ഇന്ത്യയിലെ ആദ്യത്തെ പെൺ ഖവാലി ഗായിക 'ശബ്നം'
വഴിത്തിരിവുകൾ
സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ ജനനം. ബാല്യത്തിലെ സംഗീത പഠനം.
പഠിക്കുമ്പോൾ തന്നെ മികച്ച പ്രകടനം. എണ്ണിയാൽ ഒടുങ്ങാത്ത പാരിതോഷികങ്ങൾ.
പത്താം വയസിൽ പാടിയ ആദ്യ സിനിമ ഗാനം തന്നെ സൂപ്പർ ഹിറ്റ്. പിന്നീട് ആൽബങ്ങൾ. സ്റ്റേജ് പരിപാടികൾ, ചാനൽ ഷോകൾ, വിദേശ പര്യടനം, ഇതെല്ലം ചേർത്ത് വച്ചാൽ കിട്ടുന്ന പേരാണ് ശബ്നം.
സംഗീതത്തിൽ ഗവേഷണം നടത്തുകയും ഗ്രന്ഥം രചിക്കുകയും ഇന്ത്യയിലെ ആദ്യത്തെ പെൺ ഖവാലി ഗായികയുമായ ശബ്നത്തിന്റെ കഥയിങ്ങനെ.
പാട്ടിനോടുള്ള ഇഷ്ടം
ഞങ്ങളുടെ കുടുംബത്തിൽ എല്ലാവരും പാരമ്പര്യമായി പാട്ടുകാരാണ് എന്ന് മമ്മി ചെറുപ്പത്തിൽ എന്നോട് പറഞ്ഞിട്ടുണ്ട്. ഉമ്മൂമ്മ, ഉമ്മൂമ്മയുടെ ഉമ്മ എല്ലാവരും പാടുമായിരുന്നു. പോരെങ്കിൽ മുത്തശ്ശിയുടെ മുത്തശ്ശൻ ഒരു ഭാഗവതരായിരുന്നു. വാവാശാൻ ഭാഗവതർ ഗുരുകുല വിദ്യഭ്യാസ രീതി പോലെ വീട്ടിൽ വിളിച്ച് ഭക്ഷണം കൊടുത്ത് പാട്ടും പഠിപ്പിക്കും. അദ്ദേഹം പാടിയിരുന്നത് ഹിന്ദുസ്‌ഥാനായിരുന്നു. (ഖവാലി) അതായിരിക്കും എനിക്കും ഖവാലിയോട് ഇഷ്ടം തോന്നിയത്. കുറച്ച് കാലം മുമ്പ് വരെ ഞങ്ങൾ അഞ്ചു തലമുറയും ഉണ്ടായിരുന്നു.

എന്റെ മമ്മിയും സഹോദരിയും നന്നായി പാടുമായിരുന്നെങ്കിലും അവരെ ഒരിക്കലും ആരും പ്രോത്സാഹിപ്പിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ പഠിക്കാനും പറ്റിയില്ല. ഞാൻ അച്ഛനും അമ്മയ്ക്കും ഒറ്റപ്പുത്രിയാണ്. എന്നെ അഞ്ചു വയസ്സു മുതൽ ശാസ്ത്രീയ സംഗീതം പഠിപ്പിച്ചു തുടങ്ങി. സദാശിവൻ ഭാഗവതരാണ് ആദ്യ അഗുരു. തൊട്ടിലിൽ കിടക്കുന്ന പ്രായം മുതലേ എനിക്ക് പാട്ട് ഇഷ്ടമായിരുന്നു. എന്നും സംസാരിച്ച് തുടങ്ങിയപ്പോൾ വാക്കൊപ്പിച്ച് പാടിത്തുടങ്ങിയതു കൊണ്ടും നേരത്തെ പാട്ടു പഠിപ്പിച്ചു തുടങ്ങി.
ഹിന്ദു ഡിവോഷണൽ സോങ്‌സ് ധാരാളം പാടി
കൊല്ലത്തെ സെന്റ് ജോസഫ് കോൺവെന്റിലാണ് ഞാൻ പഠിച്ചത്. എൽ.കെ.ജി.യു.കെ.ജി ക്ലാസ്സിൽ പാടുമായിരുന്നെങ്കിലും ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി ലളിതഗാന മത്സരത്തിന് ചേരുന്നത്. അന്ന് സിസ്റ്റർ ലൂസി സേവ്യറാണ് എൻ്റെ മമ്മിയെ വിളിച്ച് മത്സരത്തിൽ പങ്കെടുപ്പിക്കണമെന്ന് സീരിയസ്സായി പറയുന്നത്. ഒന്നാം സ്ഥാനവും എ ഗ്രേഡും കിട്ടി. പബ്ലിക് പെർഫോമൻസിന് വിടാൻ പറഞ്ഞതും സംഗീതത്തെ ഗൗരവമായെടുത്ത് പഠിപ്പിക്കണമെന്ന് പറഞ്ഞതും ഈ സിസ്റ്ററാണ്.

കേരളപുരം ശ്രീകുമാറാണ് എൻ്റെ രണ്ടാമത്തെ ഗുരു. ലളിത ഗാനം പഠിപ്പിച്ചതും അദ്ദേഹം തന്നെ. അദ്ദേഹത്തിന്റെ കല്യാണത്തിനാണ് ആദ്യമായി സ്റ്റേജിൽ ഓർക്കസ്ട്രയോടു കൂടി മൗന സരോവരം എന്ന പാട്ട് പാടുന്നത്. അന്നു തൊട്ട് ഗാനമേളയിൽ പാടിത്തുടങ്ങി. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉണ്ണി മേനോൻ അങ്കിളിന്റെ കൂടെ വസന്തകാല മേഘങ്ങൾ എന്ന പേരിൽ ലളിത് അഗാന കാസെറ്റ് റിലീസായി. അതായിരുന്നു ആദ്യ കാസറ്റ് വർക്ക്.
പിന്നെ ഹിന്ദു ഡിവോഷണൽ സോങ്‌സ് ധാരാളം പാടി. നാലാം ക്ലാസ്സിൽ കലാതിലകമായിരുന്നു. കഥാ പ്രസംഗം, പാദ്യ പാരായണം, ലളിതസംഗീതം, മാപ്പിളപ്പാട്ട്, ക്ലാസ്സിക്കൽ മ്യൂസിക് എന്നിവയ്ക്ക് ഫസ്റ്റും എ ഗ്രെയ്‌ഡും ലഭിച്ചു. മാതൃഭൂമിയിലെ പരിപാടികൾക്ക് എന്നെക്കൊണ്ട് പ്രാർത്ഥന ഗീതം പാടിക്കുമായിരുന്നു. ആറാം തരത്തിൽ പഠിക്കുമ്പോൾ ഏഷ്യാനെറ്റ് നടത്തിയ വോയ്‌സ് ഓഫ് ദ വീക്കിൽ പങ്കെടുത്തിരുന്നു. ഒന്നാം സമ്മാനം കിട്ടി. ആദ്യമായി പങ്കെടുത്ത പരിപാടിയായിരുന്നു അത്.
വെണ്ണിലാ ചന്ദനക്കിണ്ണം...
പുന്നമനടക്കായലിൽ വീണേ...
ആസമയത്താണ് എനിക്ക് സിനിമയിലും അവസരം ലഭിച്ചത്. എന്റെ അങ്കിൾ ഷുക്കൂർ ദോഹയിലാണ് ജോലി ചെയ്തിരുന്നത്. നാട്ടിൽ വന്നു പോകുമ്പോൾ എൻ്റെ കാസറ്റുകൾ കൊണ്ട് പോകുമായിരുന്നു. അങ്കിളിന്റെ സുഹൃത്ത് ഡേവിസ്, സംഗീത സംവിധയാകൻ ഔസേപ്പച്ചൻ സാറിന്റെ ബന്ധുവാണ്. ആ സമയം അഴകിയ രാവണൻ എന്ന സിനിമയിൽ കാവ്യ മാധവന് പറ്റിയ ശബ്ദം തിരഞ്ഞു നടക്കുകയാണ്. അങ്ങനെ എനിക്ക് ആ അവസരം വന്നു ചേർന്നു. കേട്ടിട്ട് ആദ്യം വിശ്വസിക്കാൻ പറ്റിയില്ല. എ.വി.എം സ്റ്റുഡിയോവിൽ വെച്ചായിരുന്നു റെക്കോർഡിംഗ്. എനിക്ക് 10 വയസ്. ഔസേപ്പച്ചൻ സാർ,വിദ്യാസാഗർ സർ, കൈതപ്രം സർ, കമൽ സാർ എല്ലാവരും ഉണ്ടായിരുന്നു. ഇവരെക്കൂടാതെ മമ്മൂക്കയും ഭാര്യയും അന്ന് അതിന്റെ പ്രാധാന്യം എനിക്കറിയിയാമായിരുന്നില്ല മുഴുവൻ സമയവും വാക്മാനിൽ പാട്ടു കേട്ടു കൊണ്ടിരിക്കുന്ന അധികം ആരോടും സംസാരിക്കാത്ത കുട്ടിയായിരുന്നു ഞാൻ. കൂടുതലും ഹിന്ദി പാട്ടുകളാണ് പാടിക്കൊണ്ടിരുന്നത്.

സ്റ്റുഡിയോവിൽ ഒരു പട്ടു പാടാൻ പറഞ്ഞപ്പോൾ ഭയമോ പരിഭ്രമമോ ഒട്ടും തോന്നിയില്ല. ഒരു ലളിത ഗാനമാണ് പാടിയത്. അത് എല്ലാവര്ക്കും ഇഷ്ടമായി. മമ്മൂക്ക പറഞ്ഞു. കൊച്ചു കുഞ്ഞിന്റെ ശബ്ദത്തിൽ വേണം പാടാൻ എന്ന്. ഉടനെ മറുപടിയും കൊടുത്തു. ഇത് മമ്മിയാണ് ഞാൻ വലുതായപ്പോൾ പറഞ്ഞത്. എ.വി.എം സ്റ്റുഡിയോയിൽ ആദ്യമായി പാടാൻ അവസരം ലഭിക്കുക ഇതിൽ പരം ഭാഗ്യം വേറെന്തുണ്ട്. അങ്ങിനെ വെണ്ണിലാ ചന്ദനക്കിണ്ണം പാടി.
ആ നിമിഷങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല
എവിടെ പോയാലും എല്ലാവരും എന്നെ എടുത്ത് നടക്കും. ഒരുപാട് ഉദ്ഘാടനങ്ങൾക്കും പരിപാടികൾക്കും പോയിട്ടുണ്ട്. സിനിമയിൽ പാടിയത് കൊണ്ട് തന്നെ പിന്നീട് മത്സരങ്ങൾക്ക് പങ്കെടുക്കാൻ പറ്റാത്ത അവസ്ഥയായി. കാരണം എനിക്കേ സമ്മാനം കിട്ടുകയുള്ളൂ. എന്ന മുൻ വിധി ഉണ്ടായി. ആറിലും ഏഴിലും പഠിക്കുമ്പോൾ ഒരു മത്സരത്തിലും പങ്കെടുത്തില്ല. ഞാൻ പാട്ട് പഠിക്കുന്നതിനോടൊപ്പം വീണയും പിയാനോയും പഠിക്കുന്നുണ്ടായിരുന്നു .

ദുബായിൽ ചിത്രച്ചേച്ചിക്കും ദാസേട്ടനുമൊപ്പം പ്രോഗ്രാമിന് പോയപ്പോഴാണ് ആദ്യമായി വെണ്ണിലാച്ചന്ദനക്കിണ്ണം സ്റ്റേജിൽ പാടിയത്. അതും വേറൊരു ഭാഗ്യമാണ്. ദാസ് സാർ പറഞ്ഞു.
''ആദ്യം നീ സോളോ ആയി പാടി കേൾക്കട്ടെ ''
പാടി തീർന്നപ്പോൾ എന്നെ അഭിനന്ദിച്ചു. എന്നിട്ട് പറഞ്ഞു
''ഇനി നമ്മൾ രണ്ടു പേരുംകൂടി ഇതേ പാട്ടു പാടുന്നു.''
ആ നിമിഷങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല. ഏഴാം തരത്തിൽ പഠിക്കുമ്പോൾ മദാമ്മ എന്ന ചിത്രത്തിന് വേണ്ടിയാണ് പിന്നെ പാടിയത്. ശ്രീക്കുട്ടൻ ചേട്ടന്റെ കൂടെ ഒരു ഡ്യൂയറ്റ്. വാവക്കും പാവക്കും കുഞ്ഞുടുപ്പ് എന്ന ഗാനം.
ധാരാളം അവസരങ്ങൾ തേടിയെത്തി
എട്ടിൽ പഠിക്കുമ്പോൾ സംസ്‌ഥാന യൂത്ത് ഫെസ്റ്റിവൽ കൊല്ലത്ത് നടക്കുന്നു. പങ്കെടുത്തേ പറ്റൂ. പ്രസ്റ്റീജ് ഇഷ്യൂവാണ്. ലളിത ഗാനത്തിൽ പങ്കെടുത്തു. ഫസ്റ്റും എ ഗ്രെഡും അന്ന് കാവ്യ മാധവനും പദ്യ പാരായണത്തിന് ഉണ്ടായിരുന്നു. അവർക്കും സമ്മാനം കിട്ടി. ഗായികയും നായികയും എന്ന് പറഞ്ഞ് അന്ന് പത്രത്തിൽ റൈറ്റ് അപ്പ് വന്നിരുന്നു. പിന്നെ നിറം എന്ന സിനിമയിൽ ശുക്രിയ എന്ന ഗാനം പാടി. അതിലുള്ള ബാക്കി പാട്ടുകൾക്ക് ട്രാക്ക് പാടിയതും ഞാനായിരുന്നു. വിദ്യാസാഗർ ജി ഇത് ഹിറ്റ് ആകുമെന്ന് അന്നേ പറഞ്ഞിരുന്നു.

ശാലിനിയുടെ ശബ്ദത്തിൽ ഞാൻ പാടിയ ഈ പാട്ട് കൃത്യമായി ചേരുന്നുണ്ടെന്ന് പലരും പറഞ്ഞു. ടീനേജർ എന്ന രീതിയിൽ പിന്നെ ഞാൻ ആസ്വദിച്ചു തുടങ്ങി. സ്‌കൂൾ ഗേറ്റിൽ എന്നെ കാണാൻ പലരും നിൽക്കും. സ്‌കൂളിലേക്ക് ധരാളം കത്തുകൾ വരും. പിന്നെ ശ്രീക്കുട്ടൻ ചേട്ടന്റെ കൂടെ ഗാനമേള ചെയ്തു തുടങ്ങി. വലിയ വലിയ സ്റ്റേജ് ഷോകൾ അമേരിക്കയിൽ വരെ ചെയ്തു. പൊതുവെ ഞാൻ മടിയുള്ള കൂട്ടത്തിലാണ് .
ഏഷ്യാനെറ്റ്‌ഫിലിം അവാർഡ് ഷോയിൽ പാടാൻ അവസരം ലഭിച്ചു. സൂര്യ കൃഷ്ണ മൂർത്തി സാർ ധാരാളം അവസരങ്ങൾ തന്നു. നിഴലുകൾ എന്ന സീരിയലിലെ ശീർഷക ഗാനത്തിന് ക്രിട്ടിക്സ് അവാർഡ് ലഭിച്ചു. ജീവിതത്തിൽ നെഞ്ചോടു ചേർത്തു വയ്ക്കാനുള്ള ഒരു സംഭവം ഉണ്ടായിട്ടുണ്ട്. അന്ന് അതിന്റെ മൂല്യം മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. അഴകിയ രാവണൻ എന്ന സിനിമയ്ക്ക് വേണ്ടി പാടിയ ശേഷം ദൂരദർശന്റെ ടെലിഫിലിമിന് വേണ്ടി ഒരു പാട്ടു പാടിയിരുന്നു. അതിന്റെ സംഗീത സംവിധാനം ദക്ഷിണാ മൂർത്തി സാറായിരുന്നു.
വിവാഹ ശേഷം ആദ്യം ചെയ്ത പ്രോഗ്രാം
പ്ലസ് വൺ പ്ലസ് ടു പഠിക്കുന്ന സമയത്ത് ആങ്കറിംഗ് ചെയ്തു തുടങ്ങി. ജീവൻ ടിവി, കൈരളി, ഏഷ്യാനെറ്റ്, എന്നിങ്ങനെ ഓരോ ചാനലിനും ചെയ്തു. ആ സമയത്താണ് ഞാൻ റിയാസിക്കയെ കാണുന്നത്. അന്ന് വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടേ ഇല്ല. പാട്ടും പരിപാടികളും മാത്രമായിരുന്നു. അയോദ്ധ്യ എന്ന ഫിലിമിന് വേണ്ടി കഥകളി പദങ്ങൾ പാടി. സയൻസ് ഗ്രൂപ്പാണ് എടുത്തത്. എഞ്ചിനീയറിങ് പഠിക്കാനായിരുന്നു ആഗ്രഹം. രവീന്ദ്രൻ മാഷ് പറഞ്ഞിരുന്നു നിന്റെ വഴി സംഗീതമാണ് സംഗീത വഴി തുടരണമെന്ന്. ഡിഗ്രിക്ക് സംഗീതമാണ് തിരഞ്ഞെടുത്തത്. ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോൾ സവാരി ഗിരിഗിരി എന്ന പരിപാടിയിൽ അതിഥിയായി വന്നു. ആ ഷോയിൽ എന്റെ ഇന്റർവ്യൂ കണ്ടിട്ടാണ് റിയാസിക്ക കല്യാണ ആലോചനയുമായി വീട്ടിൽ വിളിക്കുന്നത്.

അദ്ദേഹം ഫിലിം ആക്ടറാണ്. ഞങ്ങളുടേതും കലാ കുടുംബം. എന്തു കൊണ്ടും നല്ല ബന്ധം. അങ്ങനെ ഞങ്ങളുടെ വിവാഹം കഴിഞ്ഞു. വിവാഹ ശേഷം ആദ്യം ചെയ്ത പ്രോഗ്രാം കൊല്ലം പൂരത്തിന് ഗായകൻ ശ്രീനിവാസന്റെ കൂടെയുള്ള ഗാനമേളയായിരുന്നു. ജനിച്ചതും പഠിച്ചതുമെല്ലാം കൊല്ലാതായതു കൊണ്ട് അവിടെ ധരാളം പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. കൊല്ലം മാതൃഭൂമിയിൽ എഡിറ്ററായിരുന്ന മധു വെപ്പൂച്ചിറ മാതൃഭൂമിയിലെ പരിപാടികൾക്ക് വിളിക്കുമായിരുന്നു. പിന്നെ മാതൃഭൂമി സ്റ്റഡി സർക്കിളിന്റെ സംസ്‌ഥാന പ്രസിഡന്റാവാനും അവസരം ഉണ്ടായി.
ഒരു തവണ കൊല്ലത്തെ പരിപാടി കണ്ട് എം.ജി.രാധാകൃഷ്ണൻ സാർ പറഞ്ഞു നീ ഓമക്കുട്ടി ടീച്ചറുടെ അടുത്തു പോയി പഠിക്കൂ. പ്രതിഫലം പോലും വാങ്ങാതെ ടീച്ചർ എന്നെ സംഗീതം പഠിപ്പിച്ചു. വിവാഹ ശേഷം അധികം പ്രോഗ്രാമുകൾ ചെയ്തില്ല. ഗർഭിണിയായതോടെ മടി പൂർവ്വാധികം ശക്തിയോടെ തിരിച്ചു വന്നു. എല്ലാറ്റിൽ നിന്നും മാറി നിന്നു. ചാനലിൽ നടക്കുന്ന പല പരിപാടികൾക്കും വിളിച്ചെങ്കിലും പോയില്ല. പിന്നെ ആളുകൾ കാരണം ചോദിച്ചു തുടങ്ങി. എനിക്ക് എന്തെങ്കിലും പ്രശ്നമാണെന്ന് ആരും പറഞ്ഞു നടക്കേണ്ട എന്ന് കരുതി വീണ്ടും ചാനൽ ഷോയിൽ ജഡ്ജിങ് പാനലിൽ എത്തി. പക്ഷെ മയിലാഞ്ചി, പട്ടുറുമാൽ, തുടങ്ങി കിട്ടുന്ന ഷോ മുഴുവൻ മാപ്പിളപ്പാട്ട്. അതിൽ മാത്രം ഒതുങ്ങി നിൽക്കാൻ എനിക്കാഗ്രഹമില്ലായിരുന്നു.
സ്ത്രീകൾ പൊതുവെ കടന്നു വരാൻ മടിക്കുന്ന മേഖലയാണ് ഖവാലി
ഹിന്ദി പാട്ടുകളോട് പ്രണയമായിരുന്നു. സൂഫി സംഗീതം ഞാൻ മനസ്സിൽ കൊണ്ട് നടന്നിരുന്നു. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം എന്നിൽ അനുദിനം വളർന്നു വന്നു.
എല്ലാ പരിപാടികളിൽ നിന്നും വിട്ട് തിരുവനന്തപുരം വിമൻസിൽ പി.ജി.മ്യൂസിക്കിന് ചേർന്നു. പ്രബന്ധാവതരണത്തിനുള്ള വിഷയമായി സൂഫി സംഗീതം തിരഞ്ഞെടുത്തെങ്കിലും അത്ര എളുപ്പമായിരുന്നില്ല പലരും മുഖം ചുളിച്ചു. മാർഗനിർദേശം തരാനും അധികമാരുമില്ല. എങ്കിലും ഞാൻ പിൻ മാറിയില്ല. സലാഹുദീൻ അയൂബ് സാറും അച്യുത് ശങ്കർ സാറും ഷാനവാസ് സാറും എന്റെ പുസ്തകത്തിനു വേണ്ടി വളരെയധികം സഹായിച്ചു. അച്യുത് ശങ്കർ സാർ വഴി കേരള യൂണിവേഴ്‌സിറ്റിയിൽ ഡിപ്പാർട്ട്മെന്റ് ഓഫ് മ്യൂസിക്കിൽ സൂഫി മ്യൂസിക്കിന്റെ ആദ്യ ഡെമോൻസ്‌ട്രേഷനും നടത്തി. സ്ത്രീകൾ പൊതുവെ കടന്നു വരാൻ മടിക്കുന്ന മേഖലയാണ് ഖവാലി. എൻ്റെ ശബ്ദം അതിന് നന്നായി ഇണങ്ങുമെന്ന് തോന്നി. സൂഫി മ്യൂസിക് എന്ന പുസ്തകം ഞാൻ എഴുതി പ്രളയ സമയത്ത് ടി.എം.കൃഷ്ണ ഫണ്ട് റേട്ടിംഗ് കച്ചേരി നടത്തി റിലീസ് ചെയ്തു. ഇതുവരെ വനിതകൾ അങ്ങിനെയൊന്ന് ചെയ്തിട്ടില്ലായിരുന്നു.

കേരള നിയമസഭയിലെ വിദ്യാർഥി പാർലമെന്റിലാണ് ഞാനും സംഘവും ആദ്യമായി പരിപാടി അവതരിപ്പിക്കുന്നത്. വളരെ നല്ല പ്രോത്സാഹനമായിരുന്നു ലഭിച്ചത്. രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തിയ വിദ്യാർത്ഥികൾ ഹൃദയപൂർവ്വം ആസ്വദിച്ചു . തുടർന്ന് നിരവധി പ്രോഗ്രാം ചെയ്തു. കൊറോണ ക്കാലത്ത് ഞാനും സംഘവും പരിപാടികൾക്ക് താൽക്കാലിക അവധി നൽകി. ഉർദ്ദു ഭാഷയിൽ രചിക്കപ്പെട്ട ഗാനങ്ങൾ ചിട്ടപ്പെടുത്തികൊണ്ടിരിക്കുകയാണ് ഇപ്പോൾ. വീണ്ടും വരുമ്പോൾ അവതരിപ്പിക്കാൻ. ഞാൻ ആഗ്രഹിച്ചതു പോലെ എന്റെയുള്ളിൽ ഉണ്ടായിരുന്ന ഖവാലിയെ എനിക്ക് പുറത്ത് കൊണ്ട് വരാൻ കഴിഞ്ഞു. എനിക്കതിനോട് ഇഷ്ടം തോന്നാൻ കാരണം ഒരുപാട് ഇഎം പ്രവൈസേഷൻ അതിലുണ്ട് എന്നതാണ്. ഇന്ത്യയിലെ ആദ്യത്തെ ഫീമെയിൽ ഖവാലി ട്രെഡീഷണൽ ബാന്റ് ആണ് എന്റേത്. പേര് ലയാലി സൂഫിയ.
പിന്നെ റിയാസിക്കയെക്കുറിച്ച് പറയേണ്ട കാര്യമില്ലല്ലോ ആകാശ ഗംഗയിൽ നായകവേഷത്തിലാണ് അഭിനയിച്ചത്. രണ്ടാം ഭാഗത്തിൽ നായികയുടെ അച്ഛന്റെ വേഷം. ഇപ്പോൾ സംവിധാനത്തിന്റെ പാതയിലാണ്. ഞങ്ങൾക്ക് രണ്ടു മക്കൾ നുമയും അർമാനും. രണ്ട് പേർക്കും പാട്ടും വരയും അഭിനയവും നന്നായി വഴങ്ങും.
തയാറാക്കിയത് - ഉമ ആനന്ദ്
Leave A Comment