അമ്പിളിക്കരികെ ആര്‍ട്ടെമിസ് 2; നിർണായക ഘട്ടം കടന്ന് യാത്ര
വാഷിംഗ്ടൺ ഡിസി: ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2 ദൗത്യം. നാല് ബഹിരാകാശ സഞ്ചാരികളെ വഹിക്കുന്ന ഓറിയോണ്‍ ബഹിരാകാശ പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് യാത്ര തുടങ്ങി.
ഭൗമ പരിക്രമണപഥം വിടാനായി പേടകത്തിലെ എഞ്ചിനുകൾ പ്രവർത്തിപ്പിച്ചു ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ ബേണ്‍ പൂര്‍ത്തിയായതായി നാസ വ്യക്തമാക്കി. ഇന്ത്യൻ സമയം പുലർച്ചെ 5:19നായിരുന്നു ടിഎൽഐ ജ്വലനം. അഞ്ച് മിനിറ്റും അമ്പത് സെക്കൻഡുമെടുത്താണ് പ്രക്രിയ പൂർത്തിയാക്കിയത്.
ദൗത്യത്തിന്റെ അഞ്ചാം ദിനമാണ് ചാന്ദ്ര ആകർഷണ വലയത്തിൽ പ്രവേശിക്കുക. ഇതിനിടെ നാലംഗ സംഘം ആദ്യമായി ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യുകയും ചെയ്തു. അമേരിക്കൻ മാധ്യമങ്ങളുമായി അര മണിക്കൂറോളം സംസാരിച്ച സംഘം ദൗത്യപുരോഗതി പങ്കുവച്ചു.
54 വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യനെ ചന്ദ്രനുചുറ്റും എത്തിക്കാൻ നാസ നടത്തുന്ന ചരിത്രപരമായ ദൗത്യമാണ് ആർട്ടിമിസ് 2. നാല് പേരെ വഹിച്ച് എസ്എൽഎസ് റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് കുതിച്ചുയർന്നത്.
മിഷൻ കമാൻഡർ നാസയുടെ റെയ്ഡ് വൈസ്മാൻ, മിഷൻ പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റുകളായ നാസയുടെ ക്രിസ്റ്റീന കോച്ച്, കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ ജെറെമി ഹാൻസൻ എന്നിവരാണ് പേടകത്തിലുള്ളത്.
ഏകദേശം 22 ലക്ഷം കിലോമീറ്റർ ആർട്ടെമിസ് 2 സംഘം യാത്ര ചെയ്യും. ഓറിയൺ പേടകത്തിലുള്ള പ്രത്യേക ഭക്ഷണമാണ് യാത്രികർ കഴിക്കുക. ആവശ്യത്തിനു വെള്ളവും ഓക്സിജനും പേടകത്തിൽ സംഭരിച്ചിട്ടുണ്ട്. യാത്രികർക്കായി നാല് സ്വകാര്യ അറകളും പൊതുവായി ഒരു ചെറിയ ശുചിമുറിയും പേടകത്തിലുണ്ട്.
രണ്ടു വർഷത്തിനകം ആർട്ടെമിസ് 3 ദൗത്യത്തിലൂടെ ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനാണ് നാസ ലക്ഷ്യമിടുന്നത്. അന്ന് മനുഷ്യർക്ക് സുരക്ഷിതമായ സഞ്ചാരപാതയും സൗകര്യവും ഒരുക്കുക എന്നതാണ് ആര്‍ട്ടെമിസ് 2 ദൗത്യത്തിന്റെ ലക്ഷ്യം.
ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ തകരാറിലായാല്‍ ഉപയോഗിക്കുന്ന മാന്വല്‍ പൈലറ്റിങ് സംവിധാനം, പുതിയ ലേസര്‍ കമ്മ്യൂണിക്കേഷന്‍ സംവിധാനം അടക്കം സഞ്ചാരികള്‍ പരീക്ഷിക്കും. തുടര്‍ന്ന് ബഹിരാകാശ കിരണങ്ങള്‍ എങ്ങനെ സഞ്ചാരികളെ ബാധിക്കുമെന്ന വൈദ്യശാസ്ത്ര പഠനത്തിന് സഞ്ചാരികള്‍ സ്വയം വിധേയരാകും. ഭൂമിയിലേക്ക് തിരിക്കും മുന്‍പ് ഒരു തവണ ചന്ദ്രനെ ഓറിയോണ്‍ പേടകം വലംവയ്ക്കും. ഏപ്രില്‍ പത്തോടെ സംഘം തിരിച്ചെത്തും.
Leave A Comment