science

ചാറ്റ് ജി.പി.ടി കാരിക്കേച്ചർ ട്രെൻഡ്: ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ

മാള: ചാറ്റ് ജി.പി.ടി എ.ഐ കാരിക്കേച്ചർ ട്രെൻഡാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ തുറന്നാൽ മുഴുവൻ കാണാനാകുക. ഒരാളുടെ രൂപം, ജോലി, ഹോബികൾ, ജീവിതശൈലി എന്നിവ സമന്വയിപ്പിച്ച് രസകരമായ കാർട്ടൂൺ രൂപങ്ങൾ ആണ്.

വ്യക്തിഗത പ്രൊഫൈലുകൾ മുതൽ വലിയ കമ്പനികളുടെ പ്രൊഫൈലുകൾ വരെ പങ്കുവച്ചുകൊണ്ട് മുന്നേറുകയാണ്. നിർമിക്കുന്ന നിങ്ങളുടെ മുഖഭാവങ്ങളും വ്യക്തിഗത വിവരങ്ങളും വിശകലനം ചെയ്ത് ചാറ്റ് ജി.പി.ടി നിങ്ങളെ ഒരു അതിശയോക്തി കലർന്ന കാർട്ടൂൺ കഥാപാത്രമാക്കി മാറ്റുന്ന രീതിയാണിത്.‌

എന്നെക്കുറിച്ചുള്ള വിവരങ്ങൾ വെച്ച് എന്റെ ജോലിയും രൂപവും ഉൾപ്പെടുത്തി ഒരു കാരിക്കേച്ചർ നിർമിക്കുക എന്ന പ്രൊമ്റ്റ് നൽകിയാണ് കാരിക്കേച്ചർ നിർമിക്കുന്നത്.ചാറ്റ് ജി.പി.ടിയിലെ ഇമേജ് ജനറേഷൻ സാങ്കേതികവിദ്യ (DALL-E) ഉപയോഗിച്ചാണ് മിനിറ്റുകൾക്കുള്ളിൽ ഇത്തരം ചിത്രങ്ങൾ നിർമിക്കുന്നത്.

അക്കൗണ്ട് ലോഗിൻ ചെയ്യുക. ചാറ്റ് ജി.പി.ടിക്ക് നിങ്ങളുടെ മുൻകാല ചാറ്റുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ അക്കൗണ്ട് അത്യാവശ്യമാണ്. നിങ്ങളുടെ ജോലി, ഹോബികൾ, ഇഷ്ടപ്പെട്ട സ്ഥലങ്ങൾ എന്നിവ വ്യക്തമായി പറയുക. നിങ്ങളെക്കുറിച്ച് മുമ്പ് നൽകിയ വിവരങ്ങൾ വെച്ച് എ.ഐ ചിത്രങ്ങൾ തയാറാക്കി നൽകും. ഇത് പലരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുമുണ്ട്.

ഈ ട്രെൻഡ് രസകരമാണെങ്കിലും ഇതിൽ വലിയ അപകടസാധ്യതകളുണ്ടെന്ന് സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഒരു കാരിക്കേച്ചർ ഉണ്ടാക്കാൻ ചാറ്റ് ജി.പി.ടിക്ക് നിങ്ങളെക്കുറിച്ച് ധാരാളം വിവരങ്ങൾ ആവശ്യമാണ്. നിങ്ങളുടെ ഫോട്ടോകൾ, വ്യക്തിഗത വിവരങ്ങൾ, ജോലിയുടെ സ്വഭാവം എന്നിവയെല്ലാം നിങ്ങൾ എ.ഐക്ക് കൈമാറുകയാണ് ചെയ്യുന്നത്.

എ.ഐ പരിശീലനം

നിങ്ങൾ നൽകുന്ന ഈ സ്വകാര്യ വിവരങ്ങൾ എ.ഐ മോഡലുകളെ കൂടുതൽ പരിശീലിപ്പിക്കാനായി കമ്പനികൾ ഉപയോഗിച്ചേക്കാം. ഒരിക്കൽ അപ്‌ലോഡ് ചെയ്താൽ അവ പൂർണ്ണമായും നീക്കം ചെയ്യാൻ കഴിയില്ല.

സ്വകാര്യതാ ലംഘനം

നിങ്ങൾ നൽകുന്ന ഡാറ്റ ഭാവിയിൽ ഐഡന്റിറ്റി മോഷ്ടിക്കപ്പെടാനോ ദുരുപയോഗം ചെയ്യപ്പെടാനോ സാധ്യതയുണ്ട്. സ്വന്തം ഫോട്ടോകളും വ്യക്തിഗത വിവരങ്ങളും എ.ഐ ടൂളുകളുമായി പങ്കുവെക്കുന്നത് ആളുകൾക്കിടയിൽ ഒരു സാധാരണ കാര്യമായി മാറുന്നത് അപകടകരമാണെന്ന് വിദഗ്ധർ പറയുന്നു.


വൈറൽ ട്രെൻഡിൽ എങ്ങനെ സുരക്ഷിതമായി ഭാഗമാകാം?

നിങ്ങൾക്ക് ഈ ട്രെൻഡിന്റെ ഭാഗമാകണം എന്നുണ്ടെങ്കിൽ ചില മുൻകരുതലുകൾ എടുക്കാം. നിങ്ങളുടെ യഥാർത്ഥ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നതിന് പകരം, നിങ്ങളെ വിവരിക്കുന്ന എഴുത്തുകൾ മാത്രം നൽകുക. വിവരങ്ങൾ പരിമിതപ്പെടുത്തുക.

വളരെ സെൻസിറ്റീവ് ആയ വിവരങ്ങൾ (വീട്ടുപേര്, കൃത്യമായ ഓഫീസ് വിലാസം തുടങ്ങിയവ) നൽകാതിരിക്കുക. ചാറ്റ് ജി.പി.ടിയിലെ 'Memory' ഓപ്ഷൻ ഓഫാക്കി വെക്കുക. ഇത് നിങ്ങളുടെ പഴയ സംഭാഷണങ്ങൾ ഓർത്തെടുക്കുന്നതിൽ നിന്ന് എ.ഐയെ തടയും.

ഡാറ്റ സേവ് ചെയ്യപ്പെടാത്ത രീതിയിലുള്ള 'ടെംപററി ചാറ്റ്' സെഷനുകൾ ഉപയോഗിക്കുക. ഒരു വൈറൽ ട്രെൻഡിന്റെ ഭാഗമാകാൻ വേണ്ടി നിങ്ങളുടെ ഡിജിറ്റൽ സുരക്ഷ പണയപ്പെടുത്താതിരിക്കുക.

പൊതുവായി പങ്കുവെക്കാൻ ആഗ്രഹിക്കാത്ത ഒരു കാര്യവും എ.ഐ പ്രോംപ്റ്റുകളിൽ ഉൾപ്പെടുത്താതിരിക്കുക എന്നതാണ് ഏറ്റവും നല്ല രീതി. കാര്യമിങ്ങനെ ഒക്കെ ആണെങ്കിലും കണ്ണുമടച്ചു കൈവച്ച്  ഭാവിയിൽ കൈ പൊള്ളാതിരിക്കാൻ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്.

Leave A Comment