ദേശീയം

തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാനുള്ള നീക്കം; പ്രതിഷേധവുമായി ഇടത് എംപിമാർ

ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGA) പേര് മാറ്റാനുള്ള കേന്ദ്ര സർക്കാരിൻ്റെ നീക്കത്തിനെതിരെ ഇടത് എം.പിമാർ പാർലമെൻ്റിനു മുന്നിൽ പ്രതിഷേധിച്ചു. 'വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ)' എന്ന ചുരുക്കപ്പേരിൽ 'വി.ബി.ജി. റാം ജി' എന്ന പുതിയ തൊഴിലുറപ്പ് പദ്ധതിയുടെ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. 

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കുക, പദ്ധതിയുടെ പേര് മാറ്റാനുള്ള തീരുമാനം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം നടന്നത്. ലോക്സഭയിൽ കോൺഗ്രസ് എം.പി. പ്രിയങ്ക ഗാന്ധി ബിൽ അവതരണത്തെ എതിർത്ത് സംസാരിച്ചിരുന്നു. ഗ്രാമസഭകൾക്ക് ഉണ്ടായിരുന്ന അധികാരം പുതിയ ബില്ലിലൂടെ ഇല്ലാതാവുമെന്നും, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഫണ്ട് വിഹിതം 60:40 എന്ന നിലയിലേക്ക് മാറ്റുന്നത് സംസ്ഥാനങ്ങളുടെ സാമ്പത്തിക ഭാരം വർദ്ധിപ്പിക്കുമെന്നും പ്രിയങ്ക ഗാന്ധി വിമർശിച്ചിരുന്നു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന്, വിഷയത്തിൽ വിശദമായ ചർച്ച നടത്താമെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള അറിയിച്ചു.

Leave A Comment