ആനക്കൊമ്പ് കേസ്; മോഹന്‍ലാലിനും സര്‍ക്കാരിനും തിരിച്ചടി
കൊച്ചി: നടൻ മോഹൻലാലിന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം നൽകിയ വനം വകുപ്പ് നടപടി ഹൈക്കോടതി റദ്ദാക്കി. വനംവകുപ്പിന്റെ തീരുമാനം നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. ഇതോടെ കേസിൽ സർക്കാരിനും നടൻ മോഹൻലാലിനും വലിയ തിരിച്ചടിയുണ്ടായി.മോഹൻലാലിന്റെ തേവരയിലെ വസതിയിൽ നിന്ന് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് രണ്ട് ജോടി ആനക്കൊമ്പുകളും ആനക്കൊമ്പിൽ തീർത്ത ശിൽപങ്ങളും കണ്ടെടുത്തത്. ഇത് വനംവകുപ്പിന് കൈമാറുകയും തുടർന്ന് വനംവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് പിടിച്ചെടുത്ത ആനക്കൊമ്പുകൾ സൂക്ഷിക്കാൻ വനംവകുപ്പ് മോഹൻലാലിനെ തന്നെ ഏൽപ്പിക്കുകയായിരുന്നു. തനിക്ക് ലഭിച്ച ആനക്കൊമ്പുകൾ സമ്മാനമായി ലഭിച്ചതാണെന്നായിരുന്നു മോഹൻലാലിന്റെ വാദം.
വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനമാണ് വനം വകുപ്പിന്റെ ഈ നടപടിയെന്ന് കാണിച്ച് ഏലൂർ സ്വദേശി എ.എ. പൗലോസും വിരമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥൻ ജെയിംസ് മാത്യുവും ചേർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. തൊണ്ടിമുതൽ പ്രതിയെ തന്നെ ഏൽപ്പിച്ചത് കേട്ടുകേൾവിയില്ലാത്ത നടപടിയാണെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു.
പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാതെ ആനക്കൊമ്പ് മോഹൻലാലിന് തിരിച്ചുനൽകിയ നടപടി ശരിയല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പുതിയ വിജ്ഞാപനം പുറത്തിറക്കാനും ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്.
Leave A Comment