ചരിത്രം കുറിച്ച് വിക്രം 1; ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപിച്ചു
ശ്രീഹരിക്കോട്ട: രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഐഎസ്ആർഒയുടെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം ലോഞ്ച് പാഡിൽ നിന്നാണ് വിക്ഷേപിച്ചത്.
ഇൻസ്പേസിന്റെ പിന്തുണയോടെയാണ് വിക്ഷേപണം. അതേസമയം റോക്കറ്റ് വിക്ഷേപിക്കുന്നതിന് തൊട്ട് മുൻപ് കൗണ്ട്ഡൗൺ നിർത്തിവച്ചിരുന്നു. അഞ്ച് മിനിറ്റ് ശേഷിക്കെയാണ് കൗണ്ട്ഡൗൺ നിർത്തിയത്. മുൻകരുതൽ നടപടി എന്നായിരുന്നു സ്കൈറൂട്ട് വിശദീകരണം.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യത്തെ പ്രമുഖ സ്വകാര്യ ബഹിരാകാശ സ്റ്റാർട്ടപ്പായ ‘സ്കൈറൂട്ട് എയ്റോസ്പേസ്’ ആണ് വിക്രം-1 വികസിപ്പിച്ചെടുത്തത്. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായ വിക്രം സാരാഭായിയോടുള്ള ആദരസൂചകമായാണ് റോക്കറ്റിന് "വിക്രം' എന്നു പേരിട്ടിരിക്കുന്നത്.
ഇന്ത്യൻ മണ്ണിൽനിന്ന് ഒരു സ്വകാര്യ കമ്പനി ഭ്രമണപഥം ലക്ഷ്യമാക്കി നടത്തുന്ന ആദ്യ വിക്ഷേപണ ദൗത്യത്തിന് ‘ആഗമൻ’ (വരവ്) എന്നാണു പേരിട്ടിരിക്കുന്നത്.
സവിശേഷതകൾ ഏറെ
ഏകദേശം 20 മീറ്റർ (ഏഴു നില കെട്ടിടത്തിന്റെ ഉയരം) നീളമുള്ള ഒരു മൾട്ടി സ്റ്റേജ് റോക്കറ്റാണ് വിക്രം-1. പൂർണമായും കാർബൺ കോമ്പോസിറ്റ് ഘടനയിൽ നിർമിച്ച ഈ റോക്കറ്റിന്റെ ചലനശക്തി കമ്പനി സ്വന്തമായി വികസിപ്പിച്ചെടുത്ത ത്രിഡി പ്രിന്റഡ് എൻജിനുകളും ഉയർന്ന ശേഷിയുള്ള സോളിഡ് ഫ്യുവൽ ബൂസ്റ്ററുകളുമാണ്.
ഭൂമിയോടടുത്തുള്ള ഭ്രമണപഥത്തിലേക്ക് 350 കിലോഗ്രാം വരെയുള്ള ചെറിയ ഉപഗ്രഹങ്ങളെ എത്തിക്കാൻ ശേഷിയുള്ളതാണ് ഈ റോക്കറ്റ്. ഇന്നത്തെ ആദ്യ പരീക്ഷണ പറക്കലിൽ 450 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥമാണു റോക്കറ്റ് ലക്ഷ്യമിടുന്നത്.
ഏകദേശം 1000 ആളുകളുടെ 3000 ദിവസമായുള്ള കഠിനാധ്വാനവും 400ലധികം വിതരണക്കാരുടെ പങ്കാളിത്തവും ഇതിനുപിന്നിലുണ്ടെന്ന് കമ്പനിയുടെ സഹസ്ഥാപകനും സിഒഒയുമായ നാഗ ഭരത് ദാക്ക വ്യക്തമാക്കി.
ഇതുവരെ ഐഎസ്ആർഒ മാത്രമായിരുന്നു ഇന്ത്യയിൽ ഉപഗ്രഹ വിക്ഷേപണങ്ങൾ നടത്തിയിരുന്നത്. എന്നാൽ, 2020ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ബഹിരാകാശ പരിഷ്കാരങ്ങളാണ് സ്വകാര്യ കമ്പനികൾക്ക് സ്വന്തമായി റോക്കറ്റും ഉപഗ്രഹങ്ങളും നിർമിക്കാനും സർക്കാർ വിക്ഷേപണകേന്ദ്രങ്ങൾ ഉപയോഗിക്കാനുമുള്ള അനുമതി നൽകിയത്.
2022 നവംബർ 18ന് ‘വിക്രം-എസ്’ എന്ന സബ്-ഓർബിറ്റൽ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച് സ്കൈറൂട്ട് ചരിത്രം കുറിച്ചിരുന്നു. എന്നാൽ, സബ്-ഓർബിറ്റൽ ദൗത്യങ്ങളേക്കാൾ സാങ്കേതികമായി ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുന്ന ഓർബിറ്റൽ വിക്ഷേപണങ്ങൾ.
ലക്ഷ്യം ചെറുകിട ഉപഗ്രഹ വിപണി
ഒന്നോ രണ്ടോ വിജയകരമായ പരീക്ഷണങ്ങൾക്കുശേഷം പൂർണതോതിലുള്ള വാണിജ്യ സർവീസുകൾ ആരംഭിക്കാനാണ് സ്കൈറൂട്ട് ലക്ഷ്യമിടുന്നത്. ആഗോളതലത്തിൽ വൻതോതിൽ വളരുന്ന ചെറുകിട ഉപഗ്രഹ വിപണിയെ ലക്ഷ്യമിട്ട് കുറഞ്ഞ ചെലവിൽ ആവശ്യാനുസരണം വിക്ഷേപണസൗകര്യം ഒരുക്കാൻ വിക്രം-1 സഹായിക്കും.
നിലവിൽ 1.1 ബില്യൺ ഡോളറിലധികം മൂല്യമുള്ള സ്കൈറൂട്ടിന് ജിഐസി, ടെമാസെക്, ബ്ലാക്ക് റോക്ക് തുടങ്ങിയ ആഗോള നിക്ഷേപകരുടെ വലിയ പിന്തുണയുണ്ട്. വിക്രം-1 വിക്ഷേപണം വിജയകരമാകുന്നതോടെ ആഗോള ബഹിരാകാശ വിപണിയിൽ മുൻനിര പങ്ക് വഹിക്കാനുള്ള ഇന്ത്യയുടെ സ്വകാര്യ പങ്കാളിത്തത്തിന് പുതിയൊരു കുതിപ്പേകുമെന്നാണ് വിലയിരുത്തൽ
Leave A Comment