദാരിദ്രവും ബുദ്ധിമുട്ടും കണ്ടും അനുഭവിച്ചും വളർന്ന എനിക്ക് മറ്റുള്ളവരുടെ അവസ്ഥ പറയാതെ തന്നെ മനസ്സിലാക്കാൻ കഴിയും. പട്ടിണി കിടക്കുന്ന ഒരു വീടു പോലും ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കും. നാടിനെയും നാട്ടുകാരെയും കൈകോർത്ത് പിടിച്ച് അവരുടെ പ്രശ്നങ്ങളെ തൂത്തു കളഞ് അവരുടെ വല്ലിയായി അവരിലൊരാളായി കൂടെ നിൽക്കും
അന്നത്തെ തൂപ്പുകാരി ഇന്ന് അധികാരി ആയിട്ടുണ്ടെങ്കിൽ അത് എന്നെ സ്നേഹിച്ചവർ അവിടെ കൊണ്ടെത്തിച്ചതാണ്. ആ ഉത്തമ ബോധ്യം ഉള്ളത് കൊണ്ടു തന്നെ എന്റെ ജീവിതവും അവർക്കു വേണ്ടിയുള്ളതായിരിക്കും
തയ്യാറാക്കിയത് ഉമ ആനന്ദ്
Leave A Comment