ജില്ലാ വാർത്ത

നിർത്തിയിട്ട കാറിനുള്ളിൽ യുവാവിന്റെ മൃതദേഹം; ദുരൂഹതയെന്ന് ബന്ധുക്കൾ; അന്വേഷണം

ഇടുക്കി: ഏലപ്പാറയില്‍ യുവാവിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഏലപ്പാറ തണ്ണിക്കാനം പുത്തന്‍പുരയ്ക്കല്‍ ഷക്കീര്‍ ഹുസൈനാണ് (36) മരിച്ചത്. ഞായറാഴ്ച പുലർച്ചെ ഏലപ്പാറ ടൗണിന് സമീപം വാഗമണ്‍ റോഡില്‍ ബിവറേജസ് ഔട്‌ലറ്റിന്‌ സമീപത്തെ റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പീരുമേട് പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. യുവാവിന്റെ മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിച്ചു.

ഏലപ്പാറയില്‍ മത്സ്യവാപാരം നടത്തിവന്നിരുന്ന ആളാണ് ഷക്കീർ ഹുസൈൻ. ഇദ്ദേഹത്തെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ രാത്രിയില്‍ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിനൊടുവിലാണ് കാറ് കണ്ടെത്തിയത്. കാറിന്റെ പിന്‍ സീറ്റില്‍ ഡോര്‍ തുറന്ന നിലയിലായിരുന്നു മൃതദേഹമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് പീരുമേട് പോലീസില്‍ ഇവര്‍ വിവരമറിയിച്ചു.പീരുമേട് ഡിവൈഎസ്പി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

Leave A Comment