വാല്‍ക്കണ്ണാടി

കോട്ടക്കൽ സെന്റ് തെരേസാസ് ആശ്രമം

വാൽക്കണ്ണാടി 

രിത്രവും ആത്മീയ വിശുദ്ധിയുമായി  പുണ്യ പൂരിതമായ സംഗമ സ്ഥാനമാണ്  മാളയിലെ സെന്റ് തെരേസാസ് ആശ്രമം. കേരള കർമ്മലീത്താ സഭയുടെ ആത്മാവും ശരീരവുമായിരുന്ന വിശുദ്ധ ചാവറ കുര്യാക്കോസച്ചൻ ഇ മണ്ണിൽ 1869 -ൽ കാലൂന്നിയപ്പോൾ ഇവിടം ഒരു പുണ്യ  ഭൂമിയായിതീർന്നു. വിശുദ്ധ ചാവറ കുര്യാക്കോസച്ചനാണ് സി എം ഐ സഭയുടെ ഈ വൈദികാശ്രമം സ്ഥാപിച്ചത്. 

ക്രാന്ത ദർശിയായ നവോഥാന നായകൻ

സെന്റ് തെരേസാസ് ആശ്രമത്തിന്റെ ശിലാസ്ഥാപനം 1869 ഒക്ടോബർ 20 നാണ് നടന്നത്. കാലത്തിനു മായ്ക്കാൻ കഴിയാത്ത പ്രവൃത്തികളിലൂടെ മഹത്വം തെളിയിച്ച വ്യക്തിത്വമാണ് ചാവറയച്ചന്റേത്. 



പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ സമൂഹത്തിൽ അശരണർക്കും സ്ത്രീകൾക്കും വിദ്യാഭ്യാസത്തിലൂടെ മാത്രമേ മുന്നേറാനാകൂ എന്ന് തിരിച്ചറിഞ്ഞ ക്രാന്ത ദർശിയായ ഈ നവോഥാന നായകൻ ആശ്രമ നിർമ്മാണ വേളകളിൽ  പല പ്രാവശ്യം മാളയിൽ എത്തിയിരുന്നു. ആദ്യ സന്ദർശന വേളയിൽ തന്നെ ലൈയോ പ്പേൾട്ട്  മുപ്പച്ചനും വൈദ്യ ശാസ്ത്ര പടുവായ ബ്രദർ നിക്കാവോസും കൂടെയുണ്ടായിരുന്നു. 

പനമ്പ് കൊണ്ടുള്ള ഒരു ചെറിയ കൂരയിൽ ആയിരുന്നു താമസം. ആദ്യ പ്രവർത്തനം മാള യിൽ നിന്നും പടനായർ കോട്ടപ്പറമ്പിലേക്ക് ഒരു വഴി വെട്ടുകയായിരുന്നു. നാട്ടുകാരായ ക്രിസ്ത്യാനികളുടെ സഹായത്തോടെ അത് സാധ്യമാക്കിയെങ്കിലും ഇതിന്റെ പേരിൽ കുറെ ലഹളകളൊക്കെ സ്വാഭാവിക നിലയിൽ ഉണ്ടായിരുന്നുവെന്നതും ശരിയാണ്. 

ഈ റോഡിന്റെ വികസിത രൂപമാണ് മാള വെണ്ണൂർ അന്നമനട റോഡ്. എന്നാൽ ആശ്രമ നിർമ്മാണ പൂർത്തീകരണത്തിന്‌  മുമ്പായി തന്നെ സ്ഥല ദാതാവായ കണിച്ചായി  ഇട്ടൂപ്പ് മരണമടഞ്ഞു. തിരുവിതാംകൂർ കൊച്ചി സംസ്‌ഥാനങ്ങളുടെ അധിപനായിരുന്ന തമ്പുരാനുമായി കണിച്ചായി  ഇട്ടൂപ്പിന് നല്ല ബന്ധമുണ്ടായിരുന്നു. 

പക്ഷെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. രാജാവിനെ കാണാൻ പോയി തിരിച്ചു വരുന്നത് വഴി ആദ്യ കാല ബ്രിട്ടീഷ് താവളമായിരുന്ന അഞ്ചു തെങ്ങിൽ വച്ച് വെടിയേറ്റാണ് അദ്ദേഹം മരിച്ചത്. ആശ്രമ പിതാവായും ശില്പിയായും പ്രകീർത്തിക്കപ്പെട്ട ചാവറയച്ചൻ 1871 ജനുവരി മൂന്നാം ത്തിയത് ആയിരങ്ങളുടെ കണ്ഠനാഥങ്ങളിലൂടെ ഉയർന്ന് പ്രാർത്ഥനാ ശബ്ദങ്ങളുടെ ഓളങ്ങളിൽ ഈ ലോകത്തോട് വിട ചൊല്ലി പിരിഞ്ഞു. 




സന്യാസ സഭാ സ്ഥാപകനും ഭരണാധിപനും സാധു ജന സംരക്ഷകനും സാമൂഹിക പരിഷ്കർത്താവും വാഗ്മിയും സാഹിത്യ നിപുണനുമായിരുന്ന ചാവറയച്ചൻ ലോകത്തെമ്പാടും മലയാളിക്ക് സ്വാധീനമുറപ്പിക്കാവുന്ന ഇഗ്ലീഷ് ഭാഷാ പ്രചാരകൻ ആയിരുന്നെങ്കിലും മലയാളം, തമിഴ്, സംസ്‌കൃതം, സുറിയാനി, ലത്തീൻ, പോർച്ചുഗീസ്, ഇറ്റാലിയൻ ഭാഷകളിൽ സാഹിത്യ രചനകൾ നടത്തിയെന്നത് ചരിത്ര സത്യം മാത്രം. ചാവറയച്ചൻ അനേകം കാവ്യ കൃതികളും ഗദ്യ കൃതികളും രചിച്ചിട്ടുണ്ട്. 
 
ആരാധനാനുഷ്ടാനങ്ങളുടെ തീർത്ഥാടന കേന്ദ്രം  

രു കാലത്ത് കേരളത്തിലെ നാൽപ്പത് മണിക്കൂർ ആരാധനയുടെ മൂർത്തി ഭാവം കൊണ്ട് പ്രസിദ്ധമായിരുന്നു ഇവിടം. അന്യ ദേശങ്ങളിലായിരിക്കുന്ന സ്ഥല വിശ്വാസികൾ നാനാ ജാതി വ്യത്യാസം കൂടാതെ ക്രിസ്തുമസിനു മുൻപായി ഡിസംബർ ആദ്യ വാരത്തിൽ നടക്കുന്ന ഈ ത്രിദിന ആരാധനയിൽ പങ്കെടുക്കുവാൻ എത്തിച്ചേരും. ആരാധനാനുഷ്ടാനങ്ങളുടെ ഒരു തീർത്ഥാടന കേന്ദ്രമായി ഈ ആശ്രമ ദേവാലയം അറിയപ്പെടുകയും ചെയ്തു. 



തദ്ദേശീയരുടെ ബന്ധു മിത്രാദികൾ കാളവണ്ടിയിൽ കൂടിയും കാല്നടയായും നേരത്തെ എത്തിച്ചേർന്ന് താമസ സ്ഥലവും മറ്റും ഉറപ്പാക്കുന്ന പതിവ് സാധാരണമാണ് .കോട്ടമുറി ജങ്ഷൻ മുതൽ ആശ്രമ ദേവാലയം വരെ ആരാധനാ ദിനങ്ങളിൽ ജനനിബിഡത കൊണ്ട് ശ്രദ്ധേയമായിരുന്നു. 

നാനാജാതി മതസ്ഥരുടെ സാന്നിധ്യം കൊണ്ടും ഭിക്ഷാടകരുടെ കൂട്ടത്തോടെയുള്ള കടന്നു വരവു കൊണ്ടും കച്ചവടക്കാരുടെ ബാഹുല്യം കൊണ്ടും ആകർഷക പുണ്യ പൂരിത ഭൂമിയായിരുന്ന ഇവിടെ ഇപ്പോൾ പഴയ പ്രതാപമൊന്നും കാണാൻ കഴിയില്ല. നാൽപ്പത് മണിക്കൂർ ആരാധന പ്രദേശിക തലത്തിൽ സ്ഥാപിച്ചതോടെയാണ് ഈ പ്രതാപത്തിന് ഇടിവുണ്ടായത്. എങ്കിലും ആർഭാടങ്ങൾ ഇല്ലാതെ തന്നെ ഇന്നും കൊല്ലം തോറുമുള്ള ഡിസംബർ ആദ്യ വാരത്തിൽ ഈ ആചാരാനുഷ്ഠാനങ്ങൾ നടത്തിപ്പോരുന്നുണ്ട്. 

കൊവേന്ത എന്നു കൂടി അറിയപ്പെടുന്നു 

ദൈവ ദാസൻ ഫാദർ കനീസ്യൂസ് തെക്കേക്കരയുടെ കബറിടം കോട്ടയ്ക്കൽ സെന്റ് തെരേസാസ് ആശ്രമത്തിലാണ് കുടി കൊള്ളുന്നത്. മാളയുടെ ക്രൈസ്തവ വിശ്വാസത്തിന്റെ പ്രൗഢിയുടെ പ്രതീകമെന്നോണം ആശ്രമ ദേവാലയത്തിന്റെ നേതൃത്വത്തിൽ കോട്ടമുറി ജങ്ഷനിൽ ഉള്ള ക്രിസ്തുരാജ നഗറിൽ ആണ്ടു തോറും നടത്താറുള്ള ക്രിസ്തുരാജൻ്റെ തിരുനാളായ പ്രദേശികോത്സവം പ്രസിദ്ധമായിരുന്നു. നെടുങ്കോട്ടയുടെ മുകളിലിരുന്ന് ചടങ്ങുകൾ വീക്ഷിക്കുന്ന നാനാജാതി മതസ്ഥരും ഈ ആഘോഷ വേലയെ നെഞ്ചിലേറ്റിയിരുന്നു.


ക്രൈസ്തവ കേന്ദ്രമായിരുന്നുവെങ്കിലും ഈ നാട്ടിലെ നാനാ ജാതിക്കാരായ പാവങ്ങളുടെ ഒരു അത്താണി കൂടിയായിരുന്നു കൊവേന്ത എന്നു കൂടി അറിയപ്പെടുന്ന ഈ ദേവാലയം വീടുണ്ടാക്കൽ, വിദ്യാഭ്യാസ സഹായം, ചികിത്സ സാഹായം, അന്നദാനം,  എന്നിവയെല്ലാം ഇവിടത്തെ പ്രത്യേകതകൾ തന്നെ ആയിരുന്നു. ഭൂസ്വത്ത് കൊണ്ടും  സമ്പത്ത് കൊണ്ടും ധന്യമായിരുന്ന ആശ്രമം ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. ഒരു ജനകീയ ഭരണകൂടം ചെയ്ത് തീർക്കേണ്ട പല കാര്യങ്ങളും സ്വന്തമായി ചെയ്തതിന്റെ അവശേഷിപ്പുകൾ ഇന്നും ദൃശ്യമാണ്. 

 ആശ്രമത്തിന്റെ സേവനങ്ങൾ 
മാളയിലെ സർക്കാർ ആശുപത്രിക്ക് ആവശ്യമായ എല്ലാ ഭൂമിയും ദാനം നൽകുകയും ആശുപത്രിക്കാവശ്യമായ എല്ലാ കെട്ടിടങ്ങളും  നിർമ്മിച്ച് സർക്കാരിനെ ഏൽപ്പിക്കുകയും ചെയ്തു. ആശുപത്രിക്കരികിൽ തന്നെ അഞ്ചലാഫീസിന് ആവശ്യമായ സ്ഥലവും കെട്ടിടവും നൽകിയത് ഈ ആശ്രമ ദേവാലയമാണ്. 

മാളയിൽ ഒരു പോലീസ് സ്റ്റേഷൻ ഉണ്ടായിരുന്നില്ല. കുഴൂരിലാണ് മുമ്പുണ്ടായിരുന്നത് സ്വന്തം സ്ഥലം അതിനായി നീക്കി വച്ച് കെട്ടിടവും  പൂർത്തീകരിച്ച്  നൽകിയതും മറ്റൊരു സേവനമാണ്. ആശ്രമം നൽകിയ സ്ഥലത്ത് ഇപ്പോഴും പോലീസ് സ്റ്റേഷൻ  നില കൊള്ളുന്നു. 

ചാവറ പിതാവിന്റെ ആഗ്രഹമനുസരിച്ചാണ് പെൺകുട്ടികൾക്കായി ഒരു വിദ്യാഭ്യാസ സ്ഥാപനവും അത് നടത്തിക്കൊണ്ട് പോകാൻ ഒരു സന്യാസിനി മഠവും  ആശുപത്രിക്ക് തൊട്ടു പടിഞ്ഞാറു തന്നെ സ്ഥാപിക്കുവാൻ ഇവർ തയാറായത്. ഇത് അന്നത്തെ സൊക്കോർസോ ഹയർസെക്കൻഡറി  സ്‌കൂളായി എയ്‌ഡഡ്‌ മേഖലയിൽ ഒരു അത്താണിയായി പരിലസിച്ചു നിൽക്കുന്നു. 



കോട്ടക്കൽ ആശ്രമത്തിന്റെ തൊട്ട് പടിഞ്ഞാറ് ഭാഗത്ത് സ്വന്തം സ്ഥലം നൽകി ഒരു മിനി വ്യവസായ എസ്റ്റേറ്റ് സ്ഥാപിക്കുകയും ചെയ്തു. ഇരുപതോളം വ്യവസായ യൂണിറ്റുകൾ ഇവിടെ പ്രവർത്തനമാരംഭിച്ചു. സിഎംഐ സഭയുടെ സന്യാസ പരിശീലന കേന്ദ്രമായി ഇപ്പോഴും സെന്റ് തെരേസാസ് ആശ്രമം പരിപാലിക്കപ്പെട്ടുവരുന്നു. കൂടാതെ വിവിധ യൂണിവേഴ്‌സിറ്റി കോളേജുകളും തൊഴിലധിഷ്ഠിത വിദ്യഭ്യാസ പരിശീലന കേന്ദ്രമായും  ആശ്രമ ദേവാലയം  മുന്നോട്ട് പോകുന്നു.
 


ഈ പുണ്യാശ്രമം മനുഷ്യ സേവനം കൊണ്ട് ജനഹൃദയങ്ങളിൽ ആഴ്ന്നിറങ്ങിയ വിശ്വാസ ദീപ്തി പരത്തുന്നു. ഈ സ്ഥാപനത്തെ തദ്ദേശീയരായ നാനാജാതി മതസ്ഥർ അവരുടെ സ്വന്തം ആശാ കേന്ദ്രമായിപ്പോലും സ്നേഹിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ആശ്രമ ദേവാലയത്തിൽ വിശുദ്ധ 'അമ്മ ത്രേസ്യ'യുടെ തിരുനാൾ വിപുലമായി ആഘോഷിച്ചു പോരുന്നു.

തയ്യാറാക്കിയത് - സുരേഷ് അന്നമനട

Leave A Comment