ചൈൽഡ്ലൈൻ പ്രവർത്തകരെ ആക്രമിച്ചു; കൗമാരക്കാരിയുമായി യുവാവ് കടന്നു
തൃശൂർ: സംശയാസ്പദമായ സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷനിൽ കണ്ട പെൺകുട്ടിയോട് കാര്യങ്ങൾ ചോദിച്ച് കൊണ്ടിരുന്ന ചൈൽഡ്ലൈൻ പ്രവർത്തകർക്ക് നേരെ യുവാവിന്റെ ബിയർ കുപ്പി ആക്രമണം. പെൺകുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി ട്രെയിനിൽ ചാടിക്കയറി സ്ഥലംവിടാനും ഇയാൾ ശ്രമിച്ചു.ഇന്ന് ഉച്ചയോടെ തൃശൂർ റെയിൽവേ സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങളുണ്ടായത്. ഒരു യുവാവിനൊപ്പം സ്റ്റേഷനിൽ ചുറ്റിത്തിരിയുന്ന ഛത്തീസ്ഗഡ് സ്വദേശിനിയായ പെൺകുട്ടിയെ ചൈൽഡ്ലൈൻ പ്രവർത്തകർ ചോദ്യം ചെയ്യാനായി സ്റ്റേഷനിലെ അവരുടെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു.
വിവരങ്ങൾ ചോദിച്ചറിയുന്നതിനിടെ, പെൺകുട്ടിയുടെ ഒപ്പമുണ്ടായിരുന്ന യുവാവ് ചൈൽഡ്ലൈൻ പ്രവർത്തകരുടെ കഴുത്തിൽ പൊട്ടിയ ബിയർ കുപ്പി വച്ച് ഭീഷണിപ്പെടുത്തി. തുടർന്ന് പെൺകുട്ടിയെയും വിളിച്ചുകൊണ്ട് ഇയാൾ സ്റ്റേഷനിൽ നിന്നും നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറി.
എന്നാൽ മറ്റ് യാത്രികർ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയതോടെ ഇരുവരും സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. ഇവർക്കായി തെരച്ചിൽ ആരംഭിച്ചതായി ആർപിഎഫ് അറിയിച്ചു.

Leave A Comment