ദേശീയം

നോട്ട് നിരോധനത്തിന് പത്ത് വർഷം; പ്രഖ്യാപിത ലക്ഷ്യങ്ങൾ കൈവരിച്ചോ?

ന്യൂഡൽഹി: രാജ്യത്ത് 500, 1000 രൂപ നോട്ടുകൾ നിരോധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പത്ത് വർഷം പൂർത്തിയായി. 2016 നവംബർ എട്ടിന് രാത്രിയാണ് ഒന്നാം നരേന്ദ്ര മോദി സർക്കാരിന്റെ കാലത്ത് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയിലെ 86 ശതമാനം കറൻസി നോട്ടുകൾ പിൻവലിക്കുന്ന തീരുമാനം പ്രഖ്യാപിച്ചത്.

വ്യാജ കറൻസി, അഴിമതി, തീവ്രവാദം, ഹവാല ഇടപാടുകൾ എന്നിവ തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു 500, 1000 രൂപ നോട്ടുകൾ ഒറ്റദിവസം കൊണ്ട് നിരോധിച്ചത്. എന്നാൽ പ്രഖ്യാപിത ലക്ഷ്യങ്ങൾ എത്രത്തോളം കൈവരിക്കാനായി എന്ന കാര്യത്തിൽ ഇന്നും ചോദ്യങ്ങൾ നിലനിൽക്കുന്നു. പ്രഖ്യാപനത്തിന് പിന്നാലെ ബാങ്കുകൾക്കും എ.ടി.എമ്മുകൾക്കും മുന്നിൽ നീണ്ട നിരകൾ രൂപപ്പെട്ടു. നിരോധനത്തിനു ശേഷമുള്ള ആദ്യ ആഴ്ചകൾ സാധാരണക്കാർ ഉൾപ്പെടെയുള്ളവർക്ക് വലിയ ദുരിതത്തിന്റേതായിരുന്നു.

കള്ളപ്പണം ഇല്ലാതാക്കുക എന്നതായിരുന്നു നോട്ട് നിരോധനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്. എന്നാൽ നിരോധിച്ച 500, 1000 രൂപ നോട്ടുകളുടെ 99.3 ശതമാനത്തോളം മൂല്യമുള്ള പണം രണ്ടുവർഷത്തിനുള്ളിൽ ബാങ്കിങ് സംവിധാനത്തിലേക്ക് തിരിച്ചെത്തി. ഇതോടെ നോട്ട് നിരോധനത്തിലൂടെ യഥാർഥത്തിൽ എത്രത്തോളം കള്ളപ്പണം ഇല്ലാതാക്കാനായെന്ന ചോദ്യം ഉയർന്നു.

നിരോധനസമയത്ത് 500, 1000 രൂപ നോട്ടുകളിലായി ആകെ 15.41 ലക്ഷം കോടി രൂപയുടെ കറൻസിയാണ് പ്രചാരത്തിലുണ്ടായിരുന്നത്. ഇതിൽ 15.31 ലക്ഷം കോടി രൂപയുടെ നോട്ടുകളും തിരിച്ചെത്തിയതായി റിസർവ് ബാങ്കിന്റെ 2017-18ലെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുക, വ്യാജ നോട്ടുകൾ വിപണിയിലെത്തുന്നത് തടയുക എന്നിവയും നോട്ട് നിരോധനത്തിന്റെ ലക്ഷ്യങ്ങളായി വിശദീകരിക്കപ്പെട്ടിരുന്നു. എന്നാൽ പൊതുജനങ്ങളുടെ കൈവശമുള്ള കറൻസിയുടെ അനുപാതത്തിൽ വലിയ മാറ്റമുണ്ടായിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2015-16ൽ 11.9 ശതമാനമായിരുന്ന ഈ നിരക്ക് 2026ലെ കണക്കിൽ 12.1 ശതമാനമാണ്.

അതേസമയം, നോട്ട് നിരോധനത്തിനു ശേഷവും വ്യാജ 500 രൂപ നോട്ടുകൾ കണ്ടെത്തുന്നത് വർധിച്ചതായാണ് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. 2016-17ൽ പുതിയ 500 രൂപ നോട്ടുകൾ അവതരിപ്പിച്ച സമയത്ത് ഒരു കോടി നോട്ടുകളിൽ 0.3 വ്യാജ നോട്ടുകളായിരുന്നു കണ്ടെത്തിയിരുന്നത്. എന്നാൽ 2025-26ൽ ഒരു കോടി നോട്ടുകളിൽ 20.1 വ്യാജ നോട്ടുകൾ കണ്ടെത്തിയെന്നാണ് കണക്ക്.

നോട്ട് നിരോധനത്തിന്റെ പത്ത് വർഷം പിന്നിടുമ്പോൾ, പ്രഖ്യാപിച്ച ലക്ഷ്യങ്ങളും രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലുണ്ടായ മാറ്റങ്ങളും വീണ്ടും ചർച്ചയാകുകയാണ്.

Leave A Comment