എൽപിജി നിയമങ്ങളിൽ മാറ്റം: ഒടിപി നിർബന്ധം; മേയ് ഒന്ന് മുതൽ പ്രാബല്യത്തിൽ
ന്യൂഡൽഹി: രാജ്യത്തെ ദശലക്ഷക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന പാചകവാതക വിതരണ നിയമങ്ങളിൽ മേയ് ഒന്ന് മുതൽ പ്രധാന മാറ്റങ്ങൾ വരുന്നു. സിലിണ്ടറുകളുടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിനായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികളാണ് പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചത്.
സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനിടയിലുള്ള സമയപരിധി വർധിപ്പിച്ചു. നഗരപ്രദേശങ്ങളിൽ രണ്ട് ബുക്കിംഗുകൾക്കിടയിൽ ഇനി 25 ദിവസത്തെ ഇടവേള നിർബന്ധമാണ് (നേരത്തെ ഇത് 21 ദിവസമായിരുന്നു). ഗ്രാമപ്രദേശങ്ങളിൽ ഇത് 45 ദിവസമായി ഉയർത്തി. നിശ്ചിത കാലാവധിക്ക് മുൻപ് ബുക്ക് ചെയ്യാൻ ശ്രമിച്ചാൽ സിസ്റ്റം അത് തനിയെ ബ്ലോക്ക് ചെയ്യും.
സിലിണ്ടർ വിതരണത്തിന് ഇനി മുതൽ ഡെലിവറി ഓതന്റിക്കേഷൻ കോഡ് അഥവാ ഒടിപി സംവിധാനം നിർബന്ധമാണ്. സിലിണ്ടർ ബുക്ക് ചെയ്യുമ്പോൾ ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കും. ഈ കോഡ് നൽകാതെ വിതരണം പൂർത്തിയാകില്ല. റസീപ്റ്റോ ബ്ലൂ ബുക്കോ മാത്രം കാണിച്ച് ഇനി സിലിണ്ടർ വാങ്ങാനാകില്ല.
ഇറാൻ-ഇസ്രയേൽ സംഘർഷം ആഗോള എണ്ണവിപണിയെ ബാധിച്ച സാഹചര്യത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടാകും. 14.2 കിലോയുടെ ഗാർഹിക സിലിണ്ടറിന് ഇതിനോടകം 60 രൂപയോളം വർധിച്ചിട്ടുണ്ട്. മേയ് ഒന്നിന് പുതിയ വില പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ഉജ്ജ്വല ഗുണഭോക്താക്കൾക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് ഓതന്റിക്കേഷൻ നിർബന്ധമാക്കി. ഇത് പൂർത്തിയാക്കാത്തവർക്ക് സബ്സിഡി തടസപ്പെടാൻ സാധ്യതയുണ്ട്.
ആഭ്യന്തര ഉത്പാദനത്തേക്കാൾ കൂടുതൽ ആവശ്യകത നിലനിൽക്കുന്നതിനാൽ അമേരിക്കയിൽ നിന്ന് ഇന്ത്യ അധികമായി പാചകവാതകം ഇറക്കുമതി ചെയ്യും. ജൂൺ-ജൂലൈ മാസത്തോടെ ഈ ശേഖരം എത്തും. ഉപഭോക്താക്കൾ തങ്ങളുടെ ശരിയായ മൊബൈൽ നമ്പർ എൽപിജി അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ബുക്കിംഗ് വിവരങ്ങൾക്കായി 'മൈഎൽപിജി' പോർട്ടൽ പരിശോധിക്കാവുന്നതാണ്. ഗ്യാസ് സിലിണ്ടർ അനധികൃതമായി വിൽക്കുന്നതും മറ്റും തടയാൻ ഈ പുതിയ പരിഷ്കാരങ്ങൾ സഹായിക്കുമെന്ന് സർക്കാർ അറിയിച്ചു.
Leave A Comment