ജില്ലാ വാർത്ത

തെരഞ്ഞെടുപ്പിനെ ജാഗ്രതാ പൂർവ്വം സമീപിക്കണം', തൃശൂർ അതിരൂപത സമുദായ ജാഗ്രത സമ്മേളനത്തിന്

തൃശൂർ: സഭയുടെ ആശങ്ക രാഷ്ട്രീയ പാർട്ടികളെ അറിയിക്കാൻ സമുദായ ജാഗ്രത സമ്മേളനം വിളിച്ച് തൃശ്ശൂർ അതിരൂപത. ഈ മാസം 25 ന് ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് തൃശൂർ സെന്റ് തോമസ് കോളേജിലാണ് സമുദായ ജാഗ്രത സമ്മേളനം നടക്കുക. സമ്മേളനത്തിൽ ബിഷപ്പുമാർ, സമുദായ നേതാക്കൾ, ഇടവകകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. രാഷ്ട്രീയ പാർട്ടികളെ സഭയുടെ ആശങ്കയും ആവശ്യവും അറിയിക്കുകയാണ് ജാഗ്രതാ സമ്മേളനത്തിന്റെ ലക്ഷ്യം. തൃശൂരിൽ രാഷ്ട്രീയപ്പോര് കടുക്കുന്നതിനിടയിലാണ് സഭയുടെ സർക്കുലറെന്നതാണ് ശ്രദ്ധേയം. 

സമ്മേളന കാര്യങ്ങൾ വിശദീകരിക്കുന്ന സർക്കുലർ അതിരൂപത പള്ളികൾക്കയച്ചു കഴിഞ്ഞു. രാജ്യത്താകമാനം മത ന്യൂനപക്ഷങ്ങളും പിന്നോക്ക ജനവിഭാഗങ്ങളും നേരിടുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പിനെ ജാ​ഗ്രതാപൂർവ്വം സമീപിക്കണമെന്ന് സർക്കുലറിൽ പറയുന്നു. രാജ്യത്തെമ്പാടും ക്രൈസ്തവ വിശ്വാസികൾക്കെതിരേയും അവരുടെ സ്ഥാപനങ്ങൾക്കെതിരേയും ആക്രമണങ്ങൾ വർധിച്ചുവരികയാണ്. 

ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷമായിപ്പോയി എന്നത് കൊണ്ട് മാത്രം സാമൂഹ്യനീതി നിഷേധിക്കപ്പെടുന്ന വിഭാ​ഗമായി നാം മാറി. വോട്ട് ബാങ്ക് മാത്രം ലക്ഷ്യമാക്കിയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും മത്സരിക്കുന്നത്. കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് ഇതുവരെയും പ്രസിദ്ധീകരിക്കാൻ പോലും സർക്കാർ തയ്യാറായിട്ടില്ലെന്നും സർക്കുലറിൽ പറയുന്നു.

സഭ നേരിടുന്ന ഈ ആശങ്കകളും വേദനയും രാഷ്ട്രീയ നേതൃത്വത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരാനാണ് അതിരൂപത സമ്മേളനം വിളിച്ചു ചേ‍‍ർക്കുന്നത്. ഈ സന്ദേശം ഇടവകകളിലെത്തിക്കാൻ 18ന് സമുദായ ജാ​ഗ്രതാ ദിനമായി ആചരിക്കാനും സർക്കുലറിൽ നിർദേശിക്കുന്നുണ്ട്.

Leave A Comment