ശബരിമല സ്വര്‍ണക്കൊള്ള: പി.എസ്. പ്രശാന്തിന്റെ മൊഴിയെടുക്കും
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തില്‍ നിന്നും ബോര്‍ഡ് അംഗങ്ങളില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം മൊഴിയെടുക്കും. മൊഴി നല്കാന് ഹാജരാകണമെന്ന് അന്വേഷണ സംഘം നിര്‍ദേശം നല്കി.
ദ്വാരപാലക ശില്പങ്ങളില് സ്വര്‍ണം പൂശിയ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയെയും രണ്ട് ജീവനക്കാരെയും എസ്ഐടി തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്തിരുന്നു. മുന്‍ ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ കാലത്തെ ബോര്‍ഡ് അംഗങ്ങളില്‍ നിന്നു വീണ്ടും മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ദ്വാരപാലക ശില്പ്പങ്ങള് കൊണ്ടുപോകാന്‍ താന്‍ അനുമതി നല്‍കിയത് ദേവസ്വം ബോര്‍ഡ് അധികൃതര്‍ ആവശ്യപ്പെട്ടതുകൊണ്ടായിരുന്നുവെന്ന് തന്ത്രി നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് മുന്‍കാലത്തെ ബോര്‍ഡ് അംഗങ്ങളില്‍ നിന്ന് എസ്ഐടി വീണ്ടും മൊഴി രേഖപ്പെടുത്തുന്നത്.
അതേസമയം, റിമാൻഡിലായിരുന്ന ഉണ്ണിക്കൃഷ്ണന് പോറ്റിയെയും ശബരിമല മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു എന്നിവരെ പ്രത്യേക അന്വേഷണ സംഘം വിശദമായ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.
Leave A Comment